Connect with us

National

ഒട്ടകത്തെ കശാപ്പ് ചെയ്യരുതെന്ന് മൃഗ സംരക്ഷണ ബോര്‍ഡ്

Published

|

Last Updated

ചെന്നൈ: പെരുന്നാളിനോടനുബന്ധിച്ച് ഭക്ഷണാവശ്യത്തിനായി ഒട്ടകങ്ങളെ കശാപ്പ് ചെയ്യരുതെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എ ഡബ്ല്യൂ ബി ഐ). പെരുന്നാളിനോടനുബന്ധിച്ച് തമിഴ്‌നാടടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി ഒട്ടകങ്ങളെ ബലിയറുക്കുന്ന സാഹചര്യത്തിലാണ് എ ഡബ്ല്യൂ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പിന്തുണയോടെ എ ഡബ്ല്യൂ ബി ഐ ഇക്കാര്യം സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയല്‍ സംസ്ഥാനമായ ആന്ധ്രാ പ്രദേശില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ബലി പെരുന്നാളിനോടനുബന്ധിച്ച് കശാപ്പ് ചെയ്യുന്നതിനായി നിരവധി ഒട്ടകങ്ങളെയാണ് എത്തിക്കുന്നത്. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ ഡബ്ല്യൂ ബി ഐ നിയമവിരുദ്ധമായി നടക്കുന്ന കശാപ്പുകള്‍ നിര്‍ത്താലാക്കുന്നതിന് മൃഗസുരക്ഷാ നിയമങ്ങള്‍ ശക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ കശാപ്പുശാലകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം.
അറവു മൃഗങ്ങളെ കൊണ്ടുവരുന്നിടത്ത് ഉടമകള്‍ വ്യാപകമായി നിയമം ലംഘിക്കുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.