Connect with us

National

രജനിയെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ കളത്തിലിക്കി രാഷ്ട്രീയ പരീക്ഷണത്തിന് ബി ജെ പി ശ്രമം തുടങ്ങി. ഇതുസംബന്ധമായി സംസ്ഥാന ബി ജെ പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പച്ചക്കൊടി കാണിച്ചതായി അറിയുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സുന്ദര രാജന്‍ ഇന്നലെ രജനിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സിനിമയുടെ സെറ്റിലായതിനാലാണ് രജനിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കാതിരുന്നതെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പുസ്തകത്തിന്റെ തമിഴ് പതിപ്പ് രജനിയെ കൊണ്ട് പ്രകാശനം ചെയ്യിക്കാനാണ് ആദ്യ ശ്രമം. ഇതിന് ശേഷം തമിഴ്‌നാട്ടില്‍ ശക്തമായ തരംഗമുണ്ടാക്കി രജനിയുടെ നേതൃത്വത്തില്‍ പിടിച്ചുകയറുകയാണ് ലക്ഷ്യം. എന്നാല്‍ ബി ജെ പിയുടെ നീക്കത്തോട് രജനി കാന്ത് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. അഴിമതിക്കേസില്‍ ജയലളിത അഴിക്കുള്ളിലായതിനെ തുടര്‍ന്ന് എ ഡി എം കെ നേരിടുന്ന രാഷ്ട്രീയ സമ്മര്‍ദവും ഡി എം കെക്ക് ജനപിന്തുണ നഷ്ടമായ രാഷ്ട്രീയ സാഹചര്യവും നിലനില്‍ക്കെ രജനിയെ പോലുള്ള നേതാവിന്റെ സാന്നിധ്യമുണ്ടായാല്‍ തമിഴ്‌നാട്ടില്‍ കരപറ്റാനാകുമെന്നാണ് ബി ജെ പി കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.
ദ്രാവിഡ രാഷ്ട്രീയത്തിന് കടുത്ത വേരുള്ള തമിഴ്‌നാട്ടില്‍ നാളിതു വരെ ബി ജെ പി ക്ക് ശക്തമായ വേരോട്ടമുണ്ടാക്കാനായിട്ടില്ല. ലോക്‌സഭയില്‍ നേരത്തെ സംസ്ഥാനത്ത് നിന്ന് പാര്‍ട്ടിക്ക് സാന്നിധ്യമറിയിക്കാനായത് നേരത്തെ ദ്രാവിഡ പാര്‍ട്ടികളുമായി ബി ജെ പി കൂട്ടുണ്ടാക്കിയതിനെ തുടര്‍ന്നാണ്. എന്നാല്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ സംസ്ഥാനത്ത് ബി ജെ പി ഗതിപിടിക്കേണ്ടന്ന് എ ഐ ഡി എം കെയും ഡി എം കെയും തീരുമാനിച്ചതിനെ തുടര്‍ന്നാണ് ബി ജെ പിക്ക് തമിഴ്‌നാട്ടില്‍ സ്വാധീനം കുറഞ്ഞുപോയത്.
എന്നാല്‍ ഇരു ദ്രാവിഡ കക്ഷികളും ആഴക്കടലിലാണെന്നതിനാല്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് രജനിയെ പോലുള്ള നേതാവിനെ ലഭിച്ചാല്‍ സാഹചര്യം എളുപ്പമാവുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദി രജനീകാന്തിനെ നേരില്‍ കണ്ട് ബി ജെ പി പിന്തുണ തേടിയിരുന്നു. എന്നാല്‍ മനം തുറക്കാതിരുന്ന രജനീകാന്ത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മാറി ചിന്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത് .