Connect with us

Malappuram

ജില്ലയില്‍ പൂട്ട് വീണത് രണ്ട് മദ്യഷാപ്പുകള്‍ക്ക്

Published

|

Last Updated

മലപ്പുറം: സര്‍ക്കാറിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ജില്ലയില്‍ പൂട്ട് വീണത് ബീവറേജസ് കോര്‍പറേഷന്റെ രണ്ട് വിദേശ മദ്യഷാപ്പുകള്‍ക്ക്. പരപ്പനങ്ങാടിയിലെ അഞ്ചപ്പുര, വണ്ടൂര്‍ ഔട്ട് ലെറ്റുകളാണ് അടച്ച് പൂട്ടിയത്. എന്നാല്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ പൂക്കിപറമ്പ് ഔട്ട്‌ലെറ്റിന് താത്കാലം പൂട്ട് വീഴില്ല.
പരപ്പനങ്ങാടിയിലെ സ്വകാര്യ ബാറുടമയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ചില്ലറ വില്‍പനശാല കോടതി പരിസരത്തു നിന്നുമാറ്റി 2001ലാണ് അഞ്ചുപുരയില്‍ ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ ഇത് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സമരങ്ങള്‍ നടന്നു വരികയായിരുന്നു. കഴിഞ്ഞ പരപ്പനങ്ങാടി പഞ്ചായത്ത് ഇതിന് ലൈസന്‍സ് നിഷേധിച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് എത്തിയിരുന്നു. പിന്നീട് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യ നയത്തോടെ ഈ ആവശ്യം സജീവമായി. ഒരുമാസമായി ജനകീയ അവകാശ സംരക്ഷണ സമിതി രൂപവത്കരിച്ച് ധര്‍ണ്ണ, ഹര്‍ത്താല്‍, ബഹുജന റാലി, മനുഷ്യചങ്ങല, തുടങ്ങിയ സമര മുറകള്‍ അരങ്ങേറുകയുണ്ടായി. ജനകീയ അവകാശ സംരക്ഷണ സമിതിയെ പിന്തുണച്ച് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും, മദ്യനിരോധന സമിതിയും, സ്‌കൂള്‍ വിദ്യാര്‍ഥികളും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എം എല്‍ എയുമായ പി കെ അബ്ദുര്‍റബ്ബിന്റെ നാട്ടിലെ ഔട്ട്‌ലെറ്റ് ഒഴിവാക്കണമെന്ന സമ്മര്‍ദ്ദം മന്ത്രിസഭയില്‍ ഉണ്ടായതും തുടര്‍ന്നു പൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇന്നലെ ഉച്ചക്ക് തീരുമാനം വന്നതോടെ ജനങ്ങള്‍ ആവേശത്തോടെ ടൗണില്‍ പ്രകടനം നടത്തിയും മധുരം വിളമ്പിയും ആഹ്ലാദം പങ്കിട്ടു. 50 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉള്ളതായി എക്‌സൈസ് അധികൃതര്‍ എണ്ണി സാക്ഷ്യപ്പെടുത്തി. റെയ്ഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി ബിജുകുമാര്‍, പി ശമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി ഏഴിനു ഷോപ്പ് സീല്‍ ചെയ്തു അടച്ചു പൂട്ടി. ഇവിടത്തെ സ്റ്റോക്ക് ബീവറേജ് വെയര്‍ ഹൗസിലേക്കുമാറ്റും.
വണ്ടൂരിലെ പാണ്ടിക്കാട് റോഡില്‍ ജനത്തിരക്കേറിയ മണലിമ്മല്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള മദ്യഷാപ്പാണ് അടച്ചത്. മദ്യം വാങ്ങാനെത്തുന്നവരുടെ നീണ്ട ക്യൂ കാരണം പലദിവസങ്ങളിലും ബസുകള്‍ക്ക് കടന്നു പോവാന്‍ പ്രയാസമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ക്കും കുടിയന്‍മാര്‍ കാരണം വഴി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. തൊട്ടടുത്ത് തന്നെയുള്ള ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് ദിവസേനയെത്തുന്ന രോഗികള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. ബിവറേജില്‍ നിന്ന് മദ്യം വാങ്ങി പരസ്യമായി മദ്യപിക്കുന്നതും ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ വീണു കിടക്കുന്നതും ഇവിടെ നിത്യ കാഴ്ചയായിരുന്നു. വൈകുന്നേരമാകുന്നതോടെ റോഡ് മദ്യപന്മാരുടെ നിയന്ത്രണത്തിലാണിവിടെ. രോഗികളുടെ കൂടെ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ ആശുപത്രി റോഡിലൂടെ വഴി നടക്കാന്‍ ഭയമായിരുന്നു. ഇതിന് പുറമെ വണ്ടൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ഏറെ പ്രയാസങ്ങളാണ് മദ്യഷാപ്പു കൊണ്ടുള്ളത്. ഇതിനു പുറമെ മദ്യ ഷോപ്പിന്റെ മറ പറ്റി നടന്നിരുന്ന നിരോധിത ലഹരി ഉത്പന്ന വില്‍പ്പനക്കും ഔട്ട്‌ലെറ്റിന് പൂട്ടു വീഴുന്നതോടെ അവസാനമാകും. ആശുപത്രിയും ജുമുഅ മസ്ജിദും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് നിയമത്തിന് എതിരായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെ നിരവധി പരാതികളാണ് സര്‍ക്കാറിന് അയച്ചിരുന്നത്. പൂക്കിപറമ്പ്, പരപ്പനങ്ങാടി അഞ്ചപ്പുര ഔട്ട്‌ലെറ്റുകള്‍ അടച്ച്പൂട്ടണമെന്ന് കഴിഞ്ഞ ജില്ലാ വികസന സമിതി ആവശ്യപ്പെട്ടിരുന്നു. പൂക്കിപറമ്പിലെ മദ്യഷാപ്പ് അടച്ചുപൂട്ടാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Latest