Connect with us

Ongoing News

മോയിന്‍കുട്ടി വൈദ്യരുടെ 'മുയല്‍പ്പട'യെക്കുറിച്ച് രേഖകള്‍

Published

|

Last Updated

poemവേങ്ങര: മാപ്പിള സാഹിത്യത്തിന്റെ കുലപതി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ “മുയല്‍പ്പട” എന്ന പേരില്‍ പാട്ടുകള്‍ എഴുതിയിരുന്നതായി ചരിത്ര രേഖകള്‍. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേങ്ങ കുറ്റൂര്‍ കൂളിപ്പിലാക്കല്‍ എടത്തോള ഭവനില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബ് അധികാരി സ്വന്തം വീട്ടില്‍ സ്ഥാപിച്ച ഗ്രന്ഥാലയത്തിലാണ് ഇത്തരത്തിലൊരു പടപ്പാട്ട് ഉണ്ടായിരുന്നതായി രേഖയുള്ളത്. കുഞ്ഞിമൊയ്തീന്‍ സാഹിബിന്റെ കാലശേഷം 1931ല്‍ മകന്‍ കുഞ്ഞാലി തയ്യാറാക്കിയ ഗ്രന്ഥശാലാ വിവര പട്ടികയിലാണ് വൈദ്യരുടെ മുയല്‍പ്പടയെ കുറിച്ച് പരാമര്‍ശമുള്ളത്.

പാട്ടു പുസ്തകങ്ങളുടെ വിവരം കാണിക്കുന്ന ലിസ്റ്റ് എന്ന പേരില്‍ തയ്യാറാക്കിയ മൂന്ന് പേജുള്ള പട്ടികയിലാണ് മുയല്‍പ്പട എന്ന കൃതിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ അന്‍പതാം ക്രമ നമ്പറായും മൂന്നാം ബുക്ക് നമ്പറായുമാണ് കൊണ്ടോട്ടി ഓട്ടുപാറക്കല്‍ മോയിന്‍കുട്ടി വൈദ്യര്‍ എഴുതിയ മുയല്‍പടപ്പാട്ട് എന്ന പുസ്തകം ഉള്ളതായി രേഖയുള്ളത്. എത്ര പാട്ടുകളുണ്ട് എന്നതിനെ കുറിച്ച് വിവരങ്ങളൊന്നും രേഖകളിലില്ല.
എടത്തോള ഭവന്റെ ഇപ്പോഴത്തെ അവകാശി ഗഫൂര്‍ എടത്തോള, തിരൂരങ്ങാടി പി എസ് എം ഒ കോളജ് ചരിത്ര വിഭാഗം മേധാവിയും ചരിത്രകാരനുമായ ഡോ. കെ കെ മുഹമ്മദ് സത്താര്‍, മലപ്പുറം ഗവ. കോളജ് ചരിത്ര വിഭാഗം മേധാവിയും ഗ്രന്ഥകാരനുമായ ഡോ. പി സക്കീര്‍ഹുസൈന്‍ എന്നീ ചരിത്രാന്വേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കൃതിയെക്കുറിച്ചുള്ള പരാമര്‍ശം കണ്ടെത്തിയത്.
2005ല്‍ വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ കെ കെ മുഹമ്മദ് അബ്ദുല്‍കരീം ഏറെ പഠനത്തിന് ശേഷം പുറത്തിറക്കിയെങ്കിലും മുയല്‍പ്പടയെക്കുറിച്ച് സൂചനപോലും കൃതിയില്‍ ഉണ്ടായിരുന്നില്ല.
വൈദ്യരുടെ തന്നെ ബദ്ര്‍, ഖുബ്‌റ, ബദ്ര്‍പട, ഹിജ്‌റ, മദിനിധിമാല, മലപ്പുറം ശുഹദ, സഖും എന്ന പാട്ട്, സലാസീന്‍, മൂലപുരാണം, കളത്തിമാല എന്ന ഒപ്പന പദം, ബദ്‌റുല്‍ മുനീര്‍ ഹുസുനുല്‍ജമാല്‍ എന്നീ കൃതികള്‍ ഈ ശേഖരത്തിലുള്ളതായി രേഖയുണ്ട്. കളത്തിമാല രചയിതാവിനെ പരിചയപ്പെടുത്തുമ്പോള്‍ വൈദ്യരോടൊപ്പം സി സൈതാലിക്കുട്ടിയുടെ പേരും രേഖയില്‍ നല്‍കിയിട്ടുണ്ട്.
എടത്തോള ഭവനില്‍ ഇത്തരത്തില്‍ അപൂര്‍വമായ കൈയെഴുത്ത് കൃതികള്‍ ഉള്‍പ്പെടെ അഞ്ഞൂറ് ഗ്രന്ഥങ്ങള്‍ ശേഖരത്തിലുണ്ടായിരുന്നതായി രേഖയുണ്ട്. പലപ്പോഴായി പല സൃഷ്ടികളും നഷ്ടപ്പെട്ടിട്ടുണ്ട്. മുയല്‍പ്പടയെന്ന കൃതി ഇനിയും കണ്ടെത്താനായിട്ടില്ല.

Latest