Connect with us

International

ഗാസ വെടിനിര്‍ത്തല്‍: ഫലസ്തീന്‍- ഇസ്‌റാഈല്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു

Published

|

Last Updated

റാമല്ല: ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്ആഗസ്റ്റില്‍ അംഗീകരിച്ച കരാര്‍ നടപ്പാക്കുന്നതിന് വേണ്ടി ഫലസ്തീനും ഇസ്‌റാഈലും ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഇത് സംബന്ധിച്ച് വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റമി ഹംദുല്ല, യു എന്‍ പ്രത്യേക ദൂതന്‍ റോബര്‍ട്ട് സെറി, ഇസ്‌റാഈല്‍ സര്‍ക്കാര്‍ പ്രതിനിധി യോ മുര്‍ദേശി എന്നിവരാണ് പങ്കെടുത്തത്. അതിര്‍ത്തി കവാടത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പദ്ധതിയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് വ്യക്തമാക്കി. ഗാസാ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര സാമഗ്രികളുടെ നീക്കം സുഗമമാക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ചര്‍ച്ച ചെയ്തത്. വ്യാഴാഴ്ച നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്നലെയും ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ ഉരുത്തിരിഞ്ഞ ഗാസ പുനരധിവാസ പദ്ധതി ഞായറാഴ്ച കെയ്‌റോയില്‍ നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കും.
ഗാസയില്‍ 50 ദിവസത്തെ ഇസാറാഈല്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇരുവിഭാഗവും ആഗസ്റ്റില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഇസ്‌റാഈല്‍ കടന്നുകയറ്റത്തില്‍ 2,100 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 11,000 പേര്‍ക്ക് പരുക്കേറ്റു. 400,000 ഫലസ്തീന്‍കാര്‍ ഭവനരഹിതരായി. ഏഴായിരത്തിലധികം കെട്ടിടങ്ങളാണ് ഗാസയില്‍ തകര്‍ന്നത്.
അതേസമയം ബലിപെരുന്നാളും ഇസ്‌റാഈലികളുടെ ആഘോഷവും ഒന്നിച്ചെത്തിയ സാഹചര്യത്തില്‍ ഇസ്‌റാഈലിലെങ്ങും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജറുസലം, യാഫൊ, ഹൈഫ, അക്രെ എന്നീ നഗരങ്ങളിലാണ് ഇസ്‌റാഈലില്‍ മുസ്‌ലിംകള്‍ താമസിക്കുന്നത്.
ഇസ്‌റാഈലികളുടെ ആഘോഷമായ യൗമു കിപ്പൂര്‍ വെള്ളിയാഴ്ച സൂര്യന്‍ അസ്തമിച്ചതു മുതല്‍ ശനിയാഴ്ച രാത്രി വരെയാണ്. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച മുതലാണ് അവധി നല്‍കിയിരിക്കുന്നത്.