Connect with us

Editorial

മരുന്നിലും കൈ വെക്കുന്നു

Published

|

Last Updated

ഔഷധ വില നിര്‍ണയാധികാരം ദേശീയ വിലനിര്‍ണയ അതോറിറ്റി (എന്‍ പി പി എ)യില്‍ നിന്ന് എടുത്തുകളഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ പേറ്റന്റ് നിയമം ദുര്‍ബലപ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാവപ്പെട്ട രോഗികളുടെ ചികിത്സാ ചെലവ് കുത്തനെ ഉയരാന്‍ ഇടയാക്കിയിരിക്കയാണ്. മരുന്ന് വില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ 2013ല്‍ യു പി എ സര്‍ക്കാറാണ് വില നിയന്ത്രണ സമിതി രൂപവത്കരിച്ചത്. ഇത് പ്രകാരം ആദ്യഘട്ടത്തില്‍ 348 ഇനം മരുന്നുകളുടെ വില കുറച്ചു. രണ്ടാം ഘട്ടമായി കഴിഞ്ഞ ജൂലൈയില്‍ 108 ഇനം മരുന്നുകളുടെ വിലയില്‍ 25 ശതമാനം കുറവും വരുത്തി. ഇതിനെതിരെ മരുന്ന് കമ്പനികള്‍ ശക്തമായി രംഗത്ത് വരികയും എന്‍ പി പി എയുടെ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിവരികയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര രാസവളം മന്ത്രാലത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് മരുന്നുവില നിര്‍ണയ സമിതിയുടെ അധികാരങ്ങള്‍ വെട്ടിക്കുച്ച് ഉത്തരവിറക്കിയത്. മരുന്ന് വില ഉയരുന്നതിന് പുറമെ വില നിയന്ത്രണത്തിനെതിരായി കമ്പനികള്‍ മുംബൈ, ഡല്‍ഹി കോടതികളില്‍ നല്‍കിയ കേസുകളില്‍ സര്‍ക്കാറിന്റെ വാദം ദുര്‍ബലപ്പെടുത്താനും പുതിയ നടപടി വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍, ഉഭയകക്ഷി വ്യാപാരസൗഹാര്‍ദം പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പേറ്റന്റ് നിയമം ദുര്‍ബലപ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സാധരണക്കാരന് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കാനും ചികില്‍സ ഉറപ്പ് വരുത്താനുമായി 2005ല്‍ ഒന്നാം യു പി എ സര്‍ക്കാര്‍ ഭേദഗതി ചെയ്ത പറ്റന്റ് നിയമം അമേരിക്കന്‍ ഔഷധ ലോബിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അത് ദുര്‍ബലപ്പെടുത്തണമെന്ന് അവര്‍ നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. അമിത വിലക്ക് വിപണനം നടത്തുന്ന മരുന്നുകളുടെ വില കുറക്കാന്‍, പേറ്റന്റെടുത്ത കമ്പനി തയ്യാറായില്ലെങ്കില്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ തയ്യാറുള്ള മറ്റു കമ്പനികള്‍ക്ക് ഉത്പാദനാനുമതി നല്‍കാന്‍ ഈ നിയമ പ്രകാരം സര്‍ക്കാറിനു അധികാരമുണ്ട്. ഇത്തരം ചില വ്യവസ്ഥകളാണ് വിദേശ കുത്തകളെ അലോസരപ്പെടുത്തുന്നത്. സഖ്യകക്ഷികളുടെ എതിര്‍പ്പ് ഭയന്ന് യു പി എ സര്‍ക്കാര്‍ അവരുടെ സമ്മര്‍ദ തന്ത്രങ്ങളെ അവഗണിക്കുകയാണുണ്ടായത്. തങ്ങളുടെ ആവശ്യം ഇന്ത്യയെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതില്‍ അമേരിക്കന്‍ ഔഷധ ലോബി വിജയിച്ചിരിക്കയാണിപ്പോള്‍. രാജ്യത്തെ മരുന്ന് നിര്‍മാണത്തിലും വില്‍പനയിലും അവരുടെ ശക്തമായ സ്വാധീനം ഉണ്ടാകുമെന്നതാണ് ഇതിന്റെ ദൂഷ്യഫലം. ഇന്ത്യയിലെ മുഖ്യ മരുന്ന് നിര്‍മാതാക്കള്‍ വിദേശ കുത്തകകളാണ്. ഇവിടെ വിറ്റഴിക്കുന്ന മരുന്നുകളുടെ 60 ശതമാനവും നിര്‍മിക്കുന്നതോ, അതിനുള്ള പേറ്റന്റുള്ളതോ അമേരിക്കന്‍, ബ്രിട്ടീഷ് കമ്പനികള്‍ക്കാണ്.
ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം, എയ്ഡ്‌സ്, ക്ഷയം, മലേറിയ, ആസ്ത്മ തുടങ്ങി വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുവില കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 4.01 കോടി പ്രമേഹ രോഗികളും 4.07 കോടി ഹൃദ്രോഗ ബാധിതരും 11 ലക്ഷം അര്‍ബുദ ബാധിതരുമുണ്ടെന്നാണ് കണക്ക്. ഇവരടക്കമുള്ള രാജ്യത്തെ രോഗികളുടെ ചികത്സാ ചെലവില്‍ ഇനി വന്‍ വര്‍ധന അനുഭവപ്പെടും. കേരളീയരെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഇന്ത്യയിലെ മരുന്ന് വിപണനത്തിന്റെ 17 ശതമാനവും കൊച്ചു കേരളത്തിലാണ്. സംസ്ഥാനത്ത് ഒരു വര്‍ഷം 2000 കോടി രൂപയുടെ മരുന്നുകള്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ 200 കോടിയുടെത് മാത്രമാണ സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നത്. 1800 കോടിയുടെ മരുന്നുകളും സ്വകാര്യ ആശുപത്രികളും ഫാര്‍മസികളും വഴിയാണ് വിറ്റഴിയുന്നത്.
അവശ്യമരുന്നുകള്‍ വില വര്‍ധന കാരണം സാധാരണക്കാരന് അപ്രാപ്യമായിരിക്കെ ഇതിനൊരു പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് രണ്ട് വര്‍ഷം മുമ്പ് സുപ്രീം കോടതി സര്‍ക്കാറിനെ ഉണര്‍ത്തിയിരുന്നു. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം നീക്കരുതെന്നു അന്ന് കോടതി ആവശ്യപ്പെട്ടിരുന്നതാണ്. പ്രസ്തുത കോടതി ഉത്തരവ് കാറ്റില്‍ പറത്തുന്നതും പൊതുജന താത്പര്യം അവഗണിക്കുന്നതുമാണ് സര്‍ക്കറിന്റെ പുതിയ നടപടികള്‍. രാജ്യത്തെ വിദേശ കുത്തകകള്‍ക്ക് അടിയറ വെക്കുന്ന ഈ നയത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരേണ്ടതുണ്ട്.

Latest