Connect with us

National

തിരക്കുള്ള സമയങ്ങളില്‍ തത്കാല്‍ ടിക്കറ്റിന് ചെലവേറും

Published

|

Last Updated

ന്യൂഡല്‍ഹി: 80 ട്രെയിനുകളുടെ പകുതി തത്കാല്‍ ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ ചെലവേറും. ആവശ്യത്തിന് അനുസരിച്ച് ചാര്‍ജ് ഈടാക്കുന്ന രീതി അവലംബിക്കാന്‍ റെയില്‍വേ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. യാത്രക്കാരുടെ തിരക്കേറുന്ന ഉത്സവ കാലയളവില്‍ പരമാവധി വരുമാനം നേടുകയെന്ന പദ്ധതിയാണ് റെയില്‍വേക്ക്.
തത്കാല്‍ ക്വാട്ടയിലുള്ള ടിക്കറ്റുകളില്‍ 50 ശതമാനം ഈ രീതിയില്‍ ആവശ്യത്തിനനുസരിച്ച് ചാര്‍ജ് കൂട്ടി വില്‍ക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ തിരഞ്ഞെടുത്ത പത്ത് ട്രെയിനുകളില്‍ ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ 70 ട്രെയിനുകളില്‍ കൂടി ഈ സംവിധാനം ഒരുക്കാനാണ് പദ്ധതി. ഈ സംവിധാനം അനുസരിച്ച് 50 ശതമാനം തത്കാല്‍ ടിക്കറ്റുകള്‍ ഇപ്പോഴുള്ള രീതിയിലും ബാക്കി 50 ശതമാനം “പ്രീമിയം തത്കാല്‍” സംവിധാനത്തിലും വില്‍ക്കും. ആവശ്യം കൂടുന്നതിനുസരിച്ച് വില കൂടുന്നതാണ് ഇതിന്റെ പ്രത്യേകത.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന 80 ട്രെയിനുകളിലാണ് പ്രീമിയം തത്കാല്‍ സംവിധാനം ഒരുക്കുകയെന്ന് റെയില്‍വേ ബോര്‍ഡ് അംഗം (ട്രാഫിക്) ഡി പി പാണ്ഡെ പറഞ്ഞു. തങ്ങളുടെ സോണില്‍ ജനകീയമായ അഞ്ച് ട്രെയിനുകളുടെ പേര് നല്‍കാന്‍ എല്ലാ സോണുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ ട്രെയിനുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest