Connect with us

Malappuram

ഓട്ടോകള്‍ അമിത നിരക്ക് ഈടാക്കുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: ഓട്ടോറിക്ഷകളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ള ഉത്തരവ് ഇറങ്ങും മുമ്പ് ഓട്ടോറിക്ഷകള്‍ യാത്രക്കാരില്‍ നിന്നും യാത്രക്കാരെ പിഴിയും വിധം ചാര്‍ജ് ഈടാക്കി തുടങ്ങി.
സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ലാത്തതിനാല്‍ മിക്ക യാത്രക്കാര്‍ക്കും യാത്രാകൂലി എത്രയാണെന്ന് അറിയില്ല. ഈ മാസം ഒന്ന് മുതല്‍ ഓട്ടോറിക്ഷ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല. നിലവില്‍ ഒന്നേകാല്‍ കിലോമീറ്ററിന് മിനിമം ചാര്‍ജ് 15 രൂപയായിരുന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് 20 രൂപയാണ്. അതേ സമയം ഇത് ഒന്നര കിലോമീറ്ററാണ്. ഈ കാര്യം ഒട്ടുമിക്ക യാത്രക്കാര്‍ക്കും അറിയാത്തതുകൊണ്ട് തന്നെയാവാം ഓട്ടോറിക്ഷക്കാര്‍ ഒന്നേകാല്‍ കിലോമീറ്ററിന് 20 രൂപ ഈടാക്കുന്നത്. സര്‍വീസ് നടത്തി വരുന്ന ഓട്ടോറിക്ഷകളില്‍ മീറ്ററുകളുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നില്ല. വര്‍ഷത്തിലൊരിക്കല്‍ ബ്രേക്കിനായി വാഹനം ആര്‍ ടി ഒ ഓഫീസില്‍ എത്തിക്കുമ്പോള്‍ മാത്രമേ അത് പ്രവര്‍ത്തിക്കുകയുള്ളൂ. മീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഈ കഴുത്തറപ്പന്‍ ചാര്‍ജില്‍ നിന്നും രക്ഷപ്പെടാമായിരുന്നു. പെരിന്തല്‍മണ്ണ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ മുന്‍കാലങ്ങളില്‍ മീറ്ററുകള്‍ ഘടിപ്പിക്കാതിരിക്കാന്‍ ഇക്കൂട്ടര്‍ കാരണമായി പറഞ്ഞിരുന്നത്.
എന്നാല്‍ ആ സ്ഥിതിയെല്ലാം മാറ്റം വന്ന സ്ഥിതിക്ക് മീറ്ററുകള്‍ നിര്‍ബന്ധമായും ഘടിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. മീറ്ററുകള്‍ ഘടിപ്പിച്ചാല്‍ എത്ര ദൂരം യാത്രം ചെയ്‌തെന്ന് യാത്രക്കാര്‍ക്ക് അറിയാനാകും. കൂലി സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാകില്ല. കൂലി സംബന്ധിച്ച് ഇപ്പോള്‍ സ്ഥിരം പ്രശ്‌നങ്ങളുണ്ടായികൊണ്ടിരിക്കുകയാണ്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മിനിമം ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത് 35 രൂപയാണ്. അതുപോലെ പെരിന്തല്‍മണ്ണ നഴ്‌സിംഗ് ഹോമിനടുത്ത് നിന്നും അങ്ങാടിപ്പുറം സെന്‍ട്രല്‍ തിയറ്റര്‍ വരെ 40 രൂപയും ഇത്തരത്തില്‍ ചാര്‍ജ് ഈടാക്കുന്നത് ചോദ്യം ചെയ്താല്‍ നിരക്ക് വര്‍ധിപ്പിച്ചത് നിങ്ങളറിഞ്ഞില്ലേ എന്നതാണ് മറുപടി. കൂലി മുന്‍കൂട്ടി ചോദിച്ചതിന് ശേഷം യാത്ര ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ യാത്രക്കാര്‍ എടുത്തിട്ടുള്ളത്.