Connect with us

Idukki

പോലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതിയെ പിടികൂടി

Published

|

Last Updated

ഇടുക്കി: പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ട മോഷണ കേസ് പ്രതിയെ ഒരു ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ നാട്ടുകാരും പോലിസുംചേര്‍ന്നു പിടികൂടി. നെടുങ്കണ്ടം പോലിസ് കസ്റ്റഡിയില്‍നിന്നു രക്ഷപെട്ട തമിഴ്‌നാട് തൂത്തുക്കുടി വരദരാജപുരം പേച്ചി മുത്തു(24)വിനെയാണ് ഇന്നലെ രാവിലെ തൂക്കുപാലം പ്രകാശ് ഗ്രാമിന് സമീപമുള്ള പാറമടയില്‍ നിന്നും പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നെടുങ്കണ്ടം സ്റ്റേഷനില്‍ നിന്നും പേച്ചി മുത്തു ഓടി രക്ഷപെട്ടത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട പേച്ചിമുത്തുവിനെ പുലര്‍ച്ചെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. പുറത്തിറങ്ങിയ ഇയാള്‍ പോലീസുകാരനെ വെട്ടിച്ച് സ്‌റ്റേഷനില്‍ തുറന്ന് കിടന്നിരുന്ന ഗ്രില്ലിലൂടെ ഓടി രക്ഷപെട്ടു. ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ സണ്ണിച്ചന്‍ എസ്. ഐയേയും സിഐയേയും വിവരം വിളിച്ചറിയിച്ചു. സ്റ്റേഷനില്‍ നിന്നിറങ്ങിയ പ്രതി താന്നിമൂട് റോഡിലൂടെയാണ് ഓടി രക്ഷപെട്ടതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നു ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു തെരച്ചില്‍. കോമ്പയാര്‍, പുഷ്പകണ്ടം, രാമക്കല്‍മേട് തുടങ്ങിയ അതിര്‍ത്തി മേഖലകളില്‍ ജനങ്ങള്‍ ശക്തമായ അന്വേഷണം നടത്തി. പകലും രാത്രിയും തെരച്ചില്‍ തുടര്‍ന്നു. മിക്കയിടത്തും അപരിചിതര്‍ ജനങ്ങളുടെ നിരീക്ഷണത്തിലായി. ഒടുവില്‍ ഇന്നലെ രാവിലെ എട്ടരയോടെ പ്രകാശ്ഗ്രാമിലെ പാറമടയില്‍ ഇയാളെ കണ്ടത്തി. നാട്ടുകാര്‍ വളഞ്ഞുവച്ചശേഷം പോലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് ഹോം അപ്ലൈയന്‍സസില്‍ സെപ്റ്റംബര്‍ ഒന്‍പതിന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 നാണ് പേച്ചിമുത്തുവിനേയും കൂട്ടുപ്രതികളായ കോയമ്പത്തൂര്‍ വൃന്ദാവന്‍ നഗര്‍ സത്യമൂര്‍ത്തി, തൂത്തുക്കുടി ശങ്കരലിംഗപുരം കോമ്പയാന്‍ എന്നിവരെ നെടുങ്കണ്ടം പോലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനായി ആറ് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇതിനിടെയാണ് രണ്ടാം പ്രതിയായ പേച്ചി മുത്തു രക്ഷപെടാന്‍ ശ്രമിച്ചത്.

 

Latest