Connect with us

Articles

പ്രവാസികളുടെ പെണ്ണുങ്ങളും ദാമ്പത്യ സ്വര്‍ഗത്തിലെ കട്ടുറുമ്പുകളും

Published

|

Last Updated

പ്രവാസികളുടെ പെണ്ണുങ്ങളും അവരോട് ബന്ധപ്പെട്ടു പെരുകിവരുന്ന സദാചാരലംഘനങ്ങളും തദ്ഫലമായി ഉളവാകുന്ന കുടുംബ ശിഥിലീകരണവും സിറാജില്‍ ചര്‍ച്ചാവിഷയമായത് വളരെ നന്നായി. ഈ ചര്‍ച്ചകളുടെ അന്തഃസത്തയോട് നൂറ് ശതമാനവും യോജിച്ചുകൊണ്ടു തന്നെ നാളത്തെ സമൂഹം അഭിമുഖീകരിക്കാന്‍ പോകുന്ന ഒരു തീവ്ര ഭീഷണിയാണ് വരാന്‍ പോകുന്ന വഴിപിഴച്ച ആണ്‍പെണ്‍ ബന്ധങ്ങള്‍ എന്നു ചൂണ്ടിക്കാണിക്കാനാണിവിടെ ശ്രമിക്കുന്നത്.
ലൈംഗികതയെ രണ്ടര്‍ഥത്തിലെടുക്കാം. ഒന്നതിന്റെ വ്യാപകാര്‍ഥവും മറ്റേത് അതിന്റെ സങ്കുചിതാര്‍ഥവും. ആദ്യത്തേതു പ്രകാരം പുരുഷനെ പുരുഷനും സ്ത്രീയെ സ്ത്രീയും ആക്കുന്നത് ലൈംഗികതയാണ്. ശാരീരകവും വൈകാരികവും ധൈഷണികവും പ്രവര്‍ത്തിപരവുമായ സവിശേഷ ഗുണങ്ങളുടെ സമാഹാരമാണ് വ്യാപകാര്‍ഥത്തില്‍ സെക്‌സ് അഥവാ ലൈംഗികത. എന്നാല്‍ സങ്കുചിതാര്‍ഥത്തില്‍ എടുത്താലോ മൈഥുനോന്മുഖമായ ഇന്ദ്രിയാസക്തി മാത്രമാണത്. ഈ രണ്ടര്‍ഥവും ജീവശാസ്ത്രപരമായി വിഭിന്നരായ സ്ത്രീയേയും പുരുഷനേയും എങ്ങനെ ബാധിക്കുന്നു എന്നത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്നു. വികാരങ്ങളുടെ ഏറ്റക്കുറച്ചിലില്‍ സ്ത്രീയും പുരുഷനും സമാനരല്ല. വൈകാരിക വിഷയങ്ങളില്‍ സ്ത്രീയെ അപേക്ഷിച്ചു യുക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പുരുഷനാണ്. അതേ സമയം, നൈമിഷികമായ ആനന്ദത്തില്‍ തൃപ്തിപ്പെടുന്ന പ്രകൃതവും സ്ത്രീയെ അപേക്ഷിച്ചു കൂടുതലായി കാണപ്പെടുന്നത് പുരുഷനിലാണ്. സ്ത്രീയാകട്ടെ യുക്തിയേക്കാള്‍ അധികം ഉള്‍ക്കാഴ്ചക്ക് ഊന്നല്‍ നല്‍കുന്നു. നൈമിഷിക സംതൃപ്തിക്ക് പിന്നാലെ പായാന്‍ പുരുഷന്‍ പ്രേരിതനാകുമ്പോള്‍ സ്ത്രീ തേടുന്നത് സ്ഥായിയായ സംതൃപ്തിയാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതാണ് പലപ്പോഴും നമ്മള്‍ കാണാതെ പോകുന്ന പ്രശ്‌നത്തിന്റെ രണ്ട് വശങ്ങള്‍.
മനുഷ്യതയുടെ പൂര്‍ണമായ രൂപം സ്ത്രീത്വമോ പുരുഷത്വമോ അല്ല. ഇത് മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്റെ സങ്കീര്‍ണമായ തത്വങ്ങളെക്കാള്‍ ഏറെ പ്രയോജനപ്പെടുക പുരാവൃത്ത പരാമര്‍ശങ്ങളിലെ ഐതിഹ്യ കഥകളായിരിക്കും. യവനപുരാണങ്ങളിലെ കഥകള്‍ പ്രകാരം മനുഷ്യത്വത്തിന്റെ പൂര്‍ണരൂപം സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും സമദ്ജ്ഞസമായ ഏകീഭാവമാണ്. മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തില്‍ ഓരോ മനുഷ്യനും ഒരേ സമയം പുരുഷനും സ്ത്രീയും ആയിരുന്നു എന്നാണ് ആ കഥകള്‍ പറയുന്നത്. പകുതി ആണും പകുതി പെണ്ണുമായിരുന്ന അവര്‍ മനുഷ്യത്വത്തിന്റെ പൂര്‍ണതയെ സദാസമയവും ഉള്‍ക്കൊണ്ടിരുന്നത്രേ. ക്രമേണ അഹന്ത പൂണ്ട മനുഷ്യന്‍ ദേവന്മാരെ പോലും അവരുടെ അപൂര്‍ണാവസ്ഥയെ ചൂണ്ടിക്കാണിച്ചു പരിഹസിക്കാന്‍ തുടങ്ങി. ഇതില്‍ കോപിഷ്ടരായ ദൈവങ്ങള്‍ സിയൂസ് ദേവന്റെയടുത്ത് പരാതി ബോധിപ്പിച്ചു. സിയൂസ് പരദൈവം ഓരോ മനുഷ്യനേയും രണ്ടായി വെട്ടി മുറിച്ചു. അന്ന് മുതല്‍ ഇന്ന് വരെ ഓരോ വ്യക്തിയും തന്നില്‍ നിന്നും വേര്‍പെട്ടുപോയ നേര്‍പാതിയെ തേടി നടക്കുകയാണ്. ഈ വ്യര്‍ഥമായ നടപ്പിന്റെ ആലങ്കാരികമായ പേരത്രെ കാമം അഥവാ പ്രേമം. പ്രേമത്തിനു കാമം വഴിമാറിക്കൊടുക്കുന്നു. സ്‌നേഹത്തിനു പ്രേമം വഴിമാറികൊടുക്കുന്നു. സ്‌നേഹത്തില്‍ മനുഷ്യവര്‍ഗം ഒന്നാകെ ഒത്തൊരുമയോടെ അന്യോന്യം വ്രണപ്പെടുത്താതെ ജീവിതസുഖം ആസ്വദിക്കുന്നു. അതത്രെ ഈ ലോകത്തിലെ സ്വര്‍ഗാനുഭവം. ഇത്തരം കഥകള്‍ എല്ലാ പുരാണങ്ങളിലുമുണ്ട്. ആദാമിന്റെ വാരിയെല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ഹവ്വ, അര്‍ധനാരീശ്വരരെന്നു പ്രകീര്‍ത്തിക്കപ്പെട്ട വാക്കും അര്‍ഥവും പോലെ യോജിച്ചിരിക്കുന്ന പാര്‍വ്വതീപരമേശ്വരന്മാര്‍. ഈ കഥകളൊക്കെ വിരല്‍ ചൂണ്ടുന്നത് ഒരേ ആത്യന്തിക യാഥാര്‍ഥ്യത്തിലേക്കാണ്. ആണിനെ കൂടാതെ പെണ്ണിനോ പെണ്ണിനെ കൂടാതെ ആണിനോ നിലനില്‍പ്പില്ല.
മനോവിശ്ലേഷണ ശാസ്ത്രകാരനായ യുങ്ങിന്റെ വാക്കുകളും ഈ നിഗമനത്തോട് യോജിക്കുന്നു. യുങ്ങ് പറയുന്നു: ഓരോ പുരുഷന്റെയും അബോധ മനസ്സില്‍ സ്ത്രീത്വത്തിന്റെതായ ഒരു സാമൂഹികരൂപം പരമ്പരാഗതമായി കുടികൊള്ളുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവന്‍ സ്ത്രീ സ്വഭാവത്തെ മനസ്സിലാക്കുന്നത്. അവ്യക്തമായ ഈ രൂപം ബോധപൂര്‍വവും ആവിഷ്‌കൃതവുമാകുന്നത്. നിഷ്‌കൃഷ്ടവുമാകുന്നത് ജീവിതത്തില്‍ സ്ത്രീകളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ്. സ്വന്തം അമ്മയും ആയുള്ള ബന്ധമാണ് ഇവിടെ ഏറ്റവും നിര്‍ണായകം. പില്‍ക്കാലത്ത് തന്നിലെ സ്ത്രീത്വത്തിന്റെതായ ഈ പ്രാഗ്‌രൂപത്തെ ഓരോരുത്തരും അതിനിണങ്ങുന്ന സ്ത്രീരൂപത്തില്‍ അധ്യാരോപിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഓരോ പുരുഷനും അവനൊരു പുരുഷനായി എന്നറിയുന്ന നിമിഷം മുതല്‍ ഓരോ സ്ത്രീയെ സ്വന്തം മനസ്സില്‍ കുടിയിരുത്തിക്കൊണ്ടായിരിക്കും നടക്കുന്നതെന്നു പറയേണ്ടിവരും. ഇതു തന്നെയാണ് സ്ത്രീയുടെ കാര്യത്തിലും സംഭവിക്കുന്നത്. അവള്‍ തനിക്കിണങ്ങുന്ന ഒരു പുരുഷനെ ഉള്ളില്‍ ആവാഹിച്ചുകൊണ്ടായിരക്കും ജീവിതത്തിന്റെ ഗോദയില്‍ അതിജീവനത്തിനായുള്ള പരിശ്രമത്തില്‍ വ്യാപൃതയാകുന്നത്. സ്ത്രീത്വം ഉള്ളില്‍ വഹിക്കാത്ത പുരുഷനോ പുരുഷത്വം ഉള്ളില്‍ വഹിക്കാത്ത സ്ത്രീയോ ഇല്ല. അഥവാ ഉണ്ടെങ്കില്‍ അവര്‍ മനുഷ്യതയുടെ വികൃത രൂപങ്ങളായിരിക്കാനേ ഇടയുള്ളൂ.
ഇത് മനസ്സിലാക്കാതെയുള്ള ഒരു സദാചാര സൗധം ആണ് നമ്മള്‍ നമുക്കു ചുറ്റും പണിതുയര്‍ത്തിയിരിക്കുന്നത്. തന്നിലെ സ്ത്രീത്വത്തെ പുരുഷനും പുരുഷത്വത്തെ സ്ത്രീക്കും വേണ്ട അനുപാതത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാലേ ഇരുവരും പൂര്‍ണമനുഷ്യത്വത്തിന്റെ പക്വതയിലെത്തുന്നുള്ളൂ. ഈ വഴിക്കുള്ള ശ്രമം നമ്മുടെ സമൂഹത്തില്‍ തീരെ നടക്കുന്നില്ലെന്നുതന്നെ പറയാം. ഒരു തരം ഒളിച്ചുനോട്ടത്തിന്റെയും വിദൂര ആരാധനയുടെയും സമീപനമാണ് നമ്മളീ കാര്യത്തില്‍ അനുവര്‍ത്തിച്ചുപോകുന്നത്. തദ്ഫലമായി മാനസികമായ ഒരു തരം നപുംസകത്വമാണ് സ്ത്രീപുരുഷന്മാര്‍ അഭിമുഖീകരിക്കുന്നതെന്ന് നിരീക്ഷിക്കേണ്ടിവരുന്നു. വെറും ആണും പെണ്ണും എന്നതിനുപരി സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ കഴിയുന്ന വ്യക്തികളായി സമൂഹം സ്ത്രീപുരുഷന്മാരെ കാണുന്നില്ലെന്നത് ഒരു പോരായ്മയാണ്. വിഷയാസക്തി എന്ന മൂടുപടത്തിനുള്ളിലാണ് നമ്മുടെ ആണുങ്ങളിലും പെണ്ണുങ്ങളിലും ഏറെപ്പേരും. ഏത് നിമിഷവും ഈ മൂടുപടം നീക്കപ്പെട്ടേക്കാം എന്ന ആശങ്ക അവരെ എല്ലായ്‌പ്പോഴും അലട്ടിക്കൊണ്ടിരിക്കും. യുവാക്കള്‍ ഇതു നിമിത്തം യുവതികളെ വെറും കാമപൂര്‍ത്തിക്കായുള്ള സാധനങ്ങളായും യുവതികള്‍ യുവാക്കളെ തങ്ങളുടെ ചാരിത്ര്യത്തിനു ഭീഷണിയായും കണക്കാക്കുന്നു. സ്വതന്ത്ര മനുഷ്യജീവികള്‍ എന്ന നിലയില്‍ ആണിനോ പെണ്ണിനോ അവരവരെ തന്നെ കാണാന്‍ പറ്റാതെ പോകുന്നു എന്നതാണ് ഇത്തരം ഒരവസ്ഥയുടെ ദുരന്തം.
പ്രത്യക്ഷമായ ഒരേറ്റുമുട്ടലിനു ധൈര്യമില്ലാത്തതുകൊണ്ട് യുവാക്കള്‍ തങ്ങളുടെ അമര്‍ത്തപ്പെട്ട വികാരങ്ങള്‍ കമന്റടികളും ചൂളം വിളികളും അശ്ലീല പ്രകടനങ്ങളും ഒക്കെയായി പുറത്തുവിടുന്നു. പാശ്ചാത്യ സമൂഹങ്ങളില്‍ സ്ത്രീപുരുഷ സമ്പര്‍ക്ക വിഷയത്തില്‍ വേണ്ടതിലേറെ സ്വാതന്ത്ര്യമുള്ളതുകൊണ്ട് കാമത്തിനവിടെ ഒളിപ്പോരടവുകള്‍ തേടേണ്ടിവരുന്നില്ല. എന്നാല്‍ ഇതല്ല നമ്മുടെ നാട്ടിലെ സ്ഥിതി. സ്ത്രീപുരുഷന്മാരെ വെറും ലൈംഗിക ജന്തുക്കളെന്ന നിലയിലല്ലാതെ സ്വതന്ത്രവ്യക്തികളായി കാണുന്ന പുതിയൊരു മാനവികതയാണ് നമുക്കിന്നാവശ്യം.
വ്യക്തിത്വപരിപാകം ലക്ഷ്യമാക്കി കാമം അഥവാ ലൈംഗികതയെ നിഷ്‌കൃഷ്ടമായ ശീക്ഷണത്തിനു വിധേയമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ എല്ലാ സംസ്‌കാരങ്ങളിലും പ്രകടമാണ്. ഈ ശിക്ഷണത്തില്‍ കൃത്യമായും ഒഴിവാക്കേണ്ട മൂന്ന് സമീപനങ്ങളും ഇവ ഒഴിവാക്കിയില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടങ്ങളും എല്ലാ സമകാലിക സാമൂഹിക മനശാസ്ത്ര വിശകലന വിദഗ്ധരും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവയാണ് ഈ മൂന്ന് സമീപനങ്ങള്‍.
1. ലൈംഗിക നിരാസം (Sexual suppression)
2. ലൈംഗിക വിമര്‍ദ്ധനം ( Sexual repression)
3. വിഷയ ലമ്പടത്വം (Erroticism)
ഈ മൂന്ന് വിധ ദൂഷ്യങ്ങളില്‍ ആദ്യത്തേതായ ലൈംഗിക നിരാസം പലപ്പോഴും പുരാതന മതസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നതും ഇപ്പോഴും കത്തോലിക്കാ പുരോഹിതന്മാരും മറ്റും അനുവര്‍ത്തിച്ചുപോരുന്നതുമായ ഒരു സമീപനമാണ്. മതങ്ങളിലെ സന്യാസ പാരമ്പര്യങ്ങളെല്ലാം ഈ സമീപനത്തിന്റെ ഉത്പന്നങ്ങളാണ്. രണ്ടാമത്തേതായി പറഞ്ഞ ലൈംഗിക വിമര്‍ദനം നീരസിക്കലല്ല. ചിന്തയെ അമര്‍ത്തി വെക്കലാണ്. ഉപബോധമനസ്സില്‍ ലൈംഗികതയെ ആരാധ്യസ്ഥാനത്തു പ്രതിഷ്ഠിക്കുകയും ബോധമനസ്സുകൊണ്ടതിനെ തള്ളിക്കളയുകയും ചെയ്യുന്ന അത്യന്തം സങ്കീര്‍ണമായ ഒരു ലൈംഗിക പ്രതിഭാസമാണിത്. ഇത് വലിയ അപകടങ്ങള്‍ക്കു കാരണമായേക്കാവുന്ന ഒന്നാണ്. വിഷയലമ്പടത്വം ആണ് ഇന്ന് പാശ്ചാത്യ സംസ്‌കാരത്തിന്റെ വ്യപനാനന്തരഫലമായി നമ്മുടെ നാട്ടലേക്കും വ്യാപിച്ചുതുടങ്ങിയിരിക്കുന്നത്. ഈ പ്രവണതക്ക് അടിപ്പെട്ടവര്‍ക്ക് കാമവും പ്രേമവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുകയില്ല. ഇതിനടിപ്പെട്ടവര്‍ അവരുടെ വ്യക്തിത്വ വിനാശത്തിനുള്ള ശവക്കുഴി തീര്‍ക്കലിലാണ് വ്യാപരിച്ചിരിക്കുന്നത്. സുഖാസക്തിക്കു പിന്നാലെ പായുന്നവന്‍ അവനെ കത്തിച്ചുചാമ്പലാക്കുന്ന ചൂളക്കു സ്വയം തീ കൊളുത്തുന്ന മന്ദബുദ്ധിയാണെന്നു പറയേണ്ടിവരും. നിരാസം, വിമര്‍ദനം, വിഷയലമ്പടത്വം ഇവ മൂന്നും അപകടകാരിയാണെങ്കില്‍ എന്താണ് ഈ വിഷയത്തിലുള്ള ശരിയായ സമീപനം?
വിജ്ഞാന സ്പാദനത്തിനും മാനസിക സന്തുലനത്തിനും സര്‍ഗാത്മതക്കും പോഷണപരമായ തരത്തില്‍ മനുഷ്യന്റെ അടിസ്ഥാന വികാരമായ ലൈംഗികതയെ പരിവര്‍ത്തനപ്പെടുത്തുക സാധ്യമാണ്. അതിനുള്ള എളുപ്പ വഴിയാണ് സ്‌നേഹം എന്ന മൂല്യത്തെ ഉത്പാദിപ്പിക്കാന്‍ പാകമായ തരത്തില്‍ കാമാവേശത്തെ സംസ്‌കരിച്ചെടുക്കുക എന്നത്. കാമസ്‌നേഹങ്ങള്‍ പരസ്പരപൂരകങ്ങളാണ്. സൗഹാര്‍ദത്തിനും സ്‌നേഹത്തിനും വേണ്ടിയുള്ള അത്തരം ദാഹവും അന്വേഷണവും ഓരോ മനുഷ്യനിലും അന്തര്‍ലീനമാണ്. എന്നാല്‍ അധികം പേരും അത് യഥാവസരം തിരിച്ചറിയുന്നില്ല. ഒരു പക്ഷേ താന്‍ കാമിക്കുന്ന ഒരുവളോട് ഒരുവനു സ്‌നേഹം തോന്നിയില്ലെന്നുവരാം. എന്നാല്‍ വ്യക്തിത്വത്തിനു പരിപാകം വരുന്തോറും അതുവരേയും സമാന്തരമായി ഒഴുകിയിരുന്ന കാമസ്‌നേഹങ്ങള്‍ ഒന്നുചേര്‍ന്നൊഴുകുന്നത് അനുഭവവേദ്യമായി തുടങ്ങും. അതോടെ തന്റെ സ്‌നേഹഭാജനത്തെയല്ലാതെ വേറൊരാളെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും മറ്റും ഒരുവന് വര്‍ജ്യമായി തോന്നും. സ്‌നേഹസാന്ദ്രമായ ലൈംഗിക വേഴ്ചയിലൂടെ മാത്രമാണ് ഓരോ ആണും പെണ്ണും സാമാന്യേന മനുഷ്യസത്തയുടെ പരോന്മുഖതയും പരമാര്‍ഥവും അവയുടെ പൂര്‍ണതയിലും ആഴത്തിലും സാക്ഷാത്കരിക്കപ്പെടുന്നത് എന്നു പോലും പറയാം.‘ഞാന്‍ എന്നത് വെറും ഒരു മിഥ്യയാണെന്നും ഞങ്ങള്‍ അത് മാത്രമാണ് യാഥാര്‍ഥ്യമെന്ന തിരിച്ചറിവിലേക്കു മനുഷ്യനെ വളര്‍ത്തുന്നതും ആരോഗ്യകരമായ ലൈംഗികബന്ധങ്ങളാണ്. ഞങ്ങള്‍ ബോധം നമ്മള്‍ ബോധമായി പരിണമിക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ അല്ലെങ്കില്‍ അവളുടെ പക്വാവസ്ഥയിലേക്കൊരു പടി കൂടി ഉയരുന്നു എന്ന് വേണമെങ്കില്‍ നിരീക്ഷിക്കാം.
സ്‌നേഹവും പ്രേമവും തമ്മിലുള്ള വ്യത്യാസത്തിലേക്കു മനുഷ്യനെ നയിക്കുന്നതും ഇണ ചേരലാണെന്നു വേണമെങ്കില്‍ പറയാം. സ്‌നേഹം ദാനാത്മകമാണ്. ഓരോ ദാനവും എന്നേക്കുമുള്ള ഒരുപരി ത്യാഗം കൂടിയാണ്. എന്നില്‍ നിന്നുമെടുത്ത് എന്റെ ഇഷ്ടവിഷയത്തിലേക്കൊഴുക്കി ഒടുവില്‍ അതിനേയും പേറിക്കൊണ്ട് എന്നിലേക്കു തന്നെ തിരിച്ചുവരുന്ന ഒന്നാണ് പ്രേമം. ഞാനാണ് അതിന്റെ തുടക്കവും ഒടുക്കവും. ഇതല്ല സ്‌നേഹത്തിന്റെ അവസ്ഥ. അതെന്നില്‍ നിന്നുയര്‍കൊണ്ട് ഞാന്‍ സ്‌നേഹിക്കുന്നയാളിലേക്കൊഴുകി അയാളില്‍ വലയം പ്രാപിക്കുന്നു. അതിന്റെ ആകര്‍ഷണ കേന്ദ്രമായി വര്‍ത്തിക്കുന്നത് ഒരിക്കലും ഞാനല്ല മറിച്ചു നീയാണ്. വ്യത്യാസം വേറേയും ഉണ്ട്. പ്രേമം എന്റെ പരിമിതിയുടെ വെളിപ്പെടുത്തല്‍ കൂടിയാണ്. എനിക്കില്ലാത്തത് എന്തോ അതിനെ ആയിരിക്കുമല്ലോ ഞാന്‍ തേടുന്നതും സ്വന്തമാക്കാന്‍ ഇച്ഛിക്കുന്നതും. മറിച്ചു സ്‌നേഹമാകട്ടെ എന്റെ ആന്തരിക സത്തയെ സ്വയം വെളിപ്പെടുത്തുകയും അത് പങ്കിടാന്‍ മറ്റാളുകളെ തേടുകയും ചെയ്യുന്നു.
സ്ത്രീയെ പുരുഷന്റെ പങ്കാളിയോ കൂട്ടുകാരിയോ എന്ന നിലയില്‍ കാണുന്നതിനു പകരം അവളെ തന്റെ സ്വത്തായിക്കാണുന്ന പ്രവണത പരിഷ്‌കൃതകാലത്തെ സ്ത്രീകളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അവരുടെ വേലിചാട്ടത്തിനു പിന്നില്‍ പുരുഷന്റെ ഈ സമീപനത്തിനൊരു പങ്കുണ്ട്. ഏക ഭാര്യഭര്‍തൃപരമായ (Monogamous) വിവാഹസമ്പ്രദായം പുരുഷന്റെ ഈ മാനസികാവസ്ഥക്കു ശക്തി പകര്‍ന്നിട്ടുണ്ടെന്നാണ് ബ്രട്രാന്റ്‌റസ്സലും മറ്റും നിരീക്ഷിക്കുന്നത്. ഇത്തരം അപജയങ്ങള്‍ക്കന്ത്യം കുറിക്കണമെങ്കില്‍ നമ്മുടെ സമൂഹം ഒട്ടാകെ ഒരു അപസംസ്‌കരണ(De civilization) പ്രക്രിയിയിലൂടെ കടന്നുപോകേണ്ടിവരും. സ്‌നേഹത്താല്‍ പ്രചോദിതവും അറിവിനാല്‍ നയിക്കപ്പെടുന്നതുമായ (inspired by love and guided knowledge) ഒരു നവ നിര്‍മിതിക്കു നമ്മളെ തന്നെ സമര്‍പ്പിക്കേണ്ടിവരും. നാം വിഭാവനം ചെയ്യുന്ന സമൂഹം കേവലം സുന്ദരന്മാരും സുന്ദരികളും മാത്രമുള്ളതായാല്‍ പോരാ. പിന്നെയോ അവര്‍ തമ്മില്‍ സുന്ദരബന്ധങ്ങള്‍ കൂടെ ഉള്ളതായിരിക്കണം. എങ്കില്‍ മാത്രമേ ആണ്‍പെണ്‍ ബന്ധങ്ങളെ കേന്ദ്രീകരിച്ചു നാള്‍തോറും നമ്മള്‍ കേട്ടുപഴകിയ അസുഖകരമായ വാര്‍ത്തകള്‍ക്ക് അന്ത്യമുണ്ടാകൂ.