Connect with us

Wayanad

മീനാക്ഷിക്കും നിഷക്കും മന്ത്രി ജയലക്ഷ്മിയുടെ കൈത്താങ്ങ്; ചികില്‍സാ സഹായവും വീടും അനുവദിച്ചു

Published

|

Last Updated

പുല്‍പ്പള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പുല്‍പ്പള്ളി പാക്കം പാലഞ്ചോല കോളനിയിലെ മീനാക്ഷിക്കും നിഷക്കും കൈത്താങ്ങായി മന്ത്രി പി.കെ. ജയലക്ഷ്മി. ഇരുവര്‍ക്കും ചികില്‍സാ ധനസഹായമായി 40,000 രൂപ വീതം അനുവദിച്ച് മന്ത്രി പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. നാലുമാസം മുന്‍പ് കോളനിയില്‍ റേഷന്‍കടയിലേക്ക് പോവുകയായിരുന്ന ഇരുവരെയും താഴെ പാക്കത്ത് ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പാലഞ്ചോല പണിയ കോളനിയിലെ കുങ്കിയുടെ മകളാണ് മീനാക്ഷി. അമ്മിണിയുടെ മകളാണ് നിഷ. അപകടത്തില്‍ കാലിന്റെ എല്ലുകള്‍ തകര്‍ന്ന നിഷ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മീനാക്ഷി ജില്ലാ ആശുപത്രിയിലും മാസങ്ങളോളം ചികില്‍സയിലായിരുന്നു.
ഇവരെക്കുറിച്ചുള്ള മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇരുവര്‍ക്കും ചികില്‍സാ സഹായം അനുവദിച്ചത്. അപകടത്തില്‍ പരിക്കേറ്റതിനാല്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ നിഷക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. മീനാക്ഷി വിവാഹിതയാണ്. ആശുപത്രിയിലെ ചികില്‍സക്കുശേഷം വീട്ടില്‍ എത്തിയതോടെ ഇവരുടെ ദുരിതം ഇരട്ടിയായി.
കുങ്കിക്ക് പഞ്ചായത്ത് അനുവദിച്ച് നല്‍കിയ വീട്ടിലായിരുന്നു ഇവരും കുടുംബാംഗങ്ങളും മറ്റ് ഇരുപതോളംപേരും താമസിച്ചിരുന്നത്. എന്നാല്‍ ഈ വീട് ഇപ്പോള്‍ ഇവരുടെ ദൈവപ്പുരയായതിനാല്‍ സ്ത്രീകള്‍ക്ക് വീട്ടിലേക്ക് പ്രവേശനമില്ല. അതിനാല്‍ ഇവര്‍ വീടിന് സമീപത്തായി മൂന്ന് ചെറിയ കുടിലുകള്‍ കെട്ടിയാണ് താമസം. ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിലത്ത് പലക വിരിച്ചാണ് ഇരുവരെയും കിടത്തിയിരുന്നത്. കോളനിക്കുവേണ്ട കക്കൂസുകളോ കുടിവെള്ള സൗകര്യങ്ങളോ ഇവര്‍ക്കില്ല. ഈ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഇരുവരുടെയും കുടുംബത്തിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാന്‍ മന്ത്രി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

---- facebook comment plugin here -----

Latest