Connect with us

Editorial

ഏഷ്യാഡ്: ഇന്ത്യ കിതക്കുന്നു

Published

|

Last Updated

ദക്ഷിണ കൊറിയ (ഇഞ്ചോണ്‍)ആതിഥേയത്വം വഹിച്ച പതിനേഴാമത് ഏഷ്യന്‍ ഗെയിംസ് വലിയ വിവാദങ്ങളില്ലാതെ സമാപിച്ചു. മൊത്തം പ്രകടനം വിലയിരുത്തിയാല്‍ ഇന്ത്യയുടെ നില പരിതാപകരമാണ്. 11 സ്വര്‍ണവും 9 വെള്ളിയും 37 വെങ്കലവുമടക്കം നമുക്ക് ലഭിച്ചത് 57 മെഡലുകള്‍. അത്‌ലറ്റിക്‌സില്‍ നമ്മെ പിന്തള്ളി പലരും കുതിച്ചുചാട്ടം നടത്തുന്നത് നാം കണ്ടു. ഏഷ്യാഡില്‍ ഒന്നാം സ്ഥാനമുള്ള ചൈന 149 സ്വര്‍ണവും 107 വെള്ളിയും 81 വെങ്കലവുമടക്കം 337 മെഡലുകള്‍ വാരിക്കൂട്ടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടെ കിറ്റില്‍ 77 സ്വര്‍ണപതക്കങ്ങളുണ്ട്. 46 സ്വര്‍ണവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഇന്ത്യ കുതിക്കുകയല്ല, കിതക്കുകയാണ്. കബഡിയില്‍ നേടിയ ഇരട്ട സ്വര്‍ണവും, പുരുഷ ഹോക്കി കിരീടവും, 4ഃ400 റിലേ സ്വര്‍ണവും, സീമ പുനിയയുടെ ഡിസ്‌കസ് ത്രോ സ്വര്‍ണവും തിളക്കമാര്‍ന്നതാണ്. മെഡല്‍ ജേതാക്കളെ മാത്രമല്ല, ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മുഴുവന്‍ കായിക താരങ്ങളേയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. രാജ്യത്തിന് സ്വര്‍ണ പതക്കങ്ങള്‍ നേടുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക്‌വഹിച്ച മലയാളി താരങ്ങളായ ടിന്റു ലൂക്ക, ഹോക്കി ടീം ഗോള്‍കീപ്പര്‍ ശ്രീജേഷ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. പുരുഷ ഹോക്കി ടീം 2016ലെ റിയ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. 16 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം പഴയ പ്രതാപം തിരിച്ചുപിടിക്കുന്നത്.
ഉത്തേജക മരുന്നടിയില്‍ ഇഞ്ചോണ്‍ ഏഷ്യാഡും മുക്തമല്ല. വുഷു സ്വര്‍ണം നേടിയ മലേഷ്യയുടെ വനിതാതാരം ചു സുവാന്‍, വനിതാ ഹാമര്‍ത്രോ സ്വര്‍ണം നേടിയ ചൈനീസ് താരം ഷാങ് വെല്‍ സി, താജിക് ഫുട്‌ബോളര്‍ ഖുര്‍ഷിദ് ബെക്‌ന സറോവ്, കംബോഡിയന്‍ സോഫ്ട് ടെന്നീസ് താരം എന്നിവര്‍ പിടിക്കപ്പെട്ടു.
57 കിലോഗ്രാം ലൈറ്റ് വെയ്റ്റ് വനിതാ വിഭാഗത്തിന്റെ ക്വാര്‍ട്ടറില്‍ സരിതാ ദേവിക്ക് അവകാശപ്പെട്ട വിജയം ഇടിക്കൂട്ടിന് പുറത്തിരുന്ന ജൂറിമാര്‍ അട്ടിമറിക്കുന്നത് മത്സരത്തിന് സാക്ഷ്യം വഹിച്ചവരെല്ലാം കണ്ണുനിറയെ കണ്ടതാണ്. സരിതയിടെ മിന്നല്‍പിണറു കണക്കെയുള്ള ഇടിയേറ്റ് എതിരാളിയായ ദക്ഷിണ കൊറിയയുടെ ജി ന പാര്‍ക്കിന്റെ മൂക്കില്‍ നിന്നും ചോര വാര്‍ന്നു. മത്സരം പലപ്പോഴും നിര്‍ത്തിവെക്കേണ്ടിയും വന്നു. “3-0 മത്സര ഫലം മുന്‍ നിശ്ചയപ്രകാരമുള്ളതാണ്. ഇടിയേറ്റ് കൊറിയന്‍ താരം വലഞ്ഞപ്പോള്‍ പലതവണ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു”- സരിതയുടെ ക്യൂബക്കാരനായ കോച്ച് ഫെര്‍ണാണ്ടസിന്റെ പ്രതികരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഈ മത്സരത്തില്‍ വിജയം ഉറപ്പിച്ചിരുന്ന സരിത സെമിയും കടന്ന് ഫൈനലിലെത്തി ഇന്ത്യക്ക് സ്വര്‍ണം നേടുമായിരുന്നു. അത്രയും മികച്ചതും ആധികാരികവുമായ പ്രകടനമായിരുന്നു ഒരു കൈക്കുഞ്ഞിന്റെ മാതാവായ 29കാരി മണിപ്പൂര്‍ താരം കാഴ്ചവെച്ചത്. സംഘാടകര്‍ വെച്ച് നീട്ടിയ വെങ്കല മെഡല്‍ വാങ്ങാന്‍ സരിത ആദ്യം വിസമ്മതിച്ചതിന് അവരെ കുറ്റപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. അതിനിടയില്‍ സരിതാ ദേവിക്കെതിരെ അച്ചടക്കത്തിന്റെ വാളുമായി അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ നടപടിക്ക് മുതിര്‍ന്നപ്പോള്‍ അവര്‍ നിരുപാധികം മാപ്പ് പറഞ്ഞു. കര്‍ക്കശ താക്കീതോടെ സരിത പ്രശ്‌നത്തിന് വിരാമമിടാന്‍ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ തയ്യാറായി. മത്സരത്തിലുടനീളം മികവ് പുലര്‍ത്തിയിട്ടും, ജൂറിമാരുടെ തലതിരിഞ്ഞ വിധിയെഴുത്ത് വന്നപ്പോള്‍ പ്രതിഷേധം സ്വാഭാവികം. പക്ഷെ, തനിക്ക് സംഘാടകര്‍ സമ്മാനിച്ച വെങ്കല മെഡല്‍, വിവാദ മത്സരത്തില്‍ എതിരാളിയായിരുന്ന ദക്ഷിണ കൊറിയന്‍ താരത്തിന്റെ കഴുത്തിലണിയിച്ച നടപടി ആര്‍ക്കും അംഗീകരിക്കാനാവാത്തതാണ്. ജൂറിമാരുടെ പിഴവിന് താരം എന്ത് പിഴച്ചു?.
ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇടിക്കൂട്ടിലെ സുവര്‍ണതാരം മേരികോം തന്നെയാണ്. അഞ്ച്തവണ ലോക ചാമ്പ്യന്‍ ഷിപ്പ് നേടിയിട്ടുള്ള ഇവര്‍ 2012 ഒളിമ്പിക്‌സില്‍ വെങ്കലവും നാല്തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്, ഇതുവരെ മേരികോമിന് പിടികൊടുക്കാതിരുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം 31-ാം വയസിലാണ് അവര്‍ നേടിയത്. ക്വാര്‍ട്ടറില്‍ മേരി കീഴ്‌പ്പെടുത്തിയത് തന്നേക്കാള്‍ 10 വയസ് പ്രായക്കുറവുള്ള വിയറ്റ്‌നാം താരത്തെയാണ്. ഇരട്ടകളടക്കം മൂന്ന് ആണ്‍മക്കളുള്ള മേരികോം ഫൈനലില്‍ തന്നെക്കാള്‍ ആറ് വയസ് കുറവുള്ള കസാഖിസ്ഥാന്റെ ഷൈന ഷെകെര്‍ബെക്കോവയെയാണ് കീഴടക്കിയത്.
കൂടുതല്‍ ഉയരവും വേഗവും തേടി ഇനിയും ചാമ്പ്യന്‍ ഷിപ്പുകള്‍ നടക്കും. ജനതകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഇവക്ക് ഏറെ പ്രാമുഖ്യമുണ്ട്. മത്സരങ്ങള്‍ വിജയിക്കുക എന്നതിലേറെ മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം. ആത്മസമര്‍പ്പണം, കഠിനാദ്ധ്വാനം, മികച്ച പരിശീലനം എന്നിവയിലൂടെ മഹത്തരങ്ങളായ നേട്ടങ്ങളുണ്ടാക്കിയ മേരികോം അത്‌ലറ്റുകള്‍ക്കും മറ്റ് കായികതാരങ്ങള്‍ക്കും പിന്തുടരാവുന്ന റോള്‍ മോഡലാണെന്ന് നിസ്സംശയം പറയാം.