Connect with us

Kozhikode

ഒളിമ്പിക്‌സ് സ്വപ്‌നവുമായി റോബിന്‍ നാട്ടില്‍ തിരിച്ചെത്തി

Published

|

Last Updated

താമരശ്ശേരി: ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ പുതുപ്പാടി സ്വദേശി റോബിന്‍ പി ഉലഹന്നാന്‍ ഒളിമ്പിക്‌സ് സ്വപ്‌നവുമായി നാട്ടില്‍ തിരിച്ചെത്തി. ഉത്തര കൊറിയയിലെ ഇഞ്ചോണില്‍ നിന്ന് സൈനിക ആസ്ഥാനമായ ബംഗളൂരുവിലെത്തിയ ശേഷമാണ് റോബിന്‍ നാട്ടിലേക്ക് തിരിച്ചത്.
കുഗ്രാമമായ കുപ്പായക്കോട്ടെ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ഇന്ത്യന്‍ മിലിട്ടറിയിലെത്തിയത് നാട്ടുകാരുടെയും കുടുംബത്തിന്റെയും പിന്തുണയോടെയാണെന്ന് റോബിന്‍ പറഞ്ഞു. ബംഗളൂരുവിലെ എം ഇ ജിയില്‍ നായക് സുബേദാറായി സേവനം ചെയ്യുന്ന റോബിന്‍ നാല്‍പത് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. പഠനകാലത്തൊന്നും തുഴച്ചിലില്‍ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും മിലിട്ടറിയില്‍ സേവനം ആരംഭിച്ചതോടെ തുഴച്ചില്‍ പരിശീലനം ആരംഭിച്ചു. പിന്നീടുള്ളത് വിജയത്തിന്റെ ദിനങ്ങളായിരുന്നു. 2010ല്‍ ഭോപാലിലും 2011ല്‍ ഝാര്‍ഖണ്ഡിലും 2012ല്‍ ഹൈദരാബാദിലും നടന്ന ദേശീയ ഗെയിസുകളില്‍ വെള്ളി മെഡല്‍. 2013ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും വെള്ളി നേടി. ഈ വര്‍ഷം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ഉയരങ്ങളിലേക്ക് തുഴഞ്ഞുകയറാനാണ് റോബിന്റെ തീരുമാനം.
ഹൈദരാബാദിലെ റോവിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഇസ്മാഈല്‍ ബാഗിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. 2016 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി തുഴഞ്ഞ് മെഡല്‍ നേടാനായി പരിശീലനം തുടരും. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലും തുഴയെടുക്കണം. പരിശീലനത്തിന് വലിയ ചെലവ് വരുമെന്നതിനാല്‍ ഈ മേഖലയിലേക്ക് യുവ താരങ്ങള്‍ കടന്നുവരുന്നില്ലെന്ന് റോബിന്‍ പറഞ്ഞു. കേരളത്തില്‍ റോവിഗ് പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും റോബിന്‍ പറയുന്നു.