Connect with us

Kasargod

വയോമിത്രം കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ കൗണ്‍സിലിംഗ് കേന്ദ്രം ആരംഭിക്കുന്നു

Published

|

Last Updated

കാസര്‍കോട്: സാമൂഹ്യ നീതി വകുപ്പിന്‍ കീഴില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അവശതയനുഭവിക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു.
മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ സംരക്ഷണവും, മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്നതിനായി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് വയോമിത്രം. പദ്ധതി പ്രദേശത്തെ മുഴുവന്‍ മുതിര്‍ന്ന പൗരന്‍മാരുടെയും ആരോഗ്യ സംരക്ഷണം മൊബൈല്‍ ക്ലിനിക്കുകളിലുടെ നല്‍കി വരുന്നു. തങ്ങളുടെ വീടിന്റെ പരിസരത്ത് തന്നെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വൈദ്യസേവനവും, സൗജന്യ മരുന്നും ലഭിക്കുമെന്നതാണ് ഈ ക്യാമ്പുകളുടെ പ്രത്യേകത. പൂര്‍ണ ശയ്യാവലംബരായവരെ സംരക്ഷണം ഉറപ്പു വരുത്തുന്ന പാലിയേറ്റീവ് സര്‍വീസ്, മുതിര്‍ന്ന പൗരാന്‍മാര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക്, തുടങ്ങിയ സേവനങ്ങളും പദ്ധതി നല്‍കി വരുന്നു. നിലവില്‍ 32 നഗരസഭാ പ്രദേശങ്ങളിലാണ് വയോമിത്രം പ്രവര്‍ത്തിച്ചു വരുന്നത്. സംസ്ഥാനത്ത് ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി പദ്ധതി പ്രയോജനം ലഭിക്കുന്നു.
കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ 2011 ഡിസംബര്‍ ഒന്നിനാണ് പദ്ധതി നഗരസഭാ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 18 മൊബൈല്‍ ക്ലിനിക്കുകളിലുടെ 2285 വയോജനങ്ങള്‍ക്ക് ഡോക്ടര്‍, നേഴ്‌സ്, ജെ പി എച്ച് എന്‍ എന്നിവരുടെ സേവനങ്ങളും, സൗജന്യ മരുന്നുകളും നല്‍കി വരുന്നു. കൂടാതെ, 225 ശയ്യാവലംബരായ രോഗികള്‍ക്കും പരിചരണം ലഭിക്കുന്നു. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം ഓഫീസ് മുതിര്‍ന്ന പൗരന്‍മാരുടെ ഹെല്‍പ്പ് ഡെസ്‌ക്കായി പ്രവര്‍ത്തിക്കുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് നിലവിലുള്ള മുഴുവന്‍ വയോമിത്രം പദ്ധതികളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജ്യ കൗണ്‍സിലിംഗ് സേവനം കുടെ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ പ്രദേശത്തും കൗണ്‍സിലിംഗ് സേവനം ഔപചാരികമായി ആരംഭിക്കുന്നു. മൊബൈല്‍ ക്ലിനിക്കില്‍ എത്തുന്ന ആവശ്യമായ വയോജനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക.
ലോക വയോജന ദിനത്തോടനുബന്ധിച്ച് നഗരസഭയും വയോമിത്രം പദ്ധതിയും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വയോജന പരിചരണം എന്ന വിഷയത്തില്‍ ഡോ. ഷമീമ തന്‍വീര്‍ ക്ലാസെടുത്തു.
വയോജനങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി സംഘടിപ്പിച്ച ഷെയര്‍ ആന്റ് കെയര്‍ പരിപാടിക്ക് ഡോ. പി സി മാധവപ്പണിക്കര്‍ നേതൃത്വം നല്‍കി. ജീവിത സായാഹ്‌നത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ കഥ പറയുന്ന ഏകാന്തതയുടെ അഴിമുഖങ്ങള്‍ എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് വിഭാഗം കാസര്‍കോട് കേന്ദ്രത്തിലെ വിദ്യാര്‍ഥികളും വയോജനങ്ങളും വിവിധ കലാ-പരിപാടികള്‍ നടത്തി.
നഗരസഭാ ഉപാധ്യക്ഷ താഹിറ സത്താറിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ആഇശത്ത് റുമൈസ റഫീഖ്, അബ്ബാസ് ബീഗം, അബ്ദുറഹ്മാന്‍ കുഞ്ഞിമാസ്റ്റര്‍, ജി നാരായണന്‍, സൈബുന്നിസ ഹനീഫ്, രൂപറാണി, ഡോ. വി പി രാഘവന്‍, ഡോ. എം എ ഷംനാട്, എം പി പോള്‍, എ ജി ഫൈസല്‍, ഷക്കീല മജീദ് പ്രസംഗിച്ചു.

 

Latest