Connect with us

Kozhikode

തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി നിര്‍മാണം അവസാന ഘട്ടത്തില്‍

Published

|

Last Updated

കൊയിലാണ്ടി: കേരള ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 2012 സെപ്തംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫാക്ടറിക്ക് ശിലയിട്ടത്. പ്രതിദിനം 300 ടണ്‍ കാലിത്തീറ്റ ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് ഉയര്‍ന്നുവരുന്നത്.
25,824 സ്‌ക്വയര്‍ വിസ്തൃതിയിലുള്ള ഫിനിഷ്ഡ് പ്രോഡക്റ്റ് ഗോഡൗണിന്റെ നിര്‍മാണം പൂര്‍ത്തിയായി. അസംസ്‌കൃത വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനായി 700 മീറ്റര്‍ ക്യൂബ് സംഭരണ ശേഷിയുള്ള 10 ഡൈലോകള്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്തു സ്ഥാപിച്ചുകഴിഞ്ഞു. മില്ലിംഗ്, മിക്‌സിംഗ്, കുക്കിംഗ്, പെല്ലറ്റിംഗ് ടെക്‌നോളജിയില്‍ കാലിത്തീറ്റ നിര്‍മിക്കുന്നതിന് 35 മീറ്റര്‍ ഉയരമുള്ള ഫീഡ്മില്‍ ടവറിന്റെ നിര്‍മാണ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഫാക്ടറിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും ഉറപ്പ് വരുത്തുന്നതിന് 1010 കിലോ വാട്‌സ് ജനറേറ്റര്‍ സ്ഥാപിക്കും. കാലിത്തീറ്റ നിര്‍മാണത്തിന് ആവശ്യമായ മൊളാസസ് സംഭരിക്കുന്നതിന് 2,500 ടണ്‍ കപ്പാസിറ്റിയുള്ള ടാങ്ക് പൂര്‍ത്തിയാക്കുകയാണ്. പഴയ കെട്ടിടം നവീകരിച്ച് ലബോറട്ടറിയും യൂട്ടിലിറ്റിറും നിര്‍മിക്കും. 3.2 ലക്ഷം സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി, 60,40 ടണ്‍ കപ്പാസിറ്റിയുള്ള രണ്ട് വെയിംഗ് ബ്രിഡ്ജ്, ടോയ്‌ലറ്റ്, കോമ്പൗണ്ട് വാള്‍ എന്നിവ പൂര്‍ത്തിയായി. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകും.
ഫാക്ടറിയില്‍ അടുത്ത വര്‍ഷം ആദ്യം ഉത്പാദനം തുടങ്ങുമെന്ന് മന്ത്രി കെ പി മോഹനന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫാക്ടറി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇതിനു പുറമെ ആറ് കോടി രൂപ ചെലവഴിച്ച് ആടുതീറ്റ ഉത്പാദനം ആരംഭിക്കും. ഫാക്ടറിക്ക് പുറത്ത് ദേശീയ പാതക്ക് സമീപം അഗ്രി മാള്‍ നിര്‍മിക്കും. ജൈവ പച്ചക്കറികള്‍, പഴം, നീര, മാംസം എന്നിവ ഇവിടെ വിപണനത്തിനെത്തും. റസ്റ്റോറന്റ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കെ ദാസന്‍ എം എല്‍ എ, എം ഡി. ഡോ. അനില്‍ എസ് ദാസ്, അസി. മാനേജര്‍ ബി ജയചന്ദ്രന്‍, പ്രൊജക്റ്റ് മാനേജര്‍ ടോണി പുളിക്കല്‍, സലാം മടവൂര്‍ സംബന്ധിച്ചു.