Connect with us

International

ഇരു കൊറിയകളും ചര്‍ച്ചക്ക് സമ്മതമറിയിച്ചു

Published

|

Last Updated

സിയോള്‍: വടക്കന്‍ കൊറിയയും ദക്ഷിണ കൊറിയയും പരസ്പര ചര്‍ച്ചകള്‍ക്ക് സമ്മതം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ ഇതോടെ പുനഃരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. വടക്കന്‍ കൊറിയയുടെ മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥര്‍ ദക്ഷിണ കൊറിയയില്‍ അപൂര്‍വ സന്ദര്‍ശനം നടത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ച്ചക്കിടെയാണ് ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ ധാരണായത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
ഏഷ്യന്‍ ഗെയിംസിന്റെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് വടക്കന്‍ കൊറിയയില്‍ നിന്നുള്ള മൂന്നംഗ സംഘം ദക്ഷിണ കൊറിയയില്‍ എത്തിയത്. കഴിഞ്ഞ മാസം മൂന്ന് മുതല്‍ വടക്കന്‍ കൊറിയയുടെ നേതാവായ കിം ജോംഗ് യുന്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്ന പ്രചാരണങ്ങള്‍ നിലനില്‍ക്കെയാണ് മൂന്ന് പ്രതിനിധികള്‍ ദക്ഷിണ കൊറിയയില്‍ അപൂര്‍വമായ സന്ദര്‍ശനത്തിനെത്തിയത്. ഇന്നലെ ഇഞ്ചോണ്‍ എയര്‍പോര്‍ട്ടില്‍ സൈനിക വേഷവിധാനത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. ഹ്വാംഗ് പ്യോഗാണ് സംഘത്തിന്റെ നേതാവ്.
അഞ്ച് വര്‍ഷം കൂടുമ്പോഴാണ് പരസ്പരം ശത്രുതതയില്‍ കഴിയുന്ന ഈ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ചക്ക് എത്താറുള്ളൂ. വടക്കന്‍ കൊറിയയില്‍ നിന്നെത്തിയ പ്രതിനിധികള്‍ ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ കൊറിയയില്‍ നിന്നുള്ള പ്രതിനിധികളുടെ വരവിനെ സ്വാഗതം ചെയ്ത ദക്ഷിണ കൊറിയ, ഇത് ക്രിയാത്മകമായ മുന്നേറ്റമാണെന്നും വിശേഷിപ്പിച്ചു.

Latest