Connect with us

International

ഗാസ യുദ്ധക്കുറ്റം: യു എന്‍ അന്വേഷണം ഏകപക്ഷീയമെന്ന് ഇസ്‌റാഈല്‍ പരാതി

Published

|

Last Updated

ജറുസലം: ഗാസ യുദ്ധത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭ നടത്തുന്ന അന്വേഷണം ഏകപക്ഷീയമാണെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് നല്‍കിയ പരാതിയിലാണ് ഇസ്‌റാഈലിന്റെ ഈ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ വെച്ച് ബാന്‍ കി മൂണുമായി നടന്ന കൂടിക്കാഴ്ചക്കിടെ, ഹമാസിനെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന വേണ്ടതു പോലെ അന്വേഷണം നടത്തുന്നില്ലെന്നും യു എന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇസ്‌റാഈലിനെ കുറ്റപ്പെടുത്തുക മാത്രമാണ് ഇവര്‍ ചെയ്യുന്നതെന്നും നെതന്യാഹു ആരോപിച്ചു.
50 ദിവസം നീണ്ടുനിന്ന ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ രണ്ടായിരത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരുന്നത്. ഇവരില്‍ 700ലധികം പേര്‍ കുട്ടികളായിരുന്നു. യു എന്നിന്റെ നേതൃത്വത്തില്‍ ഗാസയിലെ സ്‌കൂളില്‍ ഒരുക്കിയിരുന്ന അഭയാര്‍ഥി കേന്ദ്രത്തിന് നേരെയും ഇസ്‌റാഈല്‍ കിരാതമായ ആക്രമണം നടത്തിയിരുന്നു. ലോകവ്യാപകമായി ഇസ്‌റാഈലിനെതിരെ തിരിയാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു ഈ സംഭവം.
യു എന്‍ നടത്തുന്ന അന്വേഷണം അനുചിതമാണെന്നും നിരപരാധികളായ മനുഷ്യരെ കൊല്ലാന്‍ തന്റെ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും നെതന്യാഹു വാദിച്ചു.
അതേസമയം, ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് മാത്രമല്ല, ഹമാസ് പോരാളികള്‍ ഇസ്‌റാഈലിന് നേരെ നടത്തിയ ആക്രമണവും അന്വേഷണ പരിധിയിലുണ്ടെന്നും രണ്ട് വിഭാഗത്തെ സംബന്ധിച്ചും വ്യക്തമായ അന്വേഷണം നടത്തുമെന്നും യു എന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ഹമാസിന്റെ ചില നടപടികളെ നേരത്തെ ഐക്യ രാഷ്ട്ര സഭ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഗാസയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ അടച്ചതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് അറുതി വരുത്തി, ഫലസ്തീനിനും ഇസ്‌റാഈലിനും ഇടയിലുള്ള പ്രശ്‌നങ്ങളുടെ കാരണം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ മുന്നോട്ട് വരണമെന്ന് നെതന്യാഹുവിനോട് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാനപ്പെട്ട ഭാഗം ഇവിടേക്കുള്ള കവാടങ്ങള്‍ ഇസ്‌റാഈല്‍ തുറന്നുകൊടുക്കുക എന്നതായിരുന്നു.

Latest