Connect with us

Articles

ക്ലീന്‍ ഇന്ത്യ; മെയ്ഡ് ഇന്‍ അമേരിക്ക

Published

|

Last Updated

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ (പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി) 145-ാം ജന്മദിനത്തിലാണ് രാജ്യത്തെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഗാന്ധി ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യ, ക്ലീന്‍ ഇന്ത്യ മുദ്രാവാക്യത്തില്‍ ആദ്യത്തേത് ജനം ഏറ്റെടുക്കുകയും രാജ്യം സ്വതന്ത്രമാകുകയും ചെയ്തുവെങ്കിലും രണ്ടാമത്തേത് ഏറ്റെടുക്കപ്പെട്ടില്ലെന്ന് പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചുള്ള ചടങ്ങില്‍ നരേന്ദ്ര മോദി പറയുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ, ക്ലീന്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഗാന്ധി ഉയര്‍ത്തിയിട്ടുണ്ടോ എന്നത് ചരിത്രകുതുകികകളുടെ പരിശോധനക്ക് വിടുന്നു. പുതിയ “മഹാത്മാവ്” ഉയര്‍ത്തുന്ന ക്ലീന്‍ ഇന്ത്യ എന്ന മുദ്രാവാക്യം മാത്രം പരിശോധിക്കാനാണ് ശ്രമിക്കുന്നത്.
ഡല്‍ഹിയില്‍, വിവിധ മന്ത്രാലയങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ചൂല്‍ പ്രയോഗമോ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് തൊട്ടുപിറകെ നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടത്തിയ ചൂല്‍ പ്രയോഗമോ പുതുതായി നിര്‍മിച്ച പൊതു ശൗച്യാലയത്തിലെ സന്ദര്‍ശനമോ പുതിയ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള പ്രതീകാത്മക പ്രകടനങ്ങള്‍ മാത്രമാണ്. രാജ്യത്തെ 500 പട്ടണങ്ങള്‍ ശുചിയാക്കുക, തോട്ടിപ്പണി അവസാനിപ്പിക്കുക, അയ്യായിരം ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കായി രണ്ട് ലക്ഷം കക്കൂസുകള്‍ നിര്‍മിക്കുക എന്നിങ്ങനെ പോകുന്നു ശതകോടികള്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ഒരു നഗരം ശുചിയാക്കുകയും അങ്ങനെ നിലനിര്‍ത്തുകയും വേണമെങ്കില്‍ എന്തൊക്കെ ചെയ്യേണ്ടിവരും? ഖരമാലിന്യ സംസ്‌കരണമാണ് ആദ്യത്തെ വെല്ലുവിളി. ജീര്‍ണിക്കുന്നതും ജീര്‍ണിക്കാത്തതുമായ മാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേകം സംവിധാനം വേണ്ടിവരും. മഴ വെള്ളവും മറ്റും ഒഴുകിപ്പോകാന്‍ ഓടകള്‍ വേണം. നിലവിലുള്ളതും ഇനി ഉയരുന്നതുമായ കെട്ടിടങ്ങളില്‍ നിന്നുള്ള (ഫഌറ്റുകള്‍, ഹോട്ടലുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ) മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗമുണ്ടാകണം. സുഘടിതമായ ഒരു ഡ്രെയിനേജ് സംവിവിധാനം എല്ലാ പട്ടണങ്ങളിലുമുണ്ടാകണം. ഡ്രെയിനേജിലുടെ വരുന്നവ സംസ്‌കരിച്ച് പുറന്തള്ളാനും ഏര്‍പ്പാടുണ്ടാകണം. കടലാസ് മുതല്‍ ഭക്ഷണാവശിഷ്ടം വരെ ഏതും തെരുവില്‍ എറിയാന്‍ മടിയില്ലാത്ത ജനത്തെ, ബോധവത്കരിക്കുകയും വേണം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം സാര്‍വത്രികമാക്കുകയും വേണം. അത് സാധിക്കണമെങ്കില്‍ എല്ലാവര്‍ക്കും വീടുണ്ടാകണം.
തുടക്കത്തില്‍ പട്ടണങ്ങള്‍ മാത്രമേ ശുചിയാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. തുര്‍ക്ക്മാന്‍ഗേറ്റ് ചേരി ഇടിച്ചുനിരത്തി ഡല്‍ഹിയെ സൗന്ദര്യമുള്ളതാക്കിത്തീര്‍ക്കാന്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയുടെ അടുക്കള മന്ത്രിസഭയും ശ്രമിച്ചിരുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ സബര്‍മതി നദിയൂടെ തീരം വൃത്തിയാക്കിയതും ഏതാണ്ട് ഇതുപോലെയാണ്. മറ്റ് നിവൃത്തിയില്ലാതെ നദീതീരത്ത് കൂര കെട്ടിയ ആയിരങ്ങളെ ഒറ്റ രാത്രി കൊണ്ട് ഇറക്കിവിട്ടു മോദി സര്‍ക്കാര്‍. കൂരകള്‍ ഇടിച്ച് നിരത്തുകയും ചെയ്തു. വൃത്തിയാക്കല്‍ യത്‌നത്തിന് ഇത്തരം മാതൃകകള്‍ സ്വീകരിക്കില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് വിശ്വസിക്കാം.
എന്തായാലും “ക്ലീന്‍ ഇന്ത്യ” എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്ന പരിപാടി, സഹസ്ര കോടികള്‍ ചെലവ് വരുന്ന, സൂക്ഷ്മമായ ആസൂത്രണവും ദീര്‍ഘവീക്ഷണവും ആവശ്യമായ ബൃഹദ് പദ്ധതിയാണ്. ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്. അതുകൊണ്ടാണ് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമെന്ന് മുന്‍കൂറായി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു – സ്വകാര്യ പങ്കാളിത്തമാകുമ്പോള്‍, സേവനം ഉപയോഗിക്കുന്നവരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കുമെന്ന് ഉറപ്പ്. ഇത്തരം സംവിധാനങ്ങളൊക്കെ വികസിപ്പിക്കുക എന്നതാണ് പ്രാഥമികമായി വിവിധ തലങ്ങളിലുള്ള സര്‍ക്കാറുകളുടെ ചുമതല. അത് നിറവേറ്റുന്നതിന് വേണ്ടിയാണ് പലയിനം കരങ്ങള്‍ ഇത്തരം സര്‍ക്കാറുകള്‍ പിരിക്കുന്നത്. ആ പിരിവ് തുടരുകയും പുതിയ കരങ്ങള്‍ ചുമത്തപ്പെടുകയുമാകും ഈ പദ്ധതി നടപ്പാകുന്നതോടെ സംഭവിക്കുക. അതാണെങ്കില്‍പ്പോലും സംഗതി നടന്നാല്‍ നന്നായെന്ന് തോന്നും, നമ്മുടെ നഗരങ്ങളുടെ സ്ഥിതി കണ്ടാല്‍. വലിയ പദ്ധിതിയായതു കൊണ്ടുതന്നെ കൂടുതല്‍ തൊഴിലും ജോലിയവസരങ്ങളും സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. ശതമാനക്കണക്കില്‍ വ്യവഹരിക്കപ്പെടുന്ന മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് ഇതില്‍ നിന്ന് വലിയ സംഭാവനയുണ്ടാകാനും വളര്‍ച്ചാ നിരക്കിനെ മുന്നോട്ടുനയിക്കാനും സഹായിച്ചേക്കും.
ഇതൊക്കെ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ? ഇത് യഥാര്‍ഥത്തില്‍ നരേന്ദ്ര മോദിയുടെയോ അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും പദ്ധതിയാണോ? ചോദ്യങ്ങളുയരുന്നത് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളുടേതുമായി പുറപ്പെടുവിക്കപ്പെട്ട സാമാന്യം ദൈര്‍ഘ്യമുള്ള പ്രസ്താവന വായിക്കുമ്പോഴാണ്. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അമേരിക്കയുടെ ഭരണാധികാരിയുമായി നടത്തിയ ചര്‍ച്ചകളില്‍ ആണവകരാര്‍, സമഗ്ര പ്രതിരോധ സഹകരണ കരാര്‍ എന്നിങ്ങനെ “വലിയ” സംഗതികളുണ്ടായിരുന്നു. അത്രക്ക് വലുതൊന്നും മോദി നടത്തിയ ചര്‍ച്ചക്കൊടുവിലുണ്ടായില്ലെന്ന വിമര്‍ശം പലരും ഉന്നയിക്കുന്നുണ്ട്. എങ്കിലും 21,000 കോടി രൂപയുടെ പ്രതിരോധ വ്യാപാരം അമേരിക്കക്ക് ഉണ്ടാകാന്‍ പാകത്തിലുള്ള ഇടപാടുകള്‍ക്ക് ധാരണയായിട്ടുണ്ട്. വില കുറഞ്ഞ പ്രകൃതിവാതകം അമേരിക്കക്ക് നല്‍കി വില കൂടിയ അസംസ്‌കൃത എണ്ണ വാങ്ങാനും ധാരണയായി. ഈ ഇടപാടുകളിലെ ലാഭ – നഷ്ടങ്ങളല്ല അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദി കാട്ടിയ വാഗ്ധാടിയാണ് അദ്ദേഹത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിയത്. വാഗ് പ്രയോഗത്താല്‍ ലോക നേതാവായി ഭവാന്‍ എന്ന മട്ടിലാണ് ആരാധകരുടെ പ്രചാരണം.
ഇതിലെല്ലാം വലുത് “ക്ലീന്‍ ഇന്ത്യ” പദ്ധതിയുമായി സഹകരിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ്. സംയുക്ത പ്രസ്താവനക്ക് മുമ്പ് ഇരു നേതാക്കളും ചേര്‍ന്ന് പുറപ്പെടുവിച്ച ദര്‍ശന രേഖയിലും മോദിയും ഒബാമയും ചേര്‍ന്ന് എഴുതിയ മുഖപ്രസംഗത്തിലും “ക്ലീന്‍ ഇന്ത്യ” സഹകരണം പ്രഖ്യാപിച്ചിരുന്നു. സംയുക്ത പ്രസ്താവനയില്‍ അത് കുറേക്കൂടി വിശദീകരിക്കുകയും ചെയ്തു. ശുചിത്വമുറപ്പാക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അമേരിക്കന്‍ കമ്പനികള്‍ പങ്കാളികളാകും. ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാത്രമല്ല അത് സ്ഥാപിക്കുന്നതിലും. അമേരിക്കയിലെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം കൂടി ഈ പദ്ധതിക്കുണ്ടാകുമെന്ന് സംയുക്ത മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു. പദ്ധതി നടത്തിപ്പ് മൂലം നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലും ജോലി അവസരങ്ങളും അമേരിക്കന്‍ കമ്പനികള്‍ സ്വന്തമാക്കുമെന്ന് ചുരുക്കം. രാജ്യത്തെ 500 നഗരങ്ങള്‍ അമേരിക്കന്‍ സാന്നിധ്യത്താല്‍ “അനുഗ്രഹി”ക്കപ്പെടുകയും ചെയ്യും. ശുചിത്വത്തെക്കുറിച്ച് ജനത്തെ ബോധവത്കരിക്കുകയും അതിന് വേണ്ട പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കുകയും ചെയ്യുന്ന ജോലിയായിരിക്കും അമേരിക്കയില്‍ നിന്നെത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക്. “ക്ലീന്‍ ഇന്ത്യ” എന്ന പേരില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതി തങ്ങളുടെ സാമ്പത്തിക ലാഭത്തിനും രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസര സൃഷ്ടിക്കും ഗുണകരമാകുമെന്ന് അമേരിക്കയുടെ ഭരണകര്‍ത്താക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് അധികാരത്തില്‍ ആറ് മാസം തികക്കാനൊരുങ്ങുന്ന ഒരു സര്‍ക്കാര്‍ മുന്നോട്ടു വെച്ച പദ്ധതിയെ പൊടുന്നനെ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറായത്.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറുകയാണെന്ന സൂചനകള്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ നല്‍കുന്നുണ്ട്. 2012ല്‍ എട്ടര ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് 2014 സെപ്തംബറില്‍ 5.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമൊക്കെ വിവിധ തലങ്ങളില്‍ ഇളവുകള്‍ നല്‍കി പ്രതിസന്ധി നേരിടുകയായിരുന്നു അമേരിക്ക. ഈ ഇളവുകള്‍ ദീര്‍ഘകാലം തുടരാനാകില്ല. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തി ആഭ്യന്തര തൊഴിലുത്പാദനം വര്‍ധിപ്പിക്കേണ്ടത് അവര്‍ക്ക് അനിവാര്യമാണ്. ഏറെക്കാലം നീളുന്ന, സഹസ്ര കോടികള്‍ ചെലവ് വരുന്ന ഒരു പദ്ധതി മുന്നില്‍ വന്നപ്പോള്‍ തള്ളിക്കളയാതിരുന്നതും അതുകൊണ്ടാണ്. അതോ അവര്‍ തന്നെ നിര്‍ദേശിച്ച പദ്ധതി മോദി അവതരിപ്പിക്കുകയും അവര്‍ പങ്കാളികളാകുകയും ചെയ്തതാണോ? ആര്‍ക്കും തള്ളിക്കളയാന്‍ പറ്റാത്ത, വേഗം യശസ്സുയര്‍ത്താന്‍ സഹായിക്കുന്നൊരു പദ്ധതി, സ്വീകരിച്ച് സ്വന്തമാക്കുന്നതില്‍ തെറ്റുപറയാനുമാകില്ല. ഇതില്‍ മാത്രമല്ല, രാജ്യത്തെല്ലായിടത്തും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലും അമേരിക്കന്‍ സഹകരണം നേടിയെടുത്തിട്ടുണ്ട് നമ്മുടെ പ്രധാനമന്ത്രി. ശുചിത്വ പദ്ധതിയുടെ ഭാഗമായതിനാല്‍ സര്‍വതല സഹകരണമുണ്ടാകുമെന്നുറപ്പ്.
ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്നവരുമായുള്ള ചര്‍ച്ചയും കരാറുപ്പിക്കലുമാണ് ഇത്രകാലം അമേരിക്കന്‍ ഭരണകൂടം പ്രധാനമായും ചെയ്തിരുന്നത്. അതിന് പുറത്തുള്ള സഹകരണം പരിമിതമായിരുന്നു. അതിലൊരുമാറ്റം വരിക കൂടിയാണ് മോദി – ഒബാമ കൂടിക്കാഴ്ചയോടെ. പ്രാദേശികതലത്തിലേക്ക് സഹകരണം വ്യാപിപ്പിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. അത് സാധ്യമാക്കുന്നതിനുള്ള എളുപ്പവഴി കൂടിയാണ് അമേരിക്കക്ക് “ക്ലീന്‍ ഇന്ത്യ”. ആണവകരാര്‍ പ്രാബല്യത്തിലാക്കി, റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അവസരം ലഭിച്ചാല്‍ തന്നെ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട വിദൂര സാധ്യത നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലാണ് ഇന്ത്യ ബാധ്യതാ നിയമത്തിന് രൂപം നല്‍കിയത്. അത്തരം ബാധ്യതകള്‍ക്കൊന്നും ഇടയില്ലാതെ, വലിയ കമ്പോളത്തിന്റെ എത്താണ്ടെല്ലാ പ്രദേശത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ മടിക്കേണ്ട കാര്യമെന്ത് ഒബാമ ഭരണകൂടത്തിന്?
മാലിന്യ നിര്‍മാര്‍ജനത്തിനും കുടിവെള്ള വിതരണത്തിനും വേണ്ട പദ്ധതികളുടെ ഉപദേശം, ആസൂത്രണം, നടത്തിപ്പ്, പ്രചാരണ – ബോധവത്കരണ പരിപാടികള്‍ എന്നിവക്കെല്ലാം അമേരിക്കന്‍ കമ്പനികളുണ്ടാവുകയാണെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പ്. മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ട സംവിധാനങ്ങള്‍ക്കനുസരിച്ച്, പ്രത്യേകിച്ച് ഡ്രെയിനേജ്, നഗരം രൂപകല്‍പ്പന ചെയ്യുകയോ പുനര്‍ രൂപകല്‍പ്പന ചെയ്യുകയോ വേണ്ടിവരും. അതിന്റെ മൊത്തം മേല്‍നോട്ടം അമേരിക്കന്‍ കമ്പനികള്‍ക്കാവുകയാണെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുകയല്ല, ഇല്ലാതാകുകയാണ് ചെയ്യുക. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് സാമന്തന്റെ വേഷമായിരുന്നുവെങ്കില്‍ മോദിയുടെ കാലത്ത് അമേരിക്കയുടെ വിധേയന്റെ വേഷമായിരിക്കും ഇന്ത്യക്ക് യോജിക്കുക. ഒന്നിച്ച് നടക്കാമെന്നത് മുദ്രാവാക്യം മാത്രം. സമ്പത്തിന്റെ ആഗോളചാലകശക്തി എന്ന പദവിയില്‍ അമേരിക്ക തുടരുന്നുവെന്ന് ഉറപ്പിക്കുന്നതിനൊപ്പം ഒന്നിച്ച് നടക്കാമെന്നാണ് മോദിയോട് ഒബാമ പറഞ്ഞത്. ജന്‍മിയുടെ പിറകില്‍ മേല്‍മുണ്ട് തോളത്തിട്ട് വായപൊത്തി നടക്കുന്നതും ഒന്നിച്ചുള്ള നടപ്പ് തന്നെ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest