Connect with us

Thrissur

പോലീസിന് ക്ലീന്‍ ചീട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

Published

|

Last Updated

ചങ്ങരംകുളം: മോഷണകേസുമായി ബന്ധപ്പെട്ട് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനില്‍വെച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്ക് ക്ലീന്‍ചീട്ട് നല്‍കി ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഈമാസം പകുതിയോടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ഏപ്രില്‍ 24നാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കസ്റ്റഡിമരണം നടക്കുന്നത്. നന്നംമുക്ക് സ്വദേശിനിയുടെ ബേഗും എ ടി എം കാര്‍ഡും ബസില്‍നിന്നും അപഹരിച്ച കേസുമായി ബന്ധപ്പെട്ടാണ് കുറ്റിപ്പുറം മാണൂര്‍ സ്വദേശി ഹനീഷ(24)യെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്.
പിറ്റേന്ന് പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാപോലീസ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ടോയിലറ്റില്‍ കയറിയ നേരത്ത് സ്വന്തം ഷാള്‍ ഉപയോഗിച്ച് ഹനീഷ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ പോലീസ് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഈ വിശദീകരണം ഉള്‍പ്പടെ തുടക്കത്തില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടുകളെല്ലാം തെറ്റായിരുന്നുവെന്ന് പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കേസില്‍ പോലീസുകാര്‍ പ്രതിസ്ഥാനത്തുവരുന്നത് പൊതുജനങ്ങള്‍ക്കിടയിലുള്ള പോലീസിന്റെ വിശ്വാസതക്ക് കളങ്കം വരുമെന്നതിനെ തുടര്‍ന്നാണ് അന്വേഷണത്തില്‍ പോലീസിന് ക്ലീന്‍ചീട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമാകുന്നത്. സംഭവത്തെതുടര്‍ന്ന് ചങ്ങരംകുളം കുറ്റിപ്പുറം സ്റ്റേഷനുകളിലെ എസ് ഐമാരും ആറ് പോലീസുകാരും സസ്‌പെന്‍ഷനിലായിരുന്നു. യുവതി മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് അര്‍ധ രാത്രി കുറ്റിപ്പുറം സ്റ്റേഷനിലെ എസ് ഐ മനോഹരന്‍ സ്റ്റേഷനിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് യുവതിയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സംശയത്തിനിടയാക്കിയത്.
എസ് ഐയുടെ അസമയത്തുള്ള സന്ദര്‍ശനത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എസ് ഐ യുവതിയെ ചോദ്യം ചെയ്തിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
കേസിന്റെ തുടക്കത്തില്‍ പോലീസിനുനേരെ ഉയര്‍ന്നിരുന്ന ആരോപണങ്ങളെയും പൂര്‍ണമായും ഒഴിവാക്കിയ തരത്തിലുള്ളതാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കുറ്റിപ്പുറം എസ് ഐയുടെ സന്ദര്‍ശനം ഗുരുതരമായ വീഴ്ചയാണെന്ന് നേരത്തെ ആഭ്യന്തര മന്ത്രിയുള്‍പ്പടെയുള്ളവര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ എസ് ഐ നൈറ്റ് പെട്രോളിംഗിന്റെ ഭാഗമായാണ് ചങ്ങരംകുളംസ്റ്റേഷനിലെത്തിയതെന്നും ഇത് ഉന്നതപോലീസുകാരുടെ അറിവോടെയായിരുന്നുവെന്നുമാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്റ്റേഷനില്‍വെച്ച് പെണ്‍കുട്ടി ലൈംഗിക അതിക്രമണത്തിന് ഇരയായിരുന്നുവെന്ന ആരോപണമുയര്‍ന്നതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് എതിരായി വരുന്നത് പോലീസിന്റെ മുഖം നഷ്ടപ്പെടുത്തിക്കളയും. യുവതിയുടെ മരണത്തില്‍ പോലീസിന് പ്രത്യക്ഷ ബന്ധമൊന്നുമില്ലെന്ന തരത്തിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രാഥമിക നടപടികളില്‍ ഗുരുതരവീഴ്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്നുവെങ്കിലും ശാരീരിക ബന്ധം പുലര്‍ത്തിയതിനും പീഡിപ്പിച്ചതിനും തെളിവൊന്നുമില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയരായ പോലീസുകരാടെ കൂട്ടത്തിലുള്ള വനിതാപോലീസിന്റെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന നിഗമനത്തില്‍ സംഭവം ഒതുക്കി മറ്റു പോലീസുകാര്‍ക്ക് ക്ലീന്‍ചീട്ട് നല്‍കി റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്നതോടെ അന്വോഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സംഘത്തിന്റെ നീക്കം.

Latest