Connect with us

Articles

സമര്‍പ്പണത്തിന്റെ പ്രചോദന ശാസ്ത്രം

Published

|

Last Updated

മാനവിക സ്‌നേഹത്തിന്റെയും വിശ്വ സഹോദര്യത്തിന്റെയും സ്‌നേഹാര്‍ദ്രമായ സന്ദേശമാണ് ഹജ്ജ് കര്‍മവും അതിന്റെ പരിസമാപ്തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും. ത്യാഗത്തിന്റെ സ്മരണകളുയര്‍ത്തി, നാഥനിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി, ലോക മുസ്‌ലിംകള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.
ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതെല്ലാം നാഥന് മുന്നില്‍ സമര്‍പ്പിക്കുന്ന മനോഹരമായ ജീവിതമാണ് ഇബ്രാഹിം നബി(അ) കാഴ്ചവെച്ചത്. ഹസ്‌റത്ത് ഇബ്‌റാഹിം നബി(അ)യും തിരു കുടുംബവും മാനവരാശിക്ക് സമര്‍പ്പിച്ചത് മനുഷ്യത്വത്തിന്റെ പാഠങ്ങളും സാംസ്‌കാരികവും നാഗരികവുമായ പുതുജീവിതവുമായിരുന്നു. സ്വന്തം മകനെ ബലി കൊടുക്കാന്‍ സന്നദ്ധത കാണിച്ച ആ മഹാ മനസ്സിന്, അല്ലാഹുവിന് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസികളെ പ്രചോദിപ്പിക്കാനുള്ള ശേഷിയുണ്ട്.
പ്രലോഭനങ്ങളെ വിശ്വാസം കൊണ്ട് പ്രതിരോധിച്ച് വിജയിക്കാനുള്ള സന്ദേശമാണ് ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈല്‍ നബി(അ)യുടെയും ജീവിത ചരിത്രത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട മഹത്തായ പാഠം. നമ്മുടെ ജീവിത പരിസരത്തെ മുഴുവന്‍ പ്രലോഭനങ്ങളെയും ധാര്‍മികനിഷ്ഠമായ ജീവിതം കൊണ്ട് പ്രതിരോധിക്കുക എന്ന മഹത്തായ സന്ദേശം തന്നെയാണ് ബലിപെരുന്നാളും ലോകത്തിന് സമ്മാനിക്കുന്നത്. പരീക്ഷണവും പ്രതിസന്ധിയും ജീവിതത്തിന്റെ ഭാഗമാണ്. ക്ഷമയും സഹനവും ആര്‍ജിച്ച് വിപല്‍സന്ധികളെ അതിജീവിക്കാന്‍ കഴിയണം. പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് സമൂഹത്തെയും രാജ്യത്തെയും നന്മയിലേക്ക് നയിക്കാന്‍ കഴിയില്ല. മതാവബോധവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉള്ളവര്‍ക്കേ രാജ്യത്തിന്റെ കാവലാളാവാനും ധാര്‍മിക സംസ്‌കൃതിയുടെ സൂക്ഷിപ്പുക്കാരനാവാനും കഴിയുകയുള്ളൂ.
രാഷ്ട്രീയ-മതരംഗ വ്യത്യാസമില്ലാതെ ധര്‍മക്ഷയം സര്‍വ മേഖലയിലും പ്രകടമാണ്. അധികാര ഭ്രമവും ഭൗതികതയോടുമുള്ള അഭിനിവേശവുമാണ് പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നത്. ജാതീയവും വര്‍ഗീയവുമായ സങ്കുചിതത്വവും രാഷ്ട്രീയ ധ്രുവീകരണവും മനുഷ്യത്വത്തെയും മാനവിക മൂല്യങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകം ഇത്തരമൊരു സങ്കീര്‍ണ സമസ്യയിലൂടെ സഞ്ചരിക്കുന്ന ഘട്ടത്തിലാണ് വിശ്വമാനവികതയുടെ ഉദാത്ത സന്ദേശവുമായി ഹജ്ജ് കര്‍മവും ബലിപെരുന്നാളും സമാഗതമാവുന്നത്. ഈ സന്ദര്‍ഭം സഹവര്‍ത്തിത്വത്തിന്റെ സുവര്‍ണ നിമിഷങ്ങളാക്കി മാറ്റാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിത മൂല്യങ്ങളുടെ വീണ്ടെടുപ്പിനുള്ള അവസരമാകാനും എല്ലാ ജനവിഭാഗങ്ങളും സര്‍വാത്മനാ ശ്രമിക്കണം.
രാഷ്ട്രീയവും ജാതീയവുമായ വൈര്യത്തിന്റെയും വിദ്വേഷത്തിന്റെയും കനലുകളില്‍ സാമൂഹിക പരിസരം വെന്തു നീറുകയാണ്. മനുഷ്യരെ ജീവനോടെ ചുട്ടെരിക്കുന്ന ദാരുണാവസ്ഥയിലേക്കാണ് അധികാര രാഷ്ട്രീയം സാധാരണ ജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഓരോ കലാപത്തിന്റെയും വര്‍ഗീയ ലഹളയുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം രാഷ്ട്രീയ അധികാരവും ഭരണ പങ്കാളിത്തവുമാണ്. ഇതിനു മതത്തെയും വിശ്വാസികളെയും വേട്ടയാടുകയാണ്. മതശാസനകള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ ഓരോരോ കാരണങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളുടെ ഹൃദയങ്ങളില്‍ മതവിദ്വേഷം കുത്തിനിറക്കുന്നു. അതിന്റെ പരിണതിയാണ് വിവിധ നാടുകളില്‍ ഉണ്ടായ വര്‍ഗീയ കലാപങ്ങള്‍. ബഹുസ്വരതയാണ് ഇന്ത്യയുടെ സ്വത്വമെന്ന് പറയുന്നവര്‍ പോലും വിഭാഗീയതയാണ് പാലൂട്ടി വളര്‍ത്തുന്നത്. അതോടൊപ്പം തന്നെ അന്ധമായ മതവിദ്വേഷവും ധാര്‍മിക ധ്വംസനവും നടക്കുന്നു. രാഷ്ട്രീയവും മതപരവുമായ അരക്ഷിതാവസ്ഥയാണ് ഇതുമൂലം ഉടലെടുക്കുന്നത്.
നീതി നിഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും രാജ്യ സേവനവും വിനഷ്ടമായിരിക്കുന്നു. പകരം ജാതി രാഷ്ട്രീയവും സ്വജനപക്ഷാപാതവും പുനര്‍ജനിച്ചിരിക്കുന്നു. ത്യാഗബോധത്തോടെയുള്ള രാഷ്ട്രീയ സേവനത്തിന്റെ അഭാവമാണ് ഛിദ്ര ശക്തികളുടെയും വര്‍ഗീയ വാദികളുടെയും വളര്‍ച്ചക്ക് നിമിത്തമാകുന്നത്. ഇതിന്റെ തിക്ത ഫലമാണ് ലോകവും രാജ്യവും ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍.
പരിഹാരം വിശ്വാസം എന്ന അതിമഹത്തായ അനുഭവത്തിലാണുള്ളത്. വിശ്വാസം കൊണ്ട് വെല്ലുവിളികളെ അതിജയിക്കാനുള്ള കരുത്താര്‍ജിക്കണം. വ്യക്തി ജീവിതത്തിലെ അധാര്‍മിക പ്രവണതകളോട് സമരസപ്പെടാതെ, ധാര്‍മിക ജീവിതത്തിനായി ജാഗ്രത പുലര്‍ത്തുന്ന ഒരു ജീവിതം ക്രമപ്പെടുത്താനുള്ള ശ്രമമാണ് വിശ്വാസികള്‍ നടത്തേണ്ടത്. അതു വഴിയാണ് സാമൂഹിക പരിസരങ്ങളിലെ പ്രതിസന്ധികളോട് പൊരുതാനാവൂ. സമൂഹത്തിലെ അനീതിയോടും അധാര്‍മികതകളോടും സമരത്തിലേര്‍പ്പെടുന്ന, ക്രിയാത്മകമായ ജീവിതം നയിക്കുന്ന ഒരു സമൂഹം രാജ്യത്തിനും നാട്ടുകാര്‍ക്കും അഭിമാനമാണ്. ഇതര മതസ്ഥരുമായും സമൂഹങ്ങളുമായും ആത്മാര്‍ഥയുള്ള സൗഹാര്‍ദ്ദം സ്ഥാപിക്കാനും വര്‍ഗീയ ധ്രുവീകരണങ്ങളെ പ്രതിരോധിക്കാനും വിശ്വാസം കൊണ്ട് മാത്രമേ സാധിക്കൂ. അകലങ്ങളില്‍ ജീവിക്കുന്ന മനുഷ്യ മനസ്സുകളെ അടുപ്പിക്കാനും കൂടുതല്‍ സന്തോഷകരമായ സാമൂഹിക ജീവിതം കെട്ടിപ്പടുക്കാനും ഈ പെരുന്നാള്‍ ദിനം പ്രചോദനമാവണം. മനുഷ്യ മനസ്സുകളെ അകലങ്ങളിലാക്കുന്ന എല്ലാ മതില്‍കെട്ടുകളും പൊളിക്കണം. ഭക്തി സാന്ദ്രമായ ഒരു ജീവിതം കെട്ടിപ്പടുക്കുമ്പോഴാണ് ഇത്തരം നന്മകള്‍ക്ക് വഴിവിളക്കാവാന്‍ നമുക്ക് കഴിയൂ. ബലി പെരുന്നാള്‍ ആശംസകള്‍.

Latest