Connect with us

Kozhikode

വയോധിക സംരക്ഷണത്തിന്റെ ഓര്‍മപ്പെടുത്തലുമായി വയോജനദിനം ആചരിച്ചു

Published

|

Last Updated

old ageകോഴിക്കോട്: ബാല്യവും യൗവ്വനവും നാടിനും കുടുംബത്തിനുമായി ചെലവഴിച്ച വന്ദ്യവയോധികര്‍ക്ക് ജീവിത സായാഹ്നത്തില്‍ യുവ തലമുറയുടെ സ്‌നേഹവും സംരക്ഷണവും ആവശ്യമാണെന്ന് ഓര്‍മപ്പെടുത്തി ലോക വയോജനദിനം ജില്ലയില്‍ ആചരിച്ചു. മുതിര്‍ന്നവര്‍ക്കായി ആവിഷ്‌കരിച്ച സ്‌നേഹായാനം പദ്ധതിയുടെ ഉദ്ഘാടനം, മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍, വയോദജന ദിന പ്രതിജ്ഞ തുടങ്ങിയ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്. സാമൂഹിക നീതി വകുപ്പ്, സാമൂഹിക സുരക്ഷാ മിഷന്‍, വയോമിത്രം, കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ ഹയര്‍സെകന്‍ഡറി നാഷനല്‍ സര്‍വീസ് സ്‌കീം എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ദിനാഘോഷം മേയര്‍ പ്രൊഫ. എം കെ പ്രേമജം ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നാഷനല്‍ സര്‍വീസ് സ്‌കീം നടപ്പാക്കുന്ന സ്‌നേഹായനം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ജില്ലാ കലക്ടര്‍ സി എ ലത നിര്‍വഹിച്ചു. 

വയോജന നിയമ ബോധവത്കരണം, ഗൃഹസന്ദര്‍ശനം, തുടര്‍പരിചരണം, വാര്‍ധക്യവും ഏകാന്തതയും സൃഷ്ടിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് പഠനം, വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച വയോജനങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവയാണ് സ്‌നേഹായാനത്തിന്റെ ഉദ്ദേശ ലക്ഷ്യം.
മുതിര്‍ന്ന പൗരന്‍മാരായ കോളിയോട്ട് ഭരതന്‍, ഡോ. രാമനാഥന്‍, പി കെ മുഹമ്മദ്, സി പി കുഞ്ഞ്, കെ പി മൂസ ബറാമി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പൊന്നാടയണിയിച്ച് ആദരിച്ചു. മുതിര്‍ന്ന പൗരന്‍മാരും വിശിഷ്ടാഥിതികളും എന്‍ എസ് എസ് വൊളന്റിയര്‍മാരും ചേര്‍ന്ന് സ്‌നേഹദീപം തെളിയിച്ചു.
കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ എസ് എസ് എം റീജ്യനല്‍ ഡയറക്ടര്‍ ടി കെ മുഹമ്മദ് യൂനസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി പി മുഹമ്മദ് ബശീര്‍ സ്‌നേഹായനം പദ്ധതി വിശദീകരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ എ നാരായണന്‍, ഫസലുല്‍ ഹഖ് കെ സി, ഓര്‍മബാലന്‍, മുഹമ്മദ് അലി എ, ബ്രഹ്മ നായകന്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അശ്‌റഫ് കാവില്‍, ആര്‍ എല്‍ ബൈജു, വി സി മുഹമ്മദ് വിഷയം അവതരിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അങ്കണ്‍വാടികളുടെ നേതൃത്വത്തിലും വയോജനദിനാചരണം നടന്നു.

Latest