Connect with us

Wayanad

അരിയക്കോട് പണിയ കോളനി നിവാസികളെ പുനരധിവസിപ്പിക്കും: മന്ത്രി ജയലക്ഷ്മി

Published

|

Last Updated

കല്‍പ്പറ്റ: കക്കൂസോ മൂത്രപ്പുരയോ ഇല്ലാതെ പ്രാഥമിക കൃത്യങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ പ്രയാസപ്പെടുന്ന വയനാട് ജില്ലയിലെ പുല്‍പ്പള്ളി കോളറാട്ട്കുന്ന് അരിയക്കോട് പണിയ കോളനിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം സിറാജില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
കോളനിയില്‍ വീട് നിര്‍മ്മാണം പാതിവഴിയിലാക്കി ഉപേക്ഷിച്ച കരാറുകാരനെതിരെ പോലീസ് കേസെടുക്കാന്‍ എ ഡി ജി പി ബി. സന്ധ്യക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
12 സെന്റ് ഭൂമിയില്‍ ഒമ്പത് വീടുകളിലായി താമസിക്കുന്ന 17 കുടുംബങ്ങളാണ് അരിയക്കോട് കോളനിയില്‍ താമസിക്കുന്നത്. പുല്‍പ്പള്ളിയില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മുണ്ടക്കുറ്റിക്കുന്ന് റോഡരികിലാണ് അരിയക്കോട് കോളനി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ വന്ന് താമസിച്ച ആദിവാസികളുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്. രണ്ടേക്കറോളം സ്ഥലം തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് കോളനിയിലെ പ്രായംചെന്നവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഭൂമി 12 സെന്റില്‍ ഒതുങ്ങി. പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും തുടര്‍ന്ന് സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് വീട് അനുവദിക്കണമെന്നും പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പാതിവഴിയിലായ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കണം. ബാക്കിയുള്ളവര്‍ക്ക് പുനരധിവാസം ഉറപ്പാക്കും.
നിര്‍മ്മാണം പാതിവഴിയിലായ വീടിന്റെ ഭിത്തി തകര്‍ന്നുവീണ് നവ്യ എന്ന ബാലിക മരിക്കാനിടയായ സംഭവത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുതുക്കോട് അരയാല്‍ത്തറ കോളനിയില്‍ വീട് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനെതിരെ കേസെടുക്കണമെന്ന് വയനാട് ജില്ലാ പോലീസ് ചീഫിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എട്ട് മാസമായിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത അച്യുതന്റെ വീട് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനെതിരെ പോലീസ് കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വയനാട് ജില്ലയുടെ പല ഭാഗത്തും ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ പോലീസ് കേസുകള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ നിര്‍മ്മിക്കുന്ന ഒരു വീടും പാതിവഴിയില്‍ നിര്‍ത്തിപ്പോകാനോ അനാസ്ഥ കാട്ടുന്ന കരാറുകാര്‍ക്ക് ജോലി ഏല്‍പ്പിക്കാനോ പാടില്ല. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച മനസ്സിലാക്കിയാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മാനന്തവാടിയില്‍ അനുവദിച്ച 125 വീടുകളില്‍ 38 എണ്ണവും കല്‍പ്പറ്റയില്‍ അനുവദിച്ച 119 വീടുകളില്‍ 40 എണ്ണവും മാത്രമാണ് പണി പൂര്‍ത്തിയായതെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം ഗൗരവമായാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ 125 എണ്ണത്തില്‍ 35 എണ്ണം മാത്രമാണ് തീര്‍ന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തീകരിക്കാത്ത മുഴുവന്‍ വീടുകളും നിര്‍മ്മാണം പൂര്‍ത്തിയാക്കണം, അഴിമതി കാട്ടിയ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണം തുടങ്ങിയ കാര്യങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest