Connect with us

Gulf

ജംറ പാലത്തിലൂടെ ഇനി മണിക്കൂറില്‍ 50 ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാം

Published

|

Last Updated

ജിദ്ദ: മിനായില്‍ ജംറ പാലങ്ങളുടെ വികസനം പൂര്‍ത്തിയായതോടെ ഇനി മണിക്കൂറില്‍ 50 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഒരേ സമയം ജംറകളിലൂടെ സഞ്ചരിക്കാം. ഹാജിമാര്‍ ജംറകളില്‍ കല്ലെറിയുന്നതിനായി പോകാന്‍ സാധാരണയായി ഉപയോഗിക്കുന്ന വഴികളിലൂടെ മണിക്കൂറില്‍ മൂന്ന് ലക്ഷം പേരെ മാത്രമെ ഉള്‍ക്കൊള്ളാനാവുമായിരുന്നുള്ളു. വിശ്വാസികളുടെ വര്‍ധന മൂലം അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന് നടത്തിയ വികസന പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് പുതിയ പാലം നിര്‍മിച്ചതെന്ന് സഊദി ഗ്രാമ വികസന മന്ത്രി മന്‍സൂര്‍ ബിന്‍ മിത്തബ് പറഞ്ഞു. വിശ്വാസികള്‍ക്ക് പ്രയാസരഹിതമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പുതിയ പാലം സഹായകമാകും. മിനായില്‍ കല്ലെറിയാനെത്തുന്ന വിശ്വാസികളുടെ ഒഴുക്ക് മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത തിക്കും തിരക്കും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീമമായ സംഖ്യ ചെലവിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഹൈടെക്ക് ബ്രിഡ്ജ് പണികഴിപ്പിച്ചത്. അതേ സമയം ഹജിമാരെ സ്വീകരിക്കുന്നതിനായി മക്കയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ വളരെ വിജയകരമായി പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ടെന്ന് മക്ക രാജകുമാരന്‍ മിശാല്‍ ബിന്‍ അബ്ദുല്ല പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.