Connect with us

Kozhikode

നാദാപുരം എക്‌സൈസ് ഓഫീസ് പരാധീനതകള്‍ക്ക് നടുവില്‍

Published

|

Last Updated

നാദാപരും: അടിസ്ഥാന സൗകര്യങ്ങളും അംഗബലവും ഇല്ലാതെ നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പരാധീനതകള്‍ക്ക് നടുവില്‍. നാദാപുരം, വളയം, കുറ്റിയാടി, തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വാണിമേല്‍, നരിപ്പറ്റ, മരുതോങ്കര, കാവിലുംപാറ ഉള്‍പ്പെടെ മലയോരത്തെ സര്‍ക്കാര്‍ നിബിഡ വനമേഖലയും ഇതില്‍ ഉള്‍പ്പെടും.
വലിയൊരു മേഖലയുടെ ചുമതലയുള്ള ഈ റെയ്ഞ്ച് ഓഫീസിന് പരാധീനത ഏറെയാണ്. ഒരു ഇന്‍സ്പക്ടറും മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാരുമടക്കം 13 പേരാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്ന് പേര്‍ക്ക് കോടതികളില്‍ പോകേണ്ട ചുമതലയുണ്ടാകും. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക്, സെഷന്‍സ് കോടതി, നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി എന്നിവയില്‍ എല്ലാ ദിവസവും കേസുണ്ടാകും. കണ്‍ട്രോള്‍ റൂം, സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ ഡ്യൂട്ടിക്കും ആളുകളെ നിയോഗിക്കും. ചുരുക്കം ചിലര്‍ മാത്രമാണ് അവശേഷിക്കുക. അവരാണ് വടകര താലൂക്കിന്റെ കിഴക്കന്‍ മലയോരത്തെ ലഹരിയില്‍ നിന്ന് മോചിപ്പിക്കേണ്ടവര്‍. കിഴക്കേ അറ്റമായ വയനാടിനോട് തൊട്ടടുത്ത് കിടക്കുന്ന പക്രംതളം, കരിങ്ങാട്, മറ്റൊരു ഭാഗമായ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ്, ജാനകിക്കാട്, കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന വാണിമേല്‍, കണ്ണവം വനമേഖല ഭാഗങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ ഇവര്‍ക്കുള്ള പ്രയാസം ചില്ലറയല്ല. ആകെയുള്ള ഒരു ജീപ്പ് മലയോരത്തേക്ക് പോയാല്‍ മറ്റൊരു ഭാഗത്ത് നിന്ന് രഹസ്യ വിവരം ലഭിച്ചാല്‍ എത്തിപ്പെടുക പ്രയാസകരമാണ്.
നാദാപുരം കക്കംവെള്ളിയിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഞ്ച് ഓഫീസിന് അസൗകര്യം മാത്രമേയുള്ളൂ. ജീവനക്കാരുടെ ക്വാട്ടേഴ്‌സും ഈ പഴയ വീട് തന്നെ. പ്രതികളെയും തൊണ്ടി മുതലും സൂക്ഷിക്കുന്നത് ഇതിനുള്ളില്‍ തന്നെ. പ്രതികളുണ്ടെങ്കില്‍ ഗാര്‍ഡുമാര്‍ക്ക് ഉറങ്ങാതിരിക്കുകയേ വഴിയുള്ളൂ. നിരവധി വര്‍ഷമായി ഈ പഴകിയ കെട്ടിടത്തില്‍ തന്നെയാണ് ഓഫീസിന്റെ പ്രവര്‍ത്തനം. തൊണ്ടി വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല.
മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് പ്രദേശത്ത് വ്യാപകമാണ്. കോഴിക്കോട് ഭാഗത്തേക്ക് മദ്യം കടത്തുന്നവര്‍ ദേശീയ പാത ഒഴിവാക്കി നാദാപുരം വഴി പോകുന്നുണ്ട്. മാഹിയില്‍ നിന്ന് കരിയറായി മദ്യം കടത്തി നാദാപുരത്ത് ചില സ്വകാര്യ കേന്ദ്രങ്ങളിലെത്തിച്ച് വാഹനത്തില്‍ കൊണ്ടുപോകുന്നതും പതിവാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ പെടാപ്പാട് പെടുകയാണ് എക്‌സൈസ് അധികൃതര്‍. കൂടാതെ കള്ള്ഷാപ്പില്‍ ഉള്‍പ്പെടെ പല പരിശോധനകളും നടത്താനുള്ള ചുമതലയുമുണ്ട്. ഇപ്പോള്‍ പുകവലിക്കാരെ പിടികൂടാനുള്ള അധികാരവും എക്‌സൈസിന് നല്‍കിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരെ കൂടുതല്‍ നിയമിക്കുകയും വാഹനം കൂടുതല്‍ അനുവദിക്കുകയും ഓഫീസിന്റെ ദയനീയാവസ്ഥ പരിഹരിക്കുകയും ചെയ്യാതെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായി നടപ്പാക്കാനാകാത്ത സ്ഥിതിയാണ് ജീവനക്കാര്‍ക്ക്.

 

Latest