Connect with us

Gulf

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി ; ഹാജിമാര്‍ മിനായോടു വിട ചൊല്ലുന്നു

Published

|

Last Updated

haram1മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ ശുഭകരമായി പര്യവസാനിച്ചു. ഹജ്ജിന്റെ ത്വവാഫ് നിര്‍വ്വഹിച്ച തീര്‍ഥാടകര്‍ മക്കയില്‍ നിന്ന് മിനായിലെ തമ്പുകളിലേക്കു തന്നെ മടങ്ങിയെത്തി. ബലികര്‍മ്മം നടത്തുന്നതിന് മിനായിലെ അല്‍മുഅയ്‌സിമില്‍ സ്ഥാപിച്ച രണ്ടേകാല്‍ ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാല ഹാജിമാര്‍ പരമാവധി ഉപയോഗപ്പെടുത്തി. ബലികര്‍മ്മത്തിനുള്ള കൂപ്പണുകള്‍ മിനായില്‍ വിവിധ സ്റ്റാളുകളില്‍ ലഭ്യമായിരുന്നത് ഹാജിമാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടു.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് കല്ലെറിയല്‍ കര്‍മ്മത്തിനായി വീണ്ടും ജംറകളിലെത്തിയ ഹാജിമാര്‍ മൂന്നു ജംറകളിലും ഏഴു വീതം ഏറുകള്‍ പൂര്‍ത്തിയാക്കി. അതിനിടെ ഞായറാഴ്ച വൈകുന്നേരം മിനായിലും പരിസരങ്ങളിലും ലഭിച്ച നേര്‍ത്ത മഴ ഹാജിമാര്‍ക്ക് കുളിരു പകര്‍ന്നു. ഇന്നലെയും ഇന്നുമായി ജംറകളിലെ കല്ലേറു പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായി. തിങ്കളാഴ്ച കല്ലെറിയല്‍ കര്‍മ്മം പൂര്‍ത്തിയാക്കി സന്ധ്യക്കു മുമ്പായി പകുതിയോളം പേര്‍ മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ ഏറു പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോടു വിട ചൊല്ലും.

മിനായിലെ തമ്പുകളില്‍ നിന്ന് മക്കയിലെ താമസ സ്ഥലത്തേക്ക് പോകുന്ന ഹാജിമാര്‍ ഇന്നു രാത്രി മുതല്‍ തന്നെ സ്വന്തം ദേശങ്ങളിലേക്ക് മടക്കയാത്ര തുടങ്ങും. പാപമുക്തി നേടി സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ജന്‍മം സഫലമായ നിര്‍വൃതിയിലായിരിക്കും ഹാജിമാര്‍ യാത്രയാവുന്നത്. ഹജ്ജിനു മുമ്പ് പ്രവാചക നഗരി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ മദീനയിലേക്കു യാത്ര തിരിക്കും. മടക്കയാത്രക്കു മുമ്പായി ഒരിക്കല്‍ കൂടി കഅബാലയത്തിലെത്തി “വിടവാങ്ങല്‍ ത്വവാഫ്”നിര്‍വ്വഹിക്കും. മക്കയോടും പരിശുദ്ധ ഹറമിനോടും യാത്ര പറയുമ്പോഴെല്ലാം “വിദാഇന്റെ ത്വവാഫ്” നിര്‍ബന്ധമാണ്.

ഈ വര്‍ഷം മൊത്തം ഇരുപത്തി രണ്ട് ലക്ഷത്തോളം പേര്‍ ഹജ്ജ് ചെയ്തതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജിനെത്തിയ പതിനായിരക്കണ
ക്കിനു പേരെ സുരക്ഷാ വിഭാഗം ചെക് പോയന്റുകളില്‍ നിന്ന് മടക്കി അയച്ചിരുന്നു. ഹറമില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇക്കൊല്ലം എല്ലാ രാജ്യങ്ങളില്‍ നിന്നും തീര്‍ഥാടകരുടെ എണ്ണം ഇരുപത് ശതമാനം വീതം കുറച്ചിരുന്നു.

വിവിധ മലയാളി കൂട്ടായ്മകളുടെ കീഴില്‍ അയ്യായിരത്തിലധികം വളണ്ടിയര്‍മാര്‍ മിനായില്‍ സജീവ സാന്നിദ്ധ്യമറിയിച്ചു. വഴിതെറ്റിയ തീര്‍ഥാടകരെ തമ്പുകളിലെത്തിക്കുന്നതിനും, അവശരായ തീര്‍ഥാടകരെ സഹായിക്കുന്നതിനും രാപ്പകല്‍ ഭേദമില്ലാതെ സേവന നിരതരായ അവര്‍ ഏവരുടേയും മുക്തകണ്ഠപ്രശംസ പിടിച്ചു പറ്റിയിരുന്നു.

 

 

 

Latest