Connect with us

Articles

നദീ സംയോജനം തടയാന്‍ കേരളം പരിശ്രമം തുടങ്ങണം

Published

|

Last Updated

ഗംഗാ നദിയും കാവേരിയും ബന്ധിപ്പിക്കുവാന്‍ അന്നത്തെ കേന്ദ്രമന്ത്രി ഡോ. കെ.എല്‍.റാവു ശ്രമം തുടങ്ങിയതാണ്. ക്യാപ്റ്റന്‍ ദസ്തര്‍ പിന്നീട് കനാല്‍ മാല എന്ന രീതിയില്‍ ഇന്ത്യയില്‍ നദീ സംയോജനം വേണമെന്ന ആശയം മുന്നോട്ട് വെച്ചു. സാങ്കേതികമായി വിജയമാകില്ലെന്ന വിലയിരുത്തലും ഭീമമായ ചെലവും കണക്കിലെടുത്ത് രണ്ട് പദ്ധതികളും ഉപേക്ഷിക്കപ്പെട്ടു. 1980ല്‍ കേന്ദ്ര ജലവിഭവ മന്ത്രാലയം ദേശീയ വീക്ഷണ പ്ലാന്‍ എന്ന പേരില്‍ പിന്നീട് അന്തര്‍ നദീതട ജല വിതരണത്തിനായി പ്രോജക്ട് തയ്യാറാക്കാന്‍ ശ്രമമാരംഭിച്ചു. 1982 ല്‍ നാഷനല്‍ വാട്ടര്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എന്‍ ഡബ്ല്യു ഡി എ) എന്ന പേരില്‍ നദീ സംയോജനത്തിന്റെ സാധ്യതാ പഠനത്തിനായി ഏജന്‍സിയെ നിയമിച്ചു. ഇതാണ് ദേശീയ നദീ സംയോജന പദ്ധതിയുടെ അടിസ്ഥാനശില. എന്‍ ഡബ്ല്യു ഡി എയുടെ പഠനങ്ങളെ വിശകലനം ചെയ്യാന്‍ 1999 ല്‍ ഒരു നാഷനല്‍ കമ്മീഷന്‍ നിലവില്‍ വന്നു. ഹിമാലയന്‍ നദികളെ കുറിച്ചും ഉപഭൂഖണ്ഡ നദികളെ കുറിച്ചും ആധികാരികമായ പഠനം ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചത് ഈ കമ്മീഷനാണ്. 2002 ലെ സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ചുളള പ്രസംഗത്തിലാണ് ഇന്ത്യന്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ കലാം നദീ സംയോജനത്തിന്റെ ആവശ്യകതയെ കുറിച്ച് ഊന്നിപ്പറഞ്ഞത്. അന്നത്തെ കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ നദീ സംയോജനവുമായി മുന്നോട്ട് പോയപ്പോള്‍ സീനിയര്‍ അഡ്വക്കറ്റ് രജിത്ത്കുമാര്‍ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തു. 2002 ഒക്‌ടോബറില്‍ സുപ്രീം കോടതി 2012ന് മുമ്പ് ഇന്ത്യയിലെ പ്രധാന നദികളുമായിപരസ്പരം ബന്ധിപ്പിക്കുന്നതിനായുളള പദ്ധതി തയ്യാറാക്കുവാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഡിസംബര്‍ 2012 ല്‍ ബി ജെ പി സര്‍ക്കാര്‍ സുരേഷ് പ്രഭുവിന്റെ നേത്യത്വത്തില്‍ ഒരു ടാസ്‌ക്‌ഫോഴ്‌സിനെ ഇതിനായി നിയമിച്ചു. ഇവര്‍ക്ക് 2012 ന് പകരം 2016ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സാവകാശം നല്‍കി. പൊതുതാത്പര്യ ഹരജിയില്‍ 2012 ഫെബ്രുവരി 27 ന് വിധി പറഞ്ഞു . ഇന്ത്യയിലെ 37 നദികളില്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചിരുന്ന 30 നദീ സംയോജനങ്ങളുമായി മുന്നോട്ട് പോകുവാനാണ് സുപ്രീം കോടതി വിധിച്ചത്. സംയോജനങ്ങളോട് ഇന്റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്‌സിനോടു സഹകരിക്കുവാനും സുപ്രീംകോടതി ഉത്തരവായി. 2014 ല്‍ ബി ജെ പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. സ്വാഭാവികമായും നദീ സംയോജന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകും. ഇന്ത്യയിലെ ജനങ്ങള്‍ ഒരേ വായു ശ്വസിക്കുന്നതുപോലെ എല്ലാവരും ഗംഗാജലം കുടിക്കട്ടെയെന്ന് സര്‍ക്കാരിന് തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പദ്ധതി നടപ്പാക്കുവാന്‍ സര്‍വ പരിശ്രമവും ഉണ്ടാകും. നദീ സംയോജനത്തെ കേരളം എന്തുകൊണ്ട് എതിര്‍ക്കണം? നദീ സംയോജനപദ്ധതി പ്രകാരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നദിയും, അച്ചന്‍കോവിലാര്‍ തിരിച്ചുവിട്ട് തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയില്‍ ജലം ലഭ്യമാക്കുകയെന്നതാണ് പദ്ധതി. 37 നദികളിലായി നടപ്പാക്കുന്ന 30 നദീ സംയോജനങ്ങളില്‍ മുപ്പതാമത്തെ സംയോജനമാണിത്. കേരളത്തിലെ ഒരു നദിയിലും വേനല്‍ക്കാല നീരോഴുക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. വേനലിന് മുമ്പുതന്നെ വനനാശം മൂലം പശ്ചിമഘട്ടത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന കേരള നദികളിലെ വേനല്‍ക്കാല ഒഴുക്ക് നിലച്ച മട്ടിലാണ്. ജലമൊഴുക്കില്ലാത്തതിനാല്‍ നദികള്‍ ചെന്നുചേരുന്ന കായലില്‍ നിന്നും കടലില്‍നിന്നും നദികളുടെ ശാഖകളും ഉപശാഖകളും വഴി വേലിയേറ്റ സമയത്ത് കൂടുതല്‍ നദികളുടെ ഉളളിലേക്ക് ഉപ്പുവെളളം കയറുന്നത് ഒക്‌ടോബര്‍ -നവംബര്‍ മാസങ്ങളില്‍ തന്നെ ആരംഭിക്കുകയാണ്. അതായത് അറ്റ വേനലായ മാര്‍ച്ച്-മേയ് മാസങ്ങള്‍ക്ക് മുമ്പു തന്നെ എല്ലാവര്‍ഷവും ആരംഭിക്കുകയാണ്. ഇതോടെ നമ്മുടെ കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകള്‍ അവതാളത്തിലാകുന്നതും സ്ഥിരമായി സംഭവിക്കുന്നതാണ്. വേനല്‍ രൂക്ഷമാകുമ്പോള്‍ പമ്പാ നദിയില്‍ കുളിച്ച് ശബരിമലയില്‍ കയറുവാനുള്ള ഭക്തരുടെ ആഗ്രഹമാണ് ജലമില്ലാത്തതിനാല്‍ തടസ്സമായി തീരുന്നത്.ആ പമ്പാനദിയെയാണ് അച്ചന്‍കോവിലാറുമായി ബന്ധിപ്പിച്ച് തമിഴ്‌നാട്ടിലെ പൈപ്പറിലേക്ക് തിരിച്ചു വിടാനൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ഉല്‍ഭവിക്കുന്നു അല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ വ്യഷ്ടി പ്രദേശമുണ്ടെന്ന കാരണം പറഞ്ഞാണ് പറമ്പിക്കുളം- അളിയാര്‍ പ്രോജക്ട് വഴി ഭാരതപ്പുഴ, പെരിയാര്‍, ചാലക്കുടിപുഴ എന്നീ കേരളത്തിലെ നദികളിലെ വെളളമാണ് തമിഴ്‌നാട് യഥേഷ്ടം ഉപയോഗിക്കുന്നത്.
കരാര്‍ ലംഘനം നടത്തുന്ന തമിഴ്‌നാട് പി എ പി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട ജലം തരുന്നില്ലെന്ന് മാത്രമല്ല, കരാറില്‍ പറയുന്നതുപോലെ കേരളത്തോട് അനുവാദം പോലും ചോദിക്കാതെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കും ജല വൈദ്യുതപദ്ധതികള്‍ക്കും ജലസേചന പദ്ധതികള്‍ക്കും കൂടുതല്‍ ഉപയോഗിക്കുകയാണ്.1970 ല്‍ ഏതാണ്ട് 30 വര്‍ഷത്തേക്ക് ഒപ്പിട്ട കരാര്‍ പുതുക്കുന്നതിനോ മാറ്റം വരുന്നതിനോ പോലും തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പറമ്പിക്കുളം, പെരുവാരിപ്പളളം, തുണക്കടവ് എന്നീ പി എ പി യി ലെ അണക്കെട്ടുകള്‍ ( കേരളത്തിനകത്തെ ഡാമുകള്‍) തമിഴ്‌നാടിന്റെതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. 1886 ല്‍ ഒപ്പിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട് പണ്ടേ തന്നെ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണുതാനും. കേരളത്തില്‍ നിന്നും ജലം ഊറ്റിക്കൊണ്ടു പോകുവാനുള്ള ഒരവസരവും തമിഴ്‌നാട് വേണ്ടെന്ന് വെച്ചിട്ടില്ല.

പമ്പാ നദിയും-അച്ചന്‍കോവിലാറും ഒഴുകി ചെന്നെത്തുന്നത് വേമ്പനാട് കായലിലാണ്. ഈ കായലിലെ ലവണാംശത്തില്‍ വര്‍ഷത്തിലെ വിവിധ കാലങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഈ രണ്ടു നദികള്‍ക്കും വളരെ വലിയ പങ്കാണുളളത്. കായല്‍ ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതവുമാണ്. പലവക സസ്യങ്ങള്‍ മുതല്‍ വലിയ മത്സ്യങ്ങള്‍ വരെയും ,ചെമ്മീന്‍, ഞണ്ട്, ഞവുണിത, ആമ, മറ്റ് ജല ജീവികള്‍ എന്നിവയുടെ പ്രജനനവും, നിലനില്‍പ്പും വേമ്പനാട്ടുകായലില്‍ നദികളിലൂടെ ശുദ്ധ ജലം വന്നെത്തുന്നതും, കടലില്‍ നിന്നും ഉപ്പുവെളളം വന്നെത്തുന്നതും അനുസരിച്ചാണ്. ലക്ഷക്കണക്കിന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് വേമ്പനാടുകായലിനെ ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും ജീവസസാരണം നടത്തുന്നത്. ഭാരതസര്‍ക്കാരിന്റെ 30-ാ മത്തെ സംയോജനമായ വേമ്പനാടു കായലില്‍ ഘടനാപരവും,ഗുണപരവും, ജൈവപരവുമായ മാറ്റങ്ങളാണ് സ്യഷ്ടിക്കുക. മഴക്കാലത്തെ ജലത്തിന്റെ അളവ് മാത്രം കണക്കിലെടുത്ത്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ തെറ്റായ കണക്കുകള്‍ നിരത്തി മറ്റു സംസ്ഥാനത്തെ നദികളായ പമ്പാ നദിയിലെയും അച്ചന്‍കോവിലാറിലെയും വെളളം കേരള ജനതയുടെ താല്പര്യം സംരക്ഷി ക്കാതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചു വിടുന്നത് തടയുവാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തിനകത്ത് നിര്‍മ്മിച്ചിട്ടുളള പറമ്പിക്കുളം,പെരിവാരിപ്പളളം,തുണക്കടവ്, ഇടമലയാര്‍ തുടങ്ങി 4 അണക്കെട്ടുകളാണ് വിവിധ കരാറുകളും ഉടമ്പടികളും മൂലം തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ളത്. നദീ സംയോജനം വഴി പമ്പാ നദിയുടെയും അച്ചന്‍കോവിലാറിന്റെയും നിയന്ത്രണം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകരുത്. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൂടൂതല്‍ ജാഗരൂകരായിരുന്നാല്‍ മാത്രമേ വേനലില്‍ വരള്‍ച്ച നേരിടുന്ന, ടാങ്കര്‍ലോറിയില്‍ കുടിവെളള വിതരണം നടത്തുന്ന സംസ്ഥാന സര്‍ക്കാരിന് കൂടൂതല്‍ ജലവിതരണ ബാധ്യത ഉണ്ടാകാതിരിക്കുകയുളളൂ