Connect with us

Malappuram

ചോക്കാട് പഞ്ചായത്തിലെ നാളികേര സംഘങ്ങള്‍: വിവാദം കൊഴുക്കുന്നു

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ വിവാദമായ കേരസംഘങ്ങളില്‍ കര്‍ഷകരെ ഉള്‍പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി പി എം ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയക്കാരേയും കേര കര്‍ഷകരേയും വിളിച്ച് ചേര്‍ത്താണ് നാളികേര സംഘങ്ങള്‍ രൂപവത്കരിക്കേണ്ടത്. സര്‍ക്കാര്‍ നാളികേര കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ്-ലീഗ് പോര്‍വിളിയില്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും സി പി എം ആവശ്യപ്പെട്ടു. ചോക്കാട് പഞ്ചായത്തില്‍ കേര കര്‍ഷക സംഘങ്ങള്‍ രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഹംസയുടേയും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ ഹമീദിന്റേയും നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ യോഗം ചേര്‍ന്ന് നാളികേര ഉത്പാദക സൊസൈറ്റികള്‍ രൂപവത്കരിച്ച് ക്രസന്റ് എന്ന പേരില്‍ പഞ്ചായത്ത് തലത്തില്‍ ഫെഡറേഷന്‍ രൂപവത്കരിച്ചിരുന്നു.
എന്നാല്‍ അതിന് മുമ്പ് തന്നെ പഞ്ചായത്് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സി പി എസുകളും സി പി എഫും രജിസ്്‌ട്രേഷനുകള്‍ പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പഞ്ചായത്തില്‍ നാളികേര സംഘങ്ങളെച്ചൊല്ലി പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ രംഗത്തെത്തിയത്.
നാളികേരസംഘങ്ങളുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ കര്‍ഷകര്‍ക്ക് ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്നാണ് സി പി എം ആരോപിക്കുന്നത്. രാസവളങ്ങളുടെ വിലക്കയറ്റവും മറ്റ് പ്രതികൂല സാഹചര്യങ്ങളും കാരണം ദുരിതത്തിലായിരിക്കുകയാണെന്നും സി പി എം നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ എം കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.

 

Latest