Connect with us

International

ഹോങ്കോംഗില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അനുരഞ്ജനത്തിന് ശ്രമം

Published

|

Last Updated

ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകരും എതിരാളികളും തമ്മില്‍ ഹോങ്കോംഗില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രാജ്യത്തെ പല സ്ഥലങ്ങളില്‍ നിന്നും ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളെ എതിര്‍ക്കുന്നവരാണ് സമരം തടയാനെത്തിയത്. ദിവസങ്ങളായി നഗരത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. പ്രതിഷേധത്തെ എതിര്‍ക്കുന്നവരെ മാറ്റിനിര്‍ത്തിയാണ് പോലീസ് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചെറു എതിരാളി സംഘങ്ങളാണ് സമരത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നത്. ചൈനയുടെ ഇടപെടലില്ലാത്ത തിരഞ്ഞെടുപ്പാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ചൈന നിയോഗിക്കുന്ന പ്രതിനിധികളില്‍ നിന്നാണ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് നീക്കം ചെയ്ത് രാജ്യത്ത് പൂര്‍ണ ജനാധിപത്യം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ആദ്യമായി സമരവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം ചൈനയുടെ ദേശീയ ദിനത്തില്‍ രാജ്യത്തുടനീളം ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 2017ല്‍, ഹോംങ്കോംഗില്‍ നടക്കുന്ന നേതാവിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സൂക്ഷ്മ പരിശോധന നടത്താനുള്ള നീക്കത്തില്‍ നിന്ന് ചൈന പിന്‍മാറണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ട്രാഫിക് സംവിധാനങ്ങള്‍ താറുമാറായിട്ടുണ്ട്. നിരവധി ഓഫീസുകള്‍ അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് കച്ചവടം മുടങ്ങിയവരാണ് സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ് ലംഗ് ചം യിംഗ് രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിക്കുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കീഴ്‌പ്പെടുത്തുമെന്നും പ്രധിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കാരി ലാം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ചര്‍ച്ചകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹോങ്കോംഗിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കേന്ദ്രീകരിച്ചാണ് സമരം അരങ്ങേറുന്നത്.