Connect with us

Palakkad

മുതലമട പുലിപ്പേടിയില്‍; പറയമ്പള്ളത്ത് എട്ട് ആടിനെ കൊന്നു

Published

|

Last Updated

കൊല്ലങ്കോട്: മുതലമട പറയമ്പള്ളത്ത് പുലിയിറങ്ങി എട്ട് വളര്‍ത്ത് ആടിനെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. പറയമ്പള്ളം നെല്ലിക്കാട് കളത്തില്‍ തൃശൂര്‍ സ്വദേശികളായ ബാലമുരളി, സുകുമാരന്‍, സുഭാഷ്, എന്നിവരുടെ ഫാമിലെ 30 ഓളം ആടുകളുള്ള വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ഇന്നലെ പുലര്‍ച്ചക്ക് പുലി ഇറങ്ങി ആക്രമിച്ചതായി പറയുന്നത്.
മലബാറി, നാടന്‍ വിഭാഗത്തില്‍പ്പെട്ട ആടുകളാണ് പുലിയുടെ അടിയേറ്റ് ചത്തത്. 25 കിലോ മുതല്‍ 30 കിലോ വരെയുള്ള ആടുകള്‍ ബക്രീദിനായുള്ള വില്‍പ്പനക്കായി വളര്‍ത്തുകയായിരുന്നു. ഒഴിഞ്ഞു കിടന്ന കോഴി ഫാമിന്റെ മുകളിലൂടെ എത്തിയാണ് ആടിനെ കെട്ടിയിട്ട ഫാമിനുള്ളില്‍ പുലി കടന്നതെന്ന് പറയുന്നു. പുലര്‍ച്ചെ ഫാമിലെത്തിയപ്പോഴാണ് പുലിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്ത വിവരം അറിയുന്നത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് റെയ്ഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി കെ മുഹമ്മദ് സലീം, സെക്ഷന്‍ ഫോറസ്റ്റര്‍ ഷാജഹാന്‍, ബിറ്റ് ഓഫീസര്‍മാരായ കാസിം, സന്തോഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലം പരിശോധിച്ചു.
പുതൂര്‍, എലവഞ്ചേരി വെറ്റിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമാര്‍ട്ടം നടത്തി. കഴിഞ്ഞ വര്‍ഷം മുതലമട പ്രാഥമിക കേന്ദ്രത്തിന്റെ പുറകിലായി കുളിക്കാന്‍ പോകുന്നതിനിടെ ചന്ദ്രന്റെ മകന്‍ രമേഷ് പുലിയെ കണ്ടിരുന്നതായും തേക്കിന്‍ചിറ പട്ടികജാതി കോളനിയില്‍ കുടുംബശ്രീ യൂനിറ്റ് വഴി വാങ്ങി വളര്‍ത്തുകയായിരുന്ന 5 ഓളം ആടുകളെ പുലി കടിച്ചു കൊല്ലുകയും ചെയ്തിരുന്നു. വനം വകുപ്പ് കെണി ഒരുക്കി പിടികൂടിയ പുലിയെ പറമ്പിക്കുളത്തേക്ക് വനത്തില്‍ വിട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പലകപ്പണ്ടിയില്‍ പശുവിനെ ആക്രമിച്ച് കൊന്നിരുന്നു. പുലിയുടെ ഭീഷണി തുടരുന്നതിനാല്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ ഭയപ്പാടിലാണ്.

 

---- facebook comment plugin here -----

Latest