Connect with us

International

ഇഗോളയില്‍ അധ്യാപക സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ കുഴിമാടം കണ്ടെത്തി

Published

|

Last Updated

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അധ്യാപക സമരത്തില്‍ പങ്കാളികളായതിന് കൂട്ടക്കുരുതി നടത്തിയ 28 വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഗുറേറോ പ്രവിശ്യയില്‍ നിന്ന് കാണാതായ 43 വിദ്യാര്‍ഥികളില്‍ പെട്ടവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ രണ്ട് മാസമെടുക്കുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ഇനാകി ബ്ലാന്‍കോ പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് മെക്‌സിക്കോയിലെ ഇഗോളയില്‍ അധ്യാപകരുടെ അവകാശങ്ങള്‍ക്കായി പോരാടിയ വിദ്യാര്‍ഥികള്‍ പോലീസുമായി ഏറ്റുമുട്ടിയത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇവരെ കുറിച്ച് പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് കൂട്ടുക്കുരുതി നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് 22 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഴിമാടം കണ്ടെത്തിയത്. ഗുറേറോ പ്രവിശ്യയിലെ മലഞ്ചെരുവിലുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഒരു കുഴിലാക്കി ഡീസല്‍ ഉപയോഗിച്ച് കത്തിച്ച ശേഷം മുകളില്‍ മരത്തടിയും മറ്റുമിട്ട് മൂടുകയായിരുന്നുവെന്ന് പ്രവിശ്യാ പ്രോസിക്യൂട്ടര്‍ ഇനാകി ബ്ലാങ്കോ പറഞ്ഞു.
കാണാതായ വിദ്യാര്‍ഥികളെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവിശ്യയില്‍ രണ്ടായിരം പേര്‍ പങ്കെടുത്ത വന്‍പ്രക്ഷോഭം അരങ്ങേറിയിരുന്നു. സംഭവത്തില്‍ പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി കണ്ടെത്തിയ മെക്‌സിക്കോ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തിയിരുന്നു. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ ഗുറേറോ പ്രവിശ്യയിലെ കുത്തഴിഞ്ഞ അവസ്ഥയാണ് സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. പ്രവിശ്യയിലെ പോലീസ്- ഗുണ്ടാ കൂട്ടുകെട്ടാണ് സംഭവത്തിന് പിന്നിലെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ഇഗോള മേയര്‍ ജോസ് ലൂയിസ് അല്‍ബര്‍ക്കും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാററന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Latest