Connect with us

Articles

തെറ്റ് തിരുത്താന്‍ കുട്ടികളെ കൂട്ടിലടക്കാമോ?

Published

|

Last Updated

യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചതായി വന്ന വാര്‍ത്ത സ്വാഭാവികമായും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വക നല്‍കയിരിക്കുന്നു. അധ്യാപകന്റെ അടിയേറ്റ് കൈയൊടിഞ്ഞ,കുതലക്ക് മുറിവ് പറ്റിയ വാര്‍ത്തകള്‍ മുമ്പും വന്നിട്ടുണ്ട്. സമൂഹത്തെ മാറ്റിയെടുക്കാന്‍ നിരന്തര പരിശ്രമം നടത്തിയ, ശൂന്യഹൃദയങ്ങളില്‍ അക്ഷര വെളിച്ചം നല്‍കിയ മാഹാന്മാരുടെ ദൗത്യമേറ്റെടുക്കേണ്ട പുതിയ കാലത്തെ അധ്യാപകരില്‍, ചിലരില്‍ നിന്നെങ്കിലും സംഭവിക്കുന്ന ഇത്തരം അക്ഷരത്തെറ്റുകളെക്കുറിച്ച് ഗൗരവ വിചിന്തനം നടത്തേണ്ടതാണ്. അക്ഷര ലോകത്തേക്ക് കടന്നുവരുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തെ സ്വാധീനിക്കുന്നതിനു പകരം, അവരുടെ മനസ്സിനെ മുറിപ്പെടുത്തുന്ന “പുതിയ മനഃശാസ്ത്രം” സ്വീകരിക്കുന്നത് കുട്ടികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നവെന്നതാണ് സത്യം.
സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമായിരുന്നു. അധ്യാപക ദിനത്തില്‍ എത്ര സ്‌കൂളുകളില്‍ ട്രൈനിംഗ് ക്ലാസുകള്‍ നടന്നു. ബോധവത്കരണം നടന്നു? കുട്ടികളെ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചുള്ള ഉദ്‌ബോധനങ്ങള്‍ നടന്നു? അപൂര്‍വമായിരിക്കാം. മറ്റൊന്നുകൂടി വായിക്കേണ്ടതുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കുട്ടികളെ ശിക്ഷിക്കുന്നവര്‍ക്കുള്ള കോടതി വിധി വന്നതും. എന്നിട്ടും ഇത്തരം വാര്‍ത്തകള്‍ കുട്ടികള്‍ക്ക് “സ്‌കൂള്‍ഫോബിയ” ഉണ്ടാക്കാനും അധ്യാപകരോടുള്ള മതിപ്പ് കുറക്കാനും കാരണമായിത്തീരും.
ഇവിടെയാണ് വിദ്യാഭ്യാസ പരിശീലന കോഴ്‌സുകളില്‍ സമഗ്ര മാറ്റം ആവശ്യമാകുന്നത്. ബി എഡ്, ടി ടി സി കോഴ്‌സുകളില്‍ നിന്ന് ഫ്രോയിഡിന്റെയും വൈഗോസ്‌കിയുടെയും മോണ്ടിസോറിയുടെയും തിയറികള്‍ പഠിച്ച് പുറത്തിറങ്ങുന്ന അധ്യാപകര്‍ തങ്ങളുടെ മുന്നിലുള്ള കുട്ടികള്‍ക്ക് സ്വഭാവ രൂപവത്കരണം നടത്തേണ്ടതിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ല. അവരുടെ തെറ്റ് തിരുത്തുന്നതില്‍ പിഴവ് സംഭവിക്കുന്നു. ഇവിടെ ന്യൂ ജനറേഷന്‍ മനഃശാസ്ത്രം പഠിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രം. സാമാന്യ മനഃശാസ്ത്രം, കുട്ടികളുടെ മനഃശാസ്ത്രം തുടങ്ങിയവ. ബി എഡ്, ടി ടി സി കോഴ്‌സുകളില്‍ നിന്നു പഠിച്ച് അധ്യാപന വൃത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ അവ തലച്ചോറില്‍ നിന്നും വൈകാരിക മാറ്റം ഉണ്ടാക്കിക്കൊള്ളണമെന്നില്ല. വൈകാരികാവസ്ഥയില്‍ മാറ്റം വരുന്നില്ലെങ്കില്‍ പ്രായോഗികത സംഭവിക്കുകയില്ല. ഇതുകൊണ്ടാണ് കുട്ടികളുടെ വികൃതിയെ തിരുത്താന്‍ കൂട്ടിലടക്കേണ്ടി വരുന്നത്. ഉദാഹരണത്തിന് ക്ഷമയെക്കുറിച്ച് വാചാലമാകുന്ന വ്യക്തി വീട്ടിലേക്ക് വിശന്നു ചെല്ലുന്നുവെന്നു കരുതുക. പക്ഷേ, ഭാര്യ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്ന വിവരം അപ്പോഴാണ് അയാള്‍ അറിയുന്നത്. എന്താണ് സംഭവിക്കുക? അദ്ദേഹം പൊട്ടിത്തെറിച്ചെന്നുവരും. ആദ്യമയാള്‍ ക്ഷമയെക്കുറിച്ച് പറഞ്ഞ വ്യക്തിയാണല്ലോ, പിന്നെയെങ്ങനെ ഇപ്പോള്‍ പൊട്ടിത്തെറിച്ചത്. കാരണമുണ്ട്; ക്ഷമയെക്കുറിച്ച് അയാള്‍ പറഞ്ഞത് തന്റെ തലച്ചോറില്‍ അടഞ്ഞു കൂടിയ വിവരങ്ങളെ ബുദ്ധിയിലൂടെ സമര്‍പ്പിക്കുകയാണ്. പക്ഷേ, അതുമായി ബന്ധപ്പെട്ട സംഭവം അനുഭവത്തിലെത്തിയപ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. വൈകാരിക വികസനം നടന്നില്ല. ഇതാണ് സിദ്ധാന്തങ്ങള്‍ തലച്ചോറില്‍ നിക്ഷേപിച്ച് വൈകാരിക മാറ്റം സംഭവിച്ചിട്ടില്ലെങ്കിലുണ്ടാവുന്ന കുഴപ്പം.
കുട്ടികള്‍ പൂമ്പാറ്റകളാണെന്നും അവര്‍ നിഷ്‌കളങ്കരാണെന്നും മനഃപാഠമാക്കി അധ്യാപനം നടത്തുന്ന അധ്യാപകരില്‍ നിന്ന് കേട്ട പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്? ഉത്തരം വളരെ ലളിതമാണ്. കാര്‍ ഓടിക്കാന്‍ പഠിച്ചാല്‍ പോരാ, കാറിന്റെ മെക്കാനിക്ക് കൂടി പഠിക്കണം. കാര്‍ ഓടിക്കാന്‍ ലൈസന്‍സ് ലഭിച്ചതു കൊണ്ട് അതിനു കേടുപറ്റിയാല്‍ നന്നാക്കാന്‍ ഒരുപക്ഷേ സാധിക്കണമെന്നില്ല. അതിന്റെ എഞ്ചിനീയറിംഗ് മേഖല പഠിക്കേണ്ടി വരും. ബി എഡും ടി ടി സിയും അധ്യാപന വൃത്തിക്കുള്ള ലൈസന്‍സാണ്; പക്ഷേ, സമഗ്രത വന്നിട്ടില്ല. വീണ്ടും പഠിക്കണം. സഹപാഠികളോട് ക്ലാസ് റൂമില്‍ വെച്ച് സംസാരിച്ചതിന് കൂട്ടിലടച്ചെങ്കില്‍, യൂണിഫോം ധരിക്കാതെ വന്നതിന് കക്കൂസ് വൃത്തിയാക്കാന്‍ ഉത്തവിട്ടെങ്കില്‍. നാളെ ഹോം വര്‍ക്ക് ചെയ്യാതെ ഒരു കുട്ടി വന്നാല്‍ എന്ത് ശിക്ഷയായിരിക്കും ഉണ്ടാകുകയെന്ന് ഓരോ വിദ്യാര്‍ഥിയും ചിന്തിച്ചു തുടങ്ങും. തെറ്റുകള്‍ തിരുത്തുന്നതിന് സ്വീകരിക്കുന്നത് ഇത്തരം സൈക്കോളജി കൊണ്ടാണെങ്കില്‍ ഇതൊരു തരം സഹിക്കോളജിയായി മാറുന്നതാണ്. ഇവിടെയണ് തെറ്റു തിരുത്തലിന്റെ മനഃശാസ്ത്രം പഠിക്കേണ്ടത്. അധ്യാപകരും രക്ഷിതാക്കളും ഇവ്വിഷയകമായി ഇനിയും ബോധമുള്ളവരാകേണ്ടതുണ്ട്. ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പിയിലൂടെ കുട്ടികളെ പെരുമാറ്റ പ്രശ്‌നങ്ങളെ മാറ്റിയെടുക്കാന്‍ കഴിയുന്നതാണ് .
അധ്യാപകരോട് ചോദിച്ചുനോക്കു: നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അവരുടെ പ്രതികരണം ഇങ്ങനെയായിയിരിക്കും. കുട്ടി അടങ്ങിയിരിക്കുന്നില്ല, നിരന്തരം സംസാരിക്കുന്നു, ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല, മറ്റു കുട്ടികളെ ശല്യം ചെയ്യുന്നു, ഹോംവര്‍ക്ക് ചെയ്യുന്നില്ല. ആ പട്ടിക നീണ്ടു.
എങ്കില്‍ ഇവ തിരുത്താന്‍ സ്വീകരിച്ച രീതിയെന്ത്? ആദ്യം ഉപദേശിക്കും, പിന്നെ രണ്ടെണ്ണം കൊടുക്കും. ഇതു തന്നെയാണ് ചില രക്ഷിതാക്കളില്‍ നിന്നും സംഭവിക്കുന്നത്. പഠന- പെരുമാറ്റ -മാനസിക പ്രശ്‌നങ്ങള്‍ ഇന്ന് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു. ഇവക്ക് പരിഹാരമായി സ്വീകരിക്കുന്ന നിലപാടാണ് ഉപദേശം, ശിക്ഷ. ഇതല്ലാതെ മറ്റു വഴികള്‍ അറിയാത്തതു കൊണ്ടോ വൈകാരിക മേഖലയില്‍ മാറ്റം വരാത്തതു കൊണ്ടോ ഉപയോഗപ്പെടുത്തുന്നില്ല.
തെറ്റ് തിരുത്താന്‍ നിരവധി മനഃശാസ്ത്ര തന്ത്രങ്ങളുണ്ട്. ആനന്ദത്തെ തടയല്‍, ടൈം ഔട്ട്, ചെയ്ന്‍ മെത്തേഡ് തുടങ്ങിയവ ചില രീതികളാണ്. കുട്ടികളില്‍ സ്വാഭാവിക രൂപവത്കരണം നടത്തുന്നതിനും പഠന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും വേണ്ട പ്രായോഗിക വശങ്ങള്‍ അധ്യാപകര്‍ക്കുള്ള കരിക്കുലത്തില്‍ വരേണ്ടതുണ്ട്. കരിക്കുലത്തിലെ സമഗ്ര മാറ്റത്തിലൂടെയും അധ്യാപകര്‍ക്കുള്ള നിരന്തര പരിശീലനത്തിലൂടെയും മാത്രമേ നല്ല അധ്യാപകര്‍ വളര്‍ന്നു വരികയുള്ളൂ. അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ മനസ്സിനെ സ്വാധിനിക്കുന്ന നല്ല അധ്യാപകരാകാന്‍ പഠിക്കുക, പരിശ്രമിക്കുക.

Latest