Connect with us

Idukki

ഇടുക്കി കെ എസ് യുവില്‍ വിഴുപ്പലക്കല്‍; ജില്ലാ പ്രസിഡന്റിനെതിരെ സെക്രട്ടറിമാര്‍

Published

|

Last Updated

തൊടുപുഴ: കോണ്‍ഗ്രസ് “എ” ഗ്രൂപ്പില്‍ മുന്‍ എം പി. പി ടി തോമസിന്റെയും ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസിന്റെയും വിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍ കെ എസ് യു ജില്ലാ സമ്മേളനത്തില്‍ അരങ്ങേറിയതിന് പിന്നാലെ ഇരുപക്ഷവും പരസ്യവിഴുപ്പലക്കല്‍ തുടങ്ങി. റോയി കെ പൗലോസിനെ അനുകൂലിക്കുന്ന കെ എസ് യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയും ഒരു വൈസ് പ്രസിഡന്റും സെക്രട്ടറിയും അടങ്ങുന്ന പക്ഷത്തിനെതിരെയാണ് പി ടി തോമസിനെ അനുകൂലിക്കുന്ന നാല് സെക്രട്ടറിമാര്‍ വാര്‍ത്താസമ്മേളനം നടത്തി പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന കെ എസ് യു ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ചതായി അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് നിയാസ് കൂരാപ്പിള്ളി നേരിട്ടെത്തി നല്‍കിയ പ്രമേയം പി ടി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തേയും ആക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു.
ജില്ലയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് വഴിവച്ചത് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ വിഷയത്തിലടക്കം പി ടി തോമസ് സ്വീകരിച്ച നിലപാടാണെന്നു പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പി ടി തോമസിനൊപ്പം നിന്ന് സ്വീകരിക്കുന്ന നിലപാടുകള്‍ സംഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി. ഈ പ്രമേയം യഥാര്‍ഥത്തില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടതല്ലെന്നും അതുമായി കെ എസ് യു ജില്ലാ കമ്മിറ്റിക്ക് ബന്ധമില്ലെന്നുമുള്ള നിലപാടാണ് പി ടി തോമസിനെ അനുകൂലിക്കുന്ന നാല് ജില്ലാ സെക്രട്ടറിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത്്.
ജില്ലാ സമ്മേളനങ്ങളിലും ക്യാമ്പുകളിലും അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങള്‍ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഉപസമിതി രൂപപ്പെടുത്തുകയും കമ്മിറ്റി അംഗീകരിക്കുകയും വേണമെന്നും അവര്‍ വിശദീകരിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളില്‍വന്ന പ്രമേയം കമ്മിറ്റിയുടെ അറിവോടെയുള്ളതല്ല. കെഎസ്‌യു ജില്ലാ പ്രസിഡന്റിന് ഭാരവാഹികളുടെ പിന്തുണയില്ലെന്നും സംഘടനാവിരുദ്ധ പ്രമേയത്തിന്റെ പേരില്‍ നേതൃത്വത്തിന് പരാതിനല്‍കുമെന്നും സെക്രട്ടിമാര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജോ മാണിക്കെതിരെ സാമ്പത്തിക ക്രമക്കേടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ വൈസ് പ്രസിഡന്റ് ജിയോ മാത്യുവിന്റെ ഒത്താശയോടെയായിരുന്നു സെക്രട്ടറിമാരുടെ നീക്കം. ജില്ലാ സെക്രട്ടറിമാരായ ജോബി.സി.ജോയി,അക്ബര്‍ ടി.എല്‍, പി.എസ് സോനുമോന്‍, മോബിന്‍ മാത്യു എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

Latest