Connect with us

Kasargod

ഇടിമിന്നലില്‍ വ്യാപകനാശം

Published

|

Last Updated

കാസര്‍കോട്: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഇടിമിന്നലില്‍ ജില്ലയുടെ പലഭാഗത്തും വ്യാപകനാശം. ഇടിമിന്നലില്‍ മലയോരത്താണ് വ്യാപക നാശം നേരിട്ടത്. ശക്തമായ മിന്നലില്‍ കമ്പ്യൂട്ടറും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.

ചെമനാട് കൊമ്പനടുക്കത്ത് വീടിന്റെ അടുക്കള ഭാഗം മിന്നലേറ്റ് തകര്‍ന്നു. സമീപത്തെ വീടിന് വിള്ളല്‍ വീണു. വീട്ടുടമക്ക് പൊള്ളലേറ്റു. കൊമ്പനടുക്കം ചിറാക്കല്‍ കുന്നിലെ സുലോചനയുടെ വീടിനാണ് ഇടിമിന്നലേറ്റത്. രണ്ട് തെങ്ങുകള്‍ക്കും മിന്നലേറ്റു. വയറിങ്ങ് കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ പ്രേമാനന്ദന്റെ വീടിന് വിള്ളല്‍ വീണു. പ്രേമാനന്ദന്റെ കൈക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ സുലോചന മാത്രമാണുണ്ടായിരുന്നത്.
ഇന്റര്‍നെറ്റ് സംവിധാനങ്ങളും ടെലിഫോണ്‍ കണക്ഷനുകളും താറുമാറായി. പല സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം അവധിയായതിനാല്‍ പിറ്റേന്ന് തുറന്നപ്പോഴാണ് വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നശിച്ചത് അറിഞ്ഞത്. കുറ്റിക്കോല്‍ എക്‌സ്‌ഞ്ചേഞ്ചിന് കീഴില്‍ ഇന്റര്‍നെറ്റ് കേബിളില്‍ മിന്നലേറ്റതുകാരണം എക്‌സ്‌ഞ്ചേഞ്ചില്‍നിന്നുള്ള ഇന്റര്‍നെറ്റ് കണക്ഷനുകളുടെ മോഡവും നെറ്റ്ബന്ധമുള്ള കമ്പ്യൂട്ടറുകളും കത്തിനശിച്ചു.
കുറ്റിക്കോല്‍ എസ് ബി ടി ബേങ്കില്‍ സെര്‍വറും ഇന്റര്‍നെറ്റ് സംവിധാനങ്ങളും തകരാറിലായി. ബാങ്കിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്ന യു പി എസും എ ടി എം സംവിധാനങ്ങളും തകരാറിലായി. സിസ്റ്റം സര്‍വീസ് ചെയ്യുന്ന ജീവനക്കാര്‍ പലരും അവധിയിലായതിനാല്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. എടിഎം സൗകര്യവും ബാങ്ക് സേവനങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിരവധി ആളുകള്‍ തിരിച്ചുപോയി.
കുറ്റിക്കോല്‍ വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ മിന്നലില്‍ തകരാറിലായി. കുറ്റിക്കോല്‍ അക്ഷയ ഇ കേന്ദ്രത്തിലെ ഇന്റര്‍നെറ്റ് മോഡം, ഇന്റര്‍നെറ്റ് ഹബ്ബുകള്‍, കമ്പ്യൂട്ടര്‍ എന്നിവ കത്തി നശിച്ചതിനാല്‍ വിവിധ അപേക്ഷകള്‍ നല്‍കാന്‍ നല്‍കാനെത്തിയ ജനങ്ങള്‍ മടങ്ങി.
കുറ്റിക്കോലിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും തകരറിലായി. ഫാന്‍, ലൈറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാട് പറ്റി.
കനത്ത കാറ്റിലും മഴയിലും പള്ളത്തുങ്കാല്‍, കൊല്ലംപണ, പറയംപള്ളം, കക്കോട്ടമ ഭാഗങ്ങളില്‍ വ്യാപക നാശം. കക്കോട്ടമയിലെ വേണുഗോപാലന്റെ നിരവധി കവുങ്ങുകളും ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങളും പൊട്ടിവീണു. പറയംപള്ളത്തെ പൊന്നംകയ ദാമോദരന്‍, കൊല്ലംപണയിലെ കെ വി സുനില്‍കുമാര്‍, കെ പി ബാലകൃഷ്ണന്‍ എന്നിവരുടെ കവുങ്ങുകള്‍ക്കും നാശമുണ്ടായി.
തൃക്കരിപ്പൂര്‍ എടച്ചാക്കൈ സ്‌കൂളിനു സമീപത്തെ എന്‍ സി മുഹമ്മദ്കുഞ്ഞിയുടെ വീടിനും നാശനഷ്ടമുണ്ടായി.

Latest