Connect with us

International

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ സന്നദ്ധമെന്ന് സ്വീഡന്‍

Published

|

Last Updated

ഡെന്‍മാര്‍ക്ക്: ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി സ്വീഡന്‍ സന്നദ്ധത അറിയിച്ചു. ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നം രണ്ട് രാഷ്ട്രമെന്ന മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂവെന്നും ഇതിന് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ വേണമെന്നും സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫന്‍ പറഞ്ഞു. പാര്‍ലിമെന്റില്‍ തന്റെ പ്രഥമ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രണ്ട് രാഷ്ട്രമെന്ന പരിഹാരം മാത്രമേ ഇതിന് ഉള്ളൂവെന്നും ആയതിനാല്‍ സ്വീഡന്‍ ഫലസ്തീ നെ രാഷ്ട്രമായി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012ല്‍ യു എന്‍ ജനറല്‍ അസംബ്ലി, ഫലസ്തീന് രാഷ്ട്ര പദവി തത്വത്തില്‍ അംഗീകരിച്ചു നല്‍കിയിരുന്നു. പക്ഷേ യൂറോപ്യന്‍ യൂനിയനിലെ ഭൂരിഭാഗം രാജ്യങ്ങളും ഇതിന് ഔദ്യോഗികമായ അംഗീകാരം നല്‍കിയിട്ടില്ല. യൂറോപ്യന്‍ യൂനിയനില്‍ അംഗമാകുന്നതിന് മുമ്പ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ രാജ്യങ്ങള്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായത്. സ്വീഡന്‍ പുതിയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍, യൂറോപ്യന്‍ യൂനിയനില്‍ അംഗമായതിന് ശേഷം ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാകും സ്വീഡന്‍.
സ്വീഡന്റെ ഈ നിലപാട് ഫലസ്തീനിന് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. സ്വീഡന്റെ നിലപാട് വ്യക്തമാക്കിയത് വഴി, ഇതേ നിലപാട് സ്വീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കും സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അതേസമയം സ്വീഡന്റെ ധീരമായ ഈ നടപടിയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. അപക്വമായ നിലപാടെന്നാണ് ഇതിനെ അമേരിക്ക വിശേഷിപ്പിച്ചത്. സ്വീഡന്റെ നിലപാട് വളരെ പ്രധാനപ്പെട്ടതെന്നും ധീരമായതെന്നും മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് സഇബ് ഹറകാത് ചുണ്ടിക്കാട്ടി. സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ തങ്ങള്‍ അഭിവാദ്യം ചെയ്യുകയാണെന്നും ഇതേ നിലപാട് യൂറോപ്യന്‍ യൂനിയനിലെ മറ്റു രാജ്യങ്ങളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest