Connect with us

Articles

ഫലസ്തീനെക്കുറിച്ച് ചിന്തിക്കാന്‍ കുഞ്ഞുങ്ങളുടെ ചോര തന്നെ വേണോ?

Published

|

Last Updated

പുലിറ്റ്‌സര്‍ ജേതാവായ പീറ്റര്‍ ആര്‍ കാന്‍ ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ബലഹീനതകള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ആഗോള പ്രസക്തമായ വിമര്‍ശങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. അതില്‍ പ്രധാനമായ ഒന്ന് വാര്‍ത്തകള്‍ക്ക് തുടര്‍ച്ചയില്ലാതാകുന്നു എന്നതാണ്. സംഭ്രമജനകമായ തലം നിലനില്‍ക്കുന്നിടത്തോളം മാത്രമേ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഒരു സംഭവത്തിന് യോഗമുള്ളൂ. മഹാ വിസ്‌ഫോടനമായി തലക്കെട്ടുകളില്‍ നിറഞ്ഞ വാര്‍ത്തകള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പെട്ടെന്ന് വിസ്മൃതിയിലേക്ക് പോകുന്നു. മരണവും ദുരന്തവും യുദ്ധവും പ്രകൃതിക്ഷോഭവും കൊലപാതകവും അഴിമതിയും ഭരണമാറ്റവും പ്രക്ഷോഭവും വിപ്ലവവും ശാസ്ത്രീയ നേട്ടങ്ങളുമൊന്നും ഈ പൊതു തത്വത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നില്ല. ആഘോഷിക്കുമ്പോള്‍ എന്തും ആഘോഷിക്കും. ആലസ്യം തുടങ്ങിയാലോ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കില്ല. വാര്‍ത്തകള്‍ എത്ര കാലം വെളിച്ചത്ത് നില്‍ക്കണം? ഇരുട്ടിലേക്ക് തള്ളുന്നതെപ്പോള്‍? പൂമുഖത്തെത്ര നാള്‍? അടുക്കളപ്പുറത്തേക്കും അട്ടത്തേക്കും എന്ന് പോകണം? ഈ ചോദ്യങ്ങള്‍ക്കൊന്നിനും വായനക്കാരനോ കാഴ്ചക്കാരനോ അല്ല ഉത്തരം നല്‍കുന്നത്. ന്യൂസ് റൂമിലിരിക്കുന്ന അധിപന്‍മാര്‍ തീരുമാനിക്കും എന്തു വേണമെന്ന്. അവരെ നിയന്ത്രിക്കുന്ന മേലാളന്‍മാരും.
ഗാസയില്‍ ഇസ്‌റാഈലിന്റെ മനുഷ്യക്കുരുതി നടക്കുമ്പോള്‍ ചരിത്രപരമായി സാമ്രാജ്യത്വത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ പോലും കണ്ണീരും വേദനയും ചാലിച്ച വാര്‍ത്തകളുമായാണ് ഇറങ്ങിയത്. ഗാസയോട് എല്ലാവരും ഐക്യദാര്‍ഢ്യപ്പെട്ടു. വാര്‍ത്തകളിലും ചിത്രങ്ങളിലും രോഷം പുരണ്ടു. വാര്‍ത്തയേത് വിശകലനമേത് എന്ന് തിരിച്ചറിയാനാകാത്തവിധം പ്രതിഷേധം പ്രകമ്പനം കൊണ്ടു. ഇസ്‌റാഈലിനെ തുറന്നു കാണിക്കാന്‍ മത്സരിച്ചു എല്ലാവരും. ഫലസ്തീനിന്റെ സത്യം ചര്‍ച്ച ചെയ്യപ്പെട്ടു. ഹമാസിന്റെ പ്രത്യയ ശാസ്ത്ര ചാര്‍ച്ചകളെക്കുറിച്ച് വിയോജിപ്പുള്ളവര്‍ പോലും അതിന്റെ പോരാട്ടവീര്യത്തെ പ്രകീര്‍ത്തിച്ചു. വളരെ നല്ലത്. ഫലസ്തീന്റെ ഒറ്റപ്പെടലിന് അത്രയെങ്കിലും പ്രതിക്രിയ ആയല്ലോ.
പക്ഷേ, ആ ഐക്യദാര്‍ഢ്യങ്ങളെല്ലാം ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ ചോരയെ പ്രതിയായിരുന്നുവെന്ന് ഇന്ന് വ്യക്തമാകുകയാണ്. ആ ചോരയുടെ ദൃശ്യപരവും വൈകാരികവുമായ സാധ്യതകളാണ് മിക്ക മാധ്യമങ്ങളും ചൂഷണം ചെയ്തത്. ജൂത രാഷ്ട്രത്തിന് കൊന്ന് മടുക്കുകയും അവര്‍ പിന്‍വാങ്ങുകയും ചെയ്തതോടെ വാര്‍ത്താ റൂമുകള്‍ ആലസ്യത്തിന്റെ കൂട്ടിലേക്ക് മടങ്ങി. ഗാസയില്‍ പിന്നെ എന്ത് നടക്കുന്നു? അവിടെ മനുഷ്യര്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതെങ്ങനെ? പുനര്‍നിര്‍മാണത്തിന് വഴിയെന്ത്? പരുക്കേറ്റ മനുഷ്യരുടെ സ്ഥിതിയെന്താണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ദീര്‍ഘകാല വെടിനിര്‍ത്തലിന്റെ മുഴുവന്‍ വ്യവസ്ഥകളിലും ധാരണയില്‍ എത്താത്തതിനാല്‍ അതിര്‍ത്തികള്‍ വഴി വസ്തുക്കളുടെ നീക്കം പുനഃസ്ഥാപിച്ചിട്ടില്ല. അതുകൊണ്ട് അന്താരാഷ്ട്ര സഹായം ഗാസയില്‍ എത്തുന്നില്ല. സന്നദ്ധ സേവനത്തിനായി എത്തുന്ന ഡോക്ടര്‍മാര്‍ക്കും ഗാസയില്‍ എത്താന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഖത്തറിന്റെ സഹായം മാത്രമാണ് പുനര്‍നിര്‍മാണത്തിന് ലഭ്യമായിട്ടുള്ളത്. തുറമുഖങ്ങള്‍ തുറക്കാത്തതും പ്രശ്‌നമാണ്. ഉപരോധം പൂര്‍ണമായി നീക്കാനും അതിര്‍ത്തികള്‍ തുറക്കാനും ഈജിപ്തും ഇസ്‌റാഈലും തയ്യാറായാലേ ഗാസയില്‍ ജീവിതം പുതുനാമ്പിടൂ.
പ്രത്യക്ഷ ആക്രമണത്തേക്കാള്‍ ക്രൂരമായ അധിനിവേശം ഫലസ്തീന്‍ മണ്ണില്‍ നിര്‍ബാധം തുടരുന്നുവെന്ന സത്യവും വാര്‍ത്തകളുടെ വെള്ളിവെളിച്ചത്തിന് അപ്പുറമാണ്. യഥാര്‍ഥ ഐക്യദാര്‍ഢ്യം ഉണ്ടാകേണ്ടത് ഇടവേളകളില്ലാതെ തുടരുന്ന അതിര്‍ത്തി വിപുലീകരണത്തിനെതിരെയാണ്. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള ഇടങ്ങളെ പൂര്‍ണമായി അപഹരിക്കുകയെന്നത് അവരെ കൂട്ടക്കൊല ചെയ്യുന്നതിന് ത്യല്യമാണല്ലോ. പക്ഷേ, ആ വാര്‍ത്തകള്‍ക്ക് ദൃശ്യപരവും വൈകാരികവുമായ “പഞ്ച്” ഇല്ലാത്തതിനാല്‍ അവ വമ്പന്‍ തലക്കെട്ടുകള്‍ ആകുന്നില്ല. ചാനലുകളില്‍ ചര്‍ച്ചയാകുന്നില്ല. വിശകലനക്കാരുടെ തൃക്കണ്ണ് അങ്ങോട്ട് പതിയുന്നില്ല. ഫലസ്തീന്‍ യാഥാര്‍ഥ്യത്തെയാണ് മാധ്യമങ്ങള്‍ പിന്തുണക്കുന്നതെങ്കില്‍ ആക്രമണ കാലത്തിനും അപ്പുറത്തേക്ക് നീളുന്ന ജാഗ്രതക്ക് അവ തയ്യാറാകേണ്ടതാണ്. അതില്ലാത്തിടത്തോളം കാലം ചോരക്കൊപ്പം കണ്ണീര് ചേര്‍ത്ത് അവതരിപ്പിച്ച ഐക്യദാര്‍ഢ്യങ്ങളെല്ലാം കാപട്യമായി മാറും.
ഈ മാസം തുടക്കത്തില്‍ വെസ്റ്റ്ബാങ്കിലെ അധിനിവ്ഷ്ട പ്രദേശത്തെ 990 ഏക്കര്‍ പ്രദേശമാണ് ഇസ്‌റാഈല്‍ സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിച്ചത്. യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും മനുഷ്യാവകാശ സംഘടനകളും സര്‍ക്കാറുകളും ഈ നെറികേടിനെ അപലപിച്ചിട്ടും അത് വലിയ വാര്‍ത്തയാകാതെ പോയി. പുതിയ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിയാനാണ് ഈ പ്രഖ്യാപനമെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത്തരം സമുച്ചയങ്ങള്‍ പണിത് അവിടേക്ക് ജൂതന്‍മാരെ കടത്തി വിടുന്നത് ജനീവ പ്രഖ്യാപനത്തിന്റെ ലംഘടമാണെന്നതും അജ്ഞാതമായ കാര്യമല്ല. ശക്തമായ അപലനങ്ങള്‍ക്കപ്പുറം ഒന്നും നടക്കാത്തത് ഒരു വശത്ത് ഫലസ്തീന്‍ ജനതയും മറുവശത്ത് ലോകത്താകെ വേരാഴ്ത്തി നില്‍ക്കുന്ന സയണിസവുമാണ് എന്നത് കൊണ്ട് മാത്രമാണ്.
മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഭൂമി കൊള്ളയാണ് ഗവോട്ട് ജൂത കുടിയേറ്റ മേഖലയോട് ചേര്‍ന്ന വെസ്റ്റ്ബാങ്ക് പ്രദേശത്ത് നടക്കുന്നത്. ഫലസ്തീന്‍ ഗ്രാമങ്ങളായ അല്‍ ജബ്അക്കും നഹാലിനും ഇടക്കുള്ള പ്രദേശമാണ് ഗവോട്ട്. ഇവിടെ 1984ല്‍ ഒരു സൈനിക താവളം പണിതു ഇസ്‌റാഈല്‍. അതിര്‍ത്തി പ്രദേശത്തെ സംഘര്‍ഷങ്ങള്‍ക്കും അനധികൃത കുടിയേറ്റങ്ങള്‍ക്കും അറുതി വരുത്താനെന്ന പേരിലായിരുന്നു സൈനിക താവളം പണിതത്. അന്ന് ഫലസ്തീന്‍ നേതാക്കള്‍ പ്രതിഷേധിച്ചതാണ്. സുരക്ഷയുടെ വിഷയമുയര്‍ത്തി ഇസ്‌റാല്‍ ഈ പ്രതിഷേധത്തെ അവഗണിച്ചു. സൈനിക താവളം എന്നത് ഒരു തന്ത്രമായിരുന്നു. തൊണ്ണൂറുകളില്‍ ഇവിടെ നിന്ന് പട്ടാളക്കാരെ പിന്‍വലിച്ച് ജൂത വിദ്യാര്‍ഥികളെ കുടിയിരുത്തിയപ്പോഴേ അക്കാര്യം വ്യക്തമായുള്ളൂ. പിന്നെ അവിടെ കൂറ്റന്‍ വിദ്യാഭ്യാസ സമുച്ചയം പണിതു. 1998 ആയപ്പോഴേക്കും വിദ്യാര്‍ഥികളുടെ കുടുംബവും എത്തി. ഇന്ന് വിശാലമായ ജൂത കുടിയേറ്റ മേഖലയാണ് ഇത്. ഈ കുടിയേറ്റ മേഖലയോട് ചേര്‍ന്ന പ്രദേശമാണ് ഇപ്പോള്‍ സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിച്ചത്. ഏക്കര്‍ കണക്കിന് ഭൂമി കൂടി ചേര്‍ക്കപ്പെടുന്നതോടെ വെസ്റ്റ് ബാങ്കിലെ അധിനിവേശം ചരിത്രത്തിലെ ഏറ്റവും വിശാലമായ നിലയിലേക്ക് വളരുകയാണ്. ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് തയ്യാറാവുകയും ഉപരോധം അടക്കമുള്ള വിഷയങ്ങളില്‍ ഫലസ്തീന്‍ നേതാക്കള്‍ പറഞ്ഞിടത്ത് നില്‍ക്കാന്‍ ഇസ്‌റാഈല്‍ നിര്‍ബന്ധിതമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് വെസ്റ്റ് ബാങ്കിലെ വിപുലീകരണമെന്നോര്‍ക്കണം. ഗാസയില്‍ തോറ്റതിന് വെസ്റ്റ്ബാങ്കിനോട് എന്നതാണ് സ്ഥിതി.
വേറൊരു പശ്ചാത്തലം കൂടി ഈ അധിനിവേശത്തിന് ഉണ്ട്. ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ നിലവില്‍ വരാന്‍ പോകുകയാണ്. ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും അധികാരം ഈ സര്‍ക്കാര്‍ സംയുക്തമായി കൈയാളും. ഫതഹും ഹമാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പൂര്‍ണ വിരാമം വരുമ്പോള്‍ ഹമാസിന് ഇസ്‌റാഈലിനോടുള്ള കാഴ്ചപ്പാടിലും മാറ്റം വരും. ഇസ്‌റാഈലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാത്ത ഹമാസ് പുതിയ സാഹചര്യത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് സന്നദ്ധമാകും. ഹമാസ് അവരുടെ നിലപാട് മയപ്പെടുത്തുന്നുവെന്ന് തന്നെയാണ് അര്‍ഥം. അന്താരാഷ്ട്ര മധ്യസ്ഥര്‍ക്ക് ദ്വിരാഷ്ട്ര പരിഹാരത്തിന് വേണ്ടി കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഇത് വഴിയൊരുക്കും. അങ്ങനെയെങ്കില്‍ ചര്‍ച്ചകള്‍ മുഴുവന്‍ 1967ന് മുമ്പുള്ള അതിര്‍ത്തയിലേക്ക് ഇസ്‌റാഈല്‍ പിന്‍വാങ്ങണമെന്നതില്‍ കേന്ദ്രീകരിച്ചായിരിക്കും. 1967ലെ ആക്രമണത്തില്‍ ഇസ്‌റാഈല്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ തിരക്കിട്ട് ജൂത സമുച്ചയങ്ങള്‍ പണിയുന്നതും കൂടുതല്‍ ഭൂമി സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുന്നതും ഇത് മുന്‍ കൂട്ടിക്കണ്ടാണ്. തങ്ങളുടെ ജനതയുടെ “സ്വാഭാവിക” വാസസ്ഥലത്തില്‍ നിന്ന് അവരെ കുടുയിറക്കരുതെന്ന വാദം ഇസ്‌റാഈല്‍ ഉയര്‍ത്തും. യുദ്ധത്തില്‍ കീഴടക്കിയ പ്രദേശത്ത് സ്വന്തം ജനതയെ കടത്തി വിടരുതെന്ന അന്താരാഷ്ട്ര നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഈ കൈയേറ്റം. ഘട്ടം ഘട്ടമായി ജൂതന്‍മാരെ കുടിയിരുത്തുന്നത് തടയാന്‍ യു എന്നടക്കമുള്ള ഒരു ഏജന്‍സിക്കും ഇന്നു വരെ സാധിച്ചിട്ടില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉച്ചത്തില്‍ അപലപിക്കും. അത്രമാത്രം.
കൈയേറ്റത്തിനായി ഇസ്‌റാഈല്‍ ഉണ്ടാക്കിവെച്ചിട്ടുള്ള വിചിത്രമായ നിയമങ്ങളും ചട്ടങ്ങളും കൂടി മനസ്സിലാക്കുമ്പോഴേ ചിത്രം വ്യക്തമാകുകയുള്ളൂ. 990 ഏക്കര്‍ അത്ര വലിയ ഒരു ഭൂവിഭാഗമാണോ എന്ന സംശയത്തിനും ആ തിരിച്ചറിവ് മറുപടിയൊരുക്കും. സൈനിക ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുക എന്നതാണ് ഒന്നാമത്തെ മാര്‍ഗം. ഫലസ്തീന്‍ പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ള ഭൂമി സുരക്ഷാ സംവിധാനങ്ങള്‍ക്കും പരിശീലനത്തിനുമായി ഏറ്റെടുക്കുന്നു. ഉടമസ്ഥത കടലാസില്‍ മാറുന്നില്ല. നിശ്ചിത കാലത്തേക്ക് ഏറ്റെടുക്കുന്നുവെന്നാണ് പറയുക. പക്ഷേ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലിമിലും ഇങ്ങനെ ഏറ്റെടുത്ത ഒരു തുണ്ട് ഭൂമി പോലും പിന്നീട് ഒഴിഞ്ഞിട്ടില്ല. ഗാവോണിലെപ്പോലെ അത് സാവധാനം ജൂത കുടിയേറ്റ മേഖലയായി മാറുകയാണ് ചെയ്യാറുള്ളത്.
സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുകയാണ് അധിനിവേശത്തിന്റെ മറ്റൊരു വഴി. അതാണ് ഇപ്പോള്‍ പ്രയോഗിച്ചിട്ടുള്ളത്. 1967ല്‍ പിടിച്ചടക്കിയ പ്രദേശത്ത് ഓട്ടോമന്‍ നിയമം എന്നൊരു വിചിത്ര നിയമം പ്രഖ്യാപിക്കുയായിരുന്നു ഇതിന്റെ ആദ്യ പടി. ഈ നിയമപ്രകാരം പ്രദേശത്തെ മുഴുവന്‍ ഭൂമിയും സ്റ്റേറ്റ് ലാന്‍ഡ് ആണ്. സ്വകാര്യ ഉടമസ്ഥത അവകാശപ്പെടുന്നവര്‍ അതിന് തെളിവ് ഹാജരാക്കണം. എന്നിട്ട് രജിസ്റ്റര്‍ ചെയ്യണം. പത്ത് വര്‍ഷം തുടര്‍ച്ചയായി ഒരാള്‍ കൃഷി ചെയ്ത് വരുന്ന ഭൂമിക്ക് മാത്രമേ പ്രൈവറ്റ് പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂ. പക്ഷേ, മിക്ക ഉടമസ്ഥര്‍ക്കും ഇതിന് സാധിക്കാറില്ല. പലപ്പോഴും ഇസ്‌റാഈല്‍ സൈനികരും കുടിയേറിയെത്തുന്ന ജൂതന്‍മാരും കൃഷി തടസ്സപ്പെടുത്തും. അല്ലെങ്കില്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് രജിസ്‌ട്രേഷന്‍ തടയും. ഇങ്ങനെ ഉടമസ്ഥരില്ലാതാക്കിയ ഭൂമിയാണ് സ്റ്റേറ്റ് ലാന്‍ഡ് ആയി പ്രഖ്യാപിക്കുക. റോഡുകളും ഹെലിപാഡുകളും മാര്‍ക്കറ്റുകളും പണിയാനെന്ന പേരിലും ഭൂമി പിടിച്ചെടുക്കുന്നു. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമിയില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കാറില്ല. ആത്യന്തികമായി അവയും ജൂത കുടിയേറ്റത്തിനായി നല്‍കുകയാണ് ചെയ്യാറുള്ളത്. ആക്രമിച്ചും ഒറ്റപ്പെടുത്തിയും നിസ്സാരകാര്യത്തിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചും പിഴുതെറിയുകയെന്ന പ്രത്യക്ഷ അധിനിവേശവും നടക്കുന്നു.
ഫലസ്തീനെന്ന ഇത്തിരി മണ്ണ് ഭൂപടത്തില്‍ നിന്ന് അതിവേഗം മാഞ്ഞ് പോകുകയാണ്. പീസ് നൗ പോലുള്ള സംഘടനകള്‍ ഈയടുത്ത് പുറത്ത് വിട്ട മാപ്പില്‍ ഇസ്‌റാഈല്‍ കൈയടക്കിയ പ്രദേശങ്ങള്‍ ചാര നിറത്തില്‍ പരന്നു കിടക്കുന്നു. നാല് ഭാഗത്ത് നിന്നും ആട്ടിയോടിച്ച് ഫലസ്തീന്‍ സ്വപ്‌നത്തെ ആറടി മണ്ണില്‍ അടച്ചിടുകയാണ്. ലോകത്തിന്റെ കാഴ്ചപ്പുറത്തേക്ക് ഈ ക്രൂരത കടന്നു വരാന്‍ ഫലസ്തീന്‍ മക്കള്‍ ചോരയണിഞ്ഞേ മതിയാകൂ എന്ന് വരുന്നത് എത്ര ഭീകരമാണ്?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest