Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

Published

|

Last Updated

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് സ്വര്‍ണം. ഷൂട്ടൗട്ടില്‍ പാക്കിസ്ഥാനെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞത്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം. നിശ്ചിത സമയത്തില്‍ മല്‍സരം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയിലായതിനെ തുടര്‍ന്ന് മല്‍സരം ഷൂട്ടൗട്ടിലേയ്ക്ക് നീളുകയായിരുന്നു.

മലയാളിയായ ഗോള്‍ കീപ്പര്‍ എസ് ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ ജയിച്ചു കയറിയത്. നിശ്ചിത സമയത്ത് ശ്രീജേഷ് നടത്തിയ മികച്ച രണ്ട് സേവുകളാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിച്ചത്. ഷൂട്ടൗട്ടിലും ശ്രീജേഷ് ഫോം ആവര്‍ത്തിച്ചതാണ് നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ സ്വര്‍ണ നേട്ടത്തിലേക്കെത്തിച്ചത്. ഇതോടെ ബ്രസീല്‍ ഒളിംബിക്‌സിന് ഇന്ത്യന്‍ ഹോക്കി ടീം യോഗ്യത നേടി.

ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ഇതിനു മുന്‍പ് ഏട്ടു തവണ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും സ്വര്‍ണം പാക്കിസ്ഥാനായിരുന്നു. 1966ലെ ബാങ്കോക്ക് ഗെയിംസില്‍ മാത്രമാണ് ഇന്ത്യക്ക് പാക്കിസ്ഥാനുമേല്‍ വിജയം നേടാനായത്. അവസാനം ഫൈനലില്‍ ഏറ്റുമുട്ടിയത് 1990ല്‍ ബെയ്ജിങ്ങില്‍, അന്നും വിജയം പാക്കിസ്ഥാനൊപ്പമായിരുന്നു.

 

Latest