Connect with us

Articles

ഹജ്ജ്, പെരുന്നാള്‍, ഉള്ഹിയ്യത്ത്

Published

|

Last Updated

ഹജ്ജ്, പെരുന്നാള്‍, ഉളുഹിയ്യത്ത് എന്നീ ആരാധനകള്‍ കേവല അനുഷ്ഠാനങ്ങളല്ല. അല്ലാഹുവിന് വേണ്ടി നിര്‍വഹിക്കുന്ന ആരാധനയെന്നതിനൊപ്പം ആത്മീയമായ ഉള്ളടക്കവും ആദര്‍ശപരമായ മാനങ്ങളും അതിലുണ്ട്. അല്ലാഹുവിന്റെ ഏകത്വം ഉദ്‌ഘോഷിക്കുന്ന ഈ ആരാധനകളിലെല്ലാം മഹാത്മാക്കളുടെ അനുസ്മരണമുണ്ട്. തിരുനബി(സ)യെയും ഇബ്‌റാഹീം നബി(സ)യെയും അവരുടെ കുടുംബത്തേയും അനുസ്മരിക്കാതെയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാതെയും നിസ്‌കാരം സാധ്യമല്ല. ഒരോ നിസ്‌കാരത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയാണെന്ന നബി വചനം ഓര്‍ക്കുക. മക്കയെ ഭൂമിയുടെ മുത്തും മാണിക്യവുമാക്കി മാറ്റിയ മുഹമ്മദ് നബിയുടെ നിയോഗത്തിന് പിന്നില്‍ പോലും അബുല്‍ അംബിയാഅ് (പ്രവാചകന്മാരുടെ പിതാവ്) ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയുണ്ടെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
വിശുദ്ധ കഅബ തവാഫ് ചെയ്യുന്ന ഏതൊരു വിശ്വാസിയും ആ ഭവനം പുനര്‍നിര്‍മിക്കുകയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്ത പിതാവിനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? മഖാമു ഇബ്‌റാഹീമിന്റെ പിന്നില്‍ വെച്ച് നിസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ക്ക് ഇബ്‌റാഹീം നബി നിനവിലെത്താതിരിക്കില്ല. ഹിജ്ര്‍ ഇസ്മാഈലിലെത്തുമ്പോഴും, ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)മിനെ അറുക്കാന്‍ സന്നദ്ധനായ മിനയിലെത്തുമ്പോഴും അവര്‍ രണ്ട് പേരെയും അനുസ്മരിക്കാതിരിക്കാനാകില്ല. സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യുമ്പോള്‍ ഹാജര്‍(റ)യോ ഓര്‍മ വരാതിരിക്കില്ല. കൊച്ചുമകന് ജീവജലം തേടി ഓടി നടന്ന മക്കയുടെ മാതാവ് ഹാജര്‍(റ).
പ്രാര്‍ഥനകളിലും ആരാധനകളിലും ജീവിത ക്രമങ്ങളിലും ലോകജനത ഇബ്‌റാഹീം നബിയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. നഖം മുറിക്കുക, മീശ വെട്ടുക, “സുന്നത്ത് കര്‍മം” ചെയ്യുക, അതിഥികളെ സത്കരിക്കുക, ബലികര്‍മം നിര്‍വഹിക്കുക തുടങ്ങി ഒട്ടേറെ ചര്യകളില്‍ ആ വലിയ പ്രവാചകനെ അനുധാവനം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ലോകത്ത് ആദ്യമായി വിരുന്ന് സത്കരിച്ചതും “സുന്നത്ത് കര്‍മം” ചെയ്തതും സാല്‍വാര്‍ ധരിച്ചതും മീശ വെട്ടിയതും ഇബ്‌റാഹീം നബി ആയിരുന്നു. (അല്‍ബിദായത്തു വന്നിഹായ)
ഒറ്റയാളായിരിക്കുമ്പോഴും ഒരു പ്രസ്ഥാനം ആയിരുന്നു എന്ന സവിശേഷതയുമുണ്ട് അദ്ദേഹത്തിന്. ലോകം മുഴുവന്‍ അവിശ്വാസത്തിലും അന്ധവിശ്വാസത്തിലും അസാന്മാര്‍ഗികതയിലും മുങ്ങിനില്‍ക്കുമ്പോഴും അല്ലാഹുവിലുള്ള വിശ്വാസം വിളംബരപ്പെടുത്തുകയും സ്വന്തം കുടുംബമുള്‍പ്പെടെയുള്ള സമൂഹത്തെ സത്യപ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നതും ഒരു സമൂഹത്തിനുണ്ടായിരിക്കേണ്ട സവിശേഷതകള്‍ ഒരുമിച്ചുകൂടി എന്നതുമാണ് മേല്‍വിശേഷണത്തിന് അര്‍ഹനാക്കിയത്. സൂറത്തുന്നഹ്ല്‍ അധ്യായത്തില്‍ അക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.
വെറുതെയുള്ള മൃഗബലിയോ മാംസവിതരണമോ അല്ല ഉള്ഹിയ്യത്ത്. പ്രത്യേക നിയ്യത്തോടെ നിശ്ചിത സമയത്തും ദിവങ്ങളിലും നിര്‍വഹിക്കുന്ന ആരാധനയാണത്. നിയമാനുസൃതം നിര്‍വഹിക്കുമ്പോഴേ അത് ഉള്ഹിയ്യത്തായി പരിഗണിക്കുകയുള്ളൂ. ചരിത്രപരവും ആദര്‍ശപരവുമായ വിശദീകരണങ്ങള്‍ക്ക് വിധേയമായി മാത്രമേ അത് സാധുവാകുകയുള്ളൂ.
പ്രായമേറെയായിട്ടും സന്താനസൗഭാഗ്യമില്ലാത്തത് ഇബ്‌റാഹീം നബി(അ)യെ അത്യധികം വേദനിപ്പിച്ചിരുന്നു. കരുണാമയനായ അല്ലാഹു എണ്‍പത്തിയാറാം വയസ്സില്‍ അവന്റെ ഖലീലായ ഇബ്‌റാഹീം നബിക്ക് ആ ആഗ്രഹം സഫലമാക്കിക്കൊടുത്തു. ഭാര്യ ഹാജര്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ചു. പതിമൂന്ന് വന്ധ്യയായ സാറാ ബീവിയും ഗര്‍ഭിണിയായി. അവര്‍ ഇസ്ഹാഖ് എന്ന കുഞ്ഞിനെ പ്രസവിച്ചു. അങ്ങനെ 99-ാം വയസ്സില്‍ ഇബ്‌റാഹീം നബി(അ) രണ്ട് കുട്ടികളുടെ പിതാവായി.
ജീവിത സായാഹ്നത്തില്‍ ലഭിച്ച ഇസ്മാഈല്‍ എന്ന കുട്ടിയേയും ഉമ്മ ഹാജറിനെയും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ജലജനരഹിതമായ മക്കയില്‍ താമസിപ്പിച്ചു. ഇബ്‌റാഹീം(അ) തിരിച്ചുപോയി. കുറച്ചുകാലം കഴിഞ്ഞ് മകനെ കാണാന്‍ അദ്ദേഹം വീണ്ടുമെത്തി. തുള്ളിച്ചാടി കളിക്കുന്ന കുട്ടിയെ കണ്ട ആ പിതാവിന് വലിയ വാത്സല്യം തോന്നി. സ്‌നേഹം നിര്‍ഗളിച്ചു. വൈകാതെ വന്നു അല്ലാഹുവിന്റെ കല്‍പ്പ: മകനെ സ്വന്തം കൈ കൊണ്ട് അറുക്കുക. ഒരു ഭാഗത്ത് മകനോടുള്ള അതിയായ സ്‌നേഹം. മറു ഭാഗത്ത് അത്യുന്നതനായ അല്ലാഹുവിന്റെ ആജ്ഞ അനുസരിക്കാനുള്ള അങ്ങേയറ്റത്തെ ആഗ്രഹം. ഒരു പിതാവിന്റെ വൈകാരികതക്കും ഒരു പ്രവാചകന്റെ അനുസരണ സന്നദ്ധതക്കുമിടയിലെ നിമിഷങ്ങള്‍.
ഈ പരീക്ഷണത്തിലും ഇബ്‌റാഹീം (അ) വിജയം വരിച്ചു. സ്വന്തത്തെക്കാളും മകനെക്കാളും അല്ലാഹുവിന് സ്ഥാനം കല്‍പ്പിച്ചു. തന്റെ പ്രവാചക ദൗത്യനിര്‍വഹണത്തില്‍ പുത്രവാത്സല്യം പിന്നോട്ട് പോയി. മര്‍വാ മലഞ്ചരവില്‍ (മിനയിലാണെന്നും അഭിപ്രായമുണ്ട്) മകന്റെ കഴുത്തില്‍ കത്തി വെച്ചു. അല്ലാഹു അവരുടെ സമര്‍പ്പണ സന്നദ്ധതയെ അംഗീകരിച്ച് ഒരു ആടിനെ ബലിയര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇസ്മാഈല്‍ ഒരു പുത്രനെന്നതിലുപരി തന്റെ ജീവിതത്തിന്റെ സര്‍വസ്വവുമായിരുന്നു. നിറഞ്ഞ പ്രതീക്ഷയായിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ടത് പ്രപഞ്ചനാഥന് സമര്‍പ്പിക്കുകയെന്ന പ്രൗഢമായ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്. സ്‌നേഹഭാജനമായ ആ കുട്ടിയോട് ഇബ്‌റാഹീം നബി സമ്മതം ചോദിക്കുന്നുണ്ട്. ആ ചോദ്യവും സമ്മതവും ചരിത്രത്തില്‍ സമാനതകളില്ലാതെ വേറിട്ടുനില്‍ക്കുന്നു. ഇബ്‌റാഹീം (അ)മിനെ പോലെ ഇച്ഛാശക്തിയുള്ള ഒരാള്‍ക്കല്ലാതെ ആ ചോദ്യം സാധ്യമല്ല. അക്ഷരാര്‍ഥത്തില്‍ അത്യസാധാരണവും അവിശ്വസനീയവുമായിരുന്നു അത്.
ഈ ഐതിഹാസിക സംഭവത്തിന്റെ അനുധാവനമാണ് ഉളുഹിയ്യത്ത്. ഉളുഹിയ്യത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റുന്നവര്‍ ഇന്ന് വളരെ വിരളമായിരിക്കും. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സത്രീക്കും പുരുഷനും ഇത് ബാധകമാണ്. തനിക്കും താന്‍ ചെലവ് കൊടുക്കല്‍ ബാധ്യതയുള്ളവര്‍ക്കും പെരുന്നാള്‍ ദിനത്തിലെയും രാത്രിയിലെയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ കഴിച്ച് മിച്ചമുള്ളവര്‍ക്കെല്ലാം ഇത് ബാധകമാകും. ഒഴിഞ്ഞുമാറുന്നത് ശരിയല്ല.
സമ്പൂര്‍ണ പാപമോചനമാണ് ഉളുഹിയ്യത്തിലൂടെ ലഭിക്കുക. ബലിമൃഗത്തിന്റെ ശരീരത്തില്‍ നിന്ന് ആദ്യമുറ്റി വീഴുന്ന രക്തത്തുള്ളിക്ക് 4000 പാപമോചനം ലഭിക്കുമെന്നും ഓരോ രോമത്തിലും പത്ത് പുണ്യവും പത്ത് പദവിയും പത്ത് പാപമോചനവും ലഭിക്കുമെന്നും ഐഹിക പാരത്രിക ദുഃഖങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സുരക്ഷ ലഭിക്കുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. ബലിപെരുന്നാള്‍ സുദിനത്തില്‍ ഉള്ഹിയ്യത്തിന് പണം മുടക്കുന്നതിനേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമായി മറ്റൊന്നില്ലെന്നും പ്രതിഫലേച്ഛയോടെയുള്ള ബലികര്‍മം നരകത്തില്‍ നിന്നുള്ള മറയാണെന്നും തിരുനബി പഠിപ്പിച്ചിട്ടുണ്ട്. പുനര്‍ജന്മനാളില്‍ ഖബറില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോള്‍ ബലിമൃഗം സര്‍വസജ്ജമായി തല ഭാഗത്ത് നിലയുറപ്പിക്കും. “ദുനിയാവില്‍ നീ അറുത്ത ബലിമൃഗമാണ് ഞാനെന്നും എന്റെ പുറത്താകട്ടെ നിന്റെ സവാരി”യെന്നും അത് പറയുമെന്നും ഹദീസിലുണ്ട്.