Connect with us

Kerala

കെ എസ് ആര്‍ ടി സി അന്വേഷണ കൗണ്ടറുകള്‍ നിര്‍ത്തലാക്കുന്നു

Published

|

Last Updated

കൊല്ലം: തസ്തികകള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി ബസ് ഡിപ്പോകളിലെ അന്വേഷണ കൗണ്ടറുകള്‍ നിര്‍ത്തലാക്കാന്‍ മാനേജ്‌മെന്റ് നീക്കം തുടങ്ങി. ഇതിന്റെ തുടക്കമെന്ന നിലയില്‍ കൊല്ലം ഡിപ്പോയിലെ അന്വേഷണ കൗണ്ടര്‍ ഭാഗികമായി നിര്‍ത്തലാക്കി. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് മണി വരെയുള്ള അന്വേഷണ വിഭാഗം കൗണ്ടറാണ് ആദ്യപടിയായി ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
ബസുകളുടെ എണ്ണവും ജീവനക്കാരുടെ എണ്ണവും ഷെഡ്യൂളുകളും വെട്ടിക്കുറച്ച് കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് അന്വേഷണ കൗണ്ടറുകള്‍ നിര്‍ത്തലാക്കുന്നതിന് പിന്നിലെന്ന് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി ഗോപാലകൃഷ്ണന്‍ സിറാജിനോട് പറഞ്ഞു.
ഡിപ്പോയിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സമയത്ത് പ്രവര്‍ത്തിക്കുന്ന കൗണ്ടറാണ് കൊല്ലത്ത് ഇപ്പോള്‍ നിര്‍ത്തലാക്കിയത്. കൊല്ലം- പത്തനംതിട്ട, കൊല്ലം- കുളത്തൂപ്പുഴ തുടങ്ങിയ ചെയിന്‍ സര്‍വീസുകളുടെയും അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ സീറ്റ് റിസര്‍വേഷനുകളുടെയും ഡിപ്പോ വഴി കടന്നുപോകുന്ന ദീര്‍ഘദൂര സര്‍വീസുകളുടെയും വിവരങ്ങള്‍ അനൗണ്‍സ് ചെയ്യുക, സമയം രേഖപ്പെടുത്തുക, സര്‍വീസിനിടയില്‍ ബസുകള്‍ക്ക് സംഭവിക്കുന്ന ബ്രേക്ക് ഡൗണ്‍, അപകട വിവരങ്ങള്‍ തുടങ്ങിയ ഫോണ്‍ സന്ദേശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി ഗ്യാരേജിലും മറ്റു ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്ന അന്വേഷണ വിഭാഗമാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
രേഖാമൂലമുള്ള യാതൊരു മുന്നറിയിപ്പും ഇല്ലാതെ കെ എസ് ആര്‍ ടി സി എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഫോണ്‍ മാര്‍ഗം കൗണ്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് കൊല്ലത്തെ കൗണ്ടറിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിക്കൊണ്ട് ഡയരക്ടറുടെ ഫോണ്‍ സന്ദേശം വന്നത്.
ജില്ലാ ആസ്ഥാനമായ കൊല്ലത്തെ ഡിപ്പോയെ തരംതാഴ്ത്താനുള്ള നീക്കവും ഇതിന് പിന്നിലുണ്ടെന്ന് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ജില്ലയിലെ കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി എന്നീ ഡിപ്പോകളും തരം താഴ്ത്തല്‍ ഭീഷണി നേരിടുന്നുണ്ട്. കൊല്ലം ഡിപ്പോയിലെ അന്വേഷണ കൗണ്ടര്‍ നിര്‍ത്തലാക്കിയത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുകയില്ലെന്ന് കണ്ടാല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഡിപ്പോകളിലെയും അന്വേഷണ കൗണ്ടറുകള്‍ എടുത്തുകളയാനാണ് മാനേജ്‌മെന്റ് നീക്കമെന്നറിയുന്നു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ പ്രധാന ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടറുകളാണ് ഭാവിയില്‍ നിര്‍ത്തല്‍ ചെയ്യാന്‍ പോകുന്നവയെന്ന് സൂചനയുണ്ട്.
കൊല്ലം ഡിപ്പോയിലെ അന്വേഷണ കൗണ്ടറിന്റെ പകല്‍ സമയത്തെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത് ആയിരക്കണക്കിന് വരുന്ന യാത്രക്കാര്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. ഡിപ്പോയിലെത്തുന്ന ബസുകളുടെ സ്ഥലവും സമയവും സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരിലെത്തിച്ച് വന്നിരുന്നത് കൗണ്ടര്‍ നിര്‍ത്തലാക്കിയതോടെ ഇല്ലാതായിരിക്കുകയാണ്.
ഇതുമൂലം യാത്രക്കാര്‍ക്ക് ബസുകള്‍ എവിടേക്ക് പോകുന്നവയാണെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നില്ല. അന്തര്‍ സംസ്ഥാന ബസുകളുടെ റിസര്‍വേഷന്‍ സൗകര്യവും ഈ കൗണ്ടര്‍ നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ക്ക് ലഭ്യമല്ലാതായിരിക്കുകയാണ്.
റിസര്‍വേഷനിലൂടെ കെ എസ് ആര്‍ ടി സിക്ക് നല്ല വരുമാനമാണ് ലഭിച്ചുവന്നിരുന്നത്. കൊല്ലം ഡിപ്പോയിലെ അന്വേഷണ കൗണ്ടര്‍ പുനസ്ഥാപിക്കണമെന്നും സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലെ കൗണ്ടറുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സംയുക്ത സമരസമിതി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.
ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മാസം 30ന് കെ എസ് ആര്‍ ടി സി ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് സംയുക്തസമരസമിതി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സംഘടനാ നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം ആറിന് കൊല്ലം ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പണിമുടക്ക് നടത്താനാണ് സംയുക്തസമര സമിതിയുടെ തീരുമാനം.

---- facebook comment plugin here -----

Latest