Connect with us

Sports

ലണ്ടന്‍ പോരില്‍ പരിശീലകരുടെ കൊമ്പു കോര്‍ക്കല്‍

Published

|

Last Updated

ലണ്ടന്‍: നഗരവൈരികളായ ചെല്‍സിയും ആഴ്‌സണലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പതിവു പോലെ പരിശീലകര്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ചെല്‍സി സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച മത്സരത്തില്‍, ഇരുപതാം മിനുട്ടിലായിരുന്നു ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗര്‍ ചെല്‍സിയുടെ ജോസ് മൗറിഞ്ഞോയെ പിടിച്ച് തള്ളിയത്. നാലാം ഒഫിഷ്യല്‍ ജൊനാഥന്‍ മോസ് ഇടപെട്ടില്ലായിരുന്നെങ്കില്‍ രംഗം വഷളാകുമായിരുന്നു.
ചെല്‍സി ഡിഫന്‍ഡര്‍ ഗാരി കാഹില്‍ ആഴ്‌സണലിന്റെ ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസിനെ അപകടകരമാം വിധം ടാക്കിള്‍ ചെയ്തതാണ് വെംഗറെ ചൊടിപ്പിച്ചത്. സംഭവത്തില്‍ ഗാരി കാഹില്‍, റെഡ് കാര്‍ഡ് കാണാതെ രക്ഷപ്പെട്ടെങ്കിലും, മഞ്ഞ കണ്ടു. ദേഷ്യം പൂണ്ട വെംഗര്‍ ചെല്‍സി കോച്ചിന്റെയടുത്തേക്ക് തര്‍ക്കിച്ചെത്തി. വെംഗര്‍ തന്റെ ടെക്‌നിക്കല്‍ മേഖലയും കടന്നാണ് മൗറിഞ്ഞോയുടെ അടുത്തെത്തിയത്. ഒന്നും രണ്ടും പറഞ്ഞ് ഇടഞ്ഞതിന് ശേഷം വെംഗര്‍ മൗറിഞ്ഞോയെ പിടിച്ച് തള്ളി. ചെല്‍സി കോച്ചും വിട്ടുകൊടുത്തില്ല. ഇതിനിടെ, നാലാം ഒഫിഷ്യല്‍ ഇടപെട്ടു. റഫറി മത്സരം നിര്‍ത്തിവെച്ച് ഇരുവരെയും ശാസിച്ചു. ഭാഗ്യത്തിന് ഇവരെ പുറത്താക്കിയില്ല. ജര്‍മനിയുടെ ദേശീയ കോച്ച് ജോക്വം ലോയും ഇംഗ്ലണ്ട് ദേശീയ കോച്ച് റോയ് ഹൊഗ്‌സനുമെല്ലാം തീപ്പൊരിപ്പോരാട്ടമായ ലണ്ടന്‍ ഡെര്‍ബിക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
അഭിമാനപ്പോരാട്ടമായതു കൊണ്ട് ചെല്‍സി പരുക്കലട്ടുന്ന ഡിയഗോ കോസ്റ്റക്ക് വിശ്രമം അനുവദിക്കാതെ കളത്തിലിറക്കി. ആഴ്‌സണലിന്റെ മുന്‍ താരം സെസ്‌ക് ഫാബ്രിഗാസ് ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ പട നയിക്കാനെത്തിയതും കളിയെ മറ്റൊരു തലത്തിലേക്കുയര്‍ത്തി. സാഞ്ചസുമായി കൂട്ടിയിടിച്ച് ചെല്‍സി ഗോള്‍ കീപ്പര്‍ ടിം കുര്‍ടോയിസിന് ബ്രെയിന്‍ ഇഞ്ചുറി സംഭവിച്ചു.
പീറ്റര്‍ ചെക്കാണ് പിന്നീട് വല കാത്തത്. കുര്‍ടോയിസിന്റെ പരുക്കിനെ ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന ചെല്‍സിയുടെ നടപടി ഇതിനകം വിവാദമായിട്ടുണ്ട്. ഇരുപത്തേഴാം മിനുട്ടില്‍ എദെന്‍ ഹസാദ് പെനാല്‍റ്റിയിലൂടെ ചെല്‍സിയെ മുന്നിലെത്തിച്ചിടത്ത് ആവേശം സ്റ്റാര്‍ട്ട് ചെയ്തു. ബോക്‌സിനുള്ളില്‍ ഗണ്ണേഴ്‌സിന്റെ ഫ്രഞ്ച് ഡിഫന്‍ഡര്‍ ലോറന്റ് കോസിന്‍ലെ ഹസാദിനെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. രണ്ടാം ഗോള്‍ എഴുപത്തെട്ടാം മിനുട്ടില്‍ ഡിയഗോ കോസ്റ്റ നേടി. ഫാബ്രിഗസിന്റെ ലോംഗ് ബോള്‍ അവസാന ഡിഫന്‍ഡറെയും കടന്ന് കോസ്റ്റ നെഞ്ച് കൊണ്ട് മുന്നോട്ട് തട്ടിയിട്ട് ഗോളിയുടെ തലക്ക് മുകളിലൂടെ കോരി വലയിലിട്ടു. എന്തൊരു ഗോള്‍ !
ആക്രമണം മാത്രമായിരുന്നു ആഴ്‌സണലിന്റെ തന്ത്രം. ചെല്‍സിക്കാകട്ടെ ജയിക്കുക എന്നതും. അതിനവര്‍ പ്രതിരോധം താഴിട്ട് പൂട്ടി. അവസരം ലഭിക്കുമ്പോള്‍ കൃത്യമായ ആസൂത്രണപാടവത്തോടെ ആഴ്‌സണല്‍ ഗോള്‍മുഖം റെയ്ഡ് ചെയ്തു.
മൗറിഞ്ഞോയുടെ ടീമിനെ തോല്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന നാണക്കേട് വെംഗറില്‍ തുടരുകയാണ്. പന്ത്രണ്ട് തവണ മുഖാമുഖം വന്നപ്പോള്‍ ഏഴിലും മൗറിഞ്ഞോക്ക് ജയം. അഞ്ച് സമനില.
തുടരുന്ന വൈരം
ആര്‍സെന്‍ വെംഗറും ജോസ് മൗറിഞ്ഞോയും തമ്മിലുള്ള വൈരം ആരംഭിച്ചത് 2005ല്‍, മൗറിഞ്ഞോ ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കോച്ചായെത്തിയപ്പോഴാണ്. ചെല്‍സിയുടെ വായാടിയായ പോര്‍ച്ചുഗീസ് കോച്ച് ആദ്യ വെടി പൊട്ടിച്ചത് വെംഗറെ ലക്ഷ്യമിട്ടായിരുന്നു.
പ്രീമിയര്‍ ലീഗ് ഫിക്‌സ്ചര്‍ ആഴ്‌സണലിന് അനുചിതമായ രീതിയിലാണ് തയ്യാറാക്കിയതെന്നായിരുന്നു മൗറിഞ്ഞോയുടെ ആരോപണം.
ചെല്‍സിയുടെ നെഗറ്റീവ് ഫുട്‌ബോളിനെ ചോദ്യം ചെയ്ത് വെംഗറും. ആഴ്‌സണലും ടോട്ടനമും തമ്മിലുള്ള കളിയില്‍ ഗോളുകള്‍ മാറി മാറി വീണപ്പോള്‍ മൗറിഞ്ഞോ പരിഹസിച്ചു: ഇതെന്താണ് ഹോക്കിയോ ! ജയിക്കാന്‍ വേണ്ടിയാണ് ചെല്‍സി കളിക്കുന്നത് എന്ന് മൗറിഞ്ഞോ പ്രഖ്യാപിക്കുകയും ചെയ്തു.
ആഴ്‌സണലില്‍ വെംഗറുടെ 500 മത്തെയും 1000 മത്തേയും മത്സരം ചെല്‍സിക്കെതിരെ മൗറിഞ്ഞോ കോച്ചായിരിക്കുമ്പോഴായിരുന്നു. രണ്ടിലും വെംഗറിന് നിരാശപ്പെടേണ്ടി വന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്ന ആയിരാമത്തെ മത്സരം. 6-0നായിരുന്നു ആഴ്‌സണല്‍ തോറ്റമ്പിയത്. വെംഗര്‍ തോല്‍വിയില്‍ സ്‌പെഷ്യലൈസ് ചെയ്ത കോച്ചെന്നായിരുന്നു മൗറിഞ്ഞോയുടെ പരിഹാസം.
നടപ്പ് സീസണില്‍ ആഴ്‌സണലിന്റെ മുന്‍ താരം ഫാബ്രിഗസിനെ ബാഴ്‌സലോണയില്‍ നിന്ന് ചെല്‍സി സ്വന്തമാക്കിയതും ഇവര്‍ തമ്മിലുള്ള വൈരം ഇരട്ടിയാക്കി. ചെല്‍സിയില്‍ കളിക്കാന്‍ ഫാബ്രിഗസ് ആഗ്രഹിച്ചുവെന്ന് മൗറിഞ്ഞോ. താന്‍ ലക്ഷ്യമിട്ട ഫാബ്രിഗസിനെ തട്ടിയെടുത്തിട്ടും മതിയാകാഞ്ഞിട്ട് മൗറിഞ്ഞോ കള്ളം പറഞ്ഞു നടക്കുന്നുവെന്ന് വെംഗര്‍.