Connect with us

Editorial

അപ്പോള്‍ ആരാണ് ഭാര്യ?

Published

|

Last Updated

ഭര്‍ത്താവും ഭാര്യയും പോലെ എന്നാണ് ഇന്ത്യ- അമേരിക്ക ബന്ധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കാനാണ് മോദി ഈ ഉപമ പ്രയോഗിച്ചത്. അപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ആരാണ് ഭര്‍ത്താവ്? ആരാണ് ഭാര്യ? മോദിയുടെ സന്ദര്‍ശനത്തോടെ ശക്തിപ്പെട്ട സഹകരണവും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഒപ്പ് വെച്ച കരാറുകളും അമേരിക്കയുടെ ഭാര്യയായി ഇന്ത്യ മാറുന്ന സ്ഥിതിവിശേഷം സംജാതമാകുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്.
ഒബാമ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ വളര്‍ച്ചയെ സ്വാഗതം ചെയ്യുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യു എസിന്റെ വിശ്വസ്ത കൂട്ടാളിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക മേഖലകളിലെ ഇന്ത്യയുടെ വളര്‍ച്ച ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കാണുന്നതെന്നത് രഹസ്യമല്ല. യു എസ് വിഭാവനം ചെയ്യുന്നത് ഏകധ്രുവ ലോകമാണ്. വൈറ്റ് ഹൗസിനെ കേന്ദ്രീകരിച്ചായിരിക്കണം ആഗോള ചലനങ്ങളെന്നാണ് അവരുടെ ആഗ്രഹം. ഒരു സമാന്തര ശക്തി വളര്‍ന്നു വരാന്‍ അമേരിക്ക അനുവദിക്കുകയില്ല. അതുകൊണ്ട് സമന്മാരെന്ന മട്ടില്‍ ഇന്ത്യയുമായി ഇടപഴകാനോ സൗഹൃദം വളര്‍ത്താനോ ഇന്ത്യയുടെ വളര്‍ച്ചയില്‍ സഹകരിക്കാനോ അവര്‍ സന്നദ്ധമാവുമെന്ന് കരുതാനാകില്ല. തങ്ങളുടെ ചില നിക്ഷിപ്ത താത്പര്യങ്ങളില്‍ ഇന്ത്യയെ സഹകരിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.
ചേരിചേരാ നയമായിരുന്നു തൊണ്ണൂറുകളുടെ തുടക്കം വരെ ഇന്ത്യ അനുവര്‍ത്തിച്ചു വന്നിരുന്നത്. സൈനിക സഹകരണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക മാത്രമല്ല; സാമ്രാജ്യത്വത്തില്‍ നിന്ന് വിമുക്തവും നീതിയുക്തവുമായ ലോകത്തിന്റെ സൃഷ്ടിപ്പ് കൂടിയാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതടിസ്ഥാനത്തില്‍ വിയറ്റ്‌നാം, ദക്ഷിണാഫിക്ക പ്രശ്‌നങ്ങളിലും ഫലസ്തീന്‍ പ്രശ്‌നത്തിന്റെ ആദ്യ ഘട്ടത്തിലും അധിനിവേശ ശക്തികള്‍ക്കെതിരായി ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ വാണിജ്യ, സാമ്പത്തിക മേഖലകളിലെ ഇന്ത്യ- അമേരിക്ക ബന്ധം നരസിംഹറാവുവിന്റെ കാലത്ത് കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചതോടെ ചേരിചേരാനയത്തില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നതാണ് കണ്ടത്. അമേരിക്കയുമായുള്ള പ്രതിരോധ കരാറുകള്‍, ഇസ്‌റാഈലുമായുള്ള ആയുധക്കച്ചവടം, ഇറാന്‍ പ്രശ്‌നത്തിലെ അമേരിക്കന്‍ അനുകൂല നിലപാട്, നാറ്റോ, അമേരിക്കന്‍ സൈന്യങ്ങളുമായി ചേര്‍ന്ന് നടത്തിയ സൈനിക അഭ്യാസങ്ങള്‍ തുടങ്ങിയവയിലെല്ലാം ഈ വ്യതിയാനം പ്രകടമാണ്. ഭീകരവിരുദ്ധ പോരാട്ടം ഇക്കാര്യത്തില്‍ യു എസിന് ഏറെ സഹായകവുമായി. തങ്ങളുടെ താത്പര്യങ്ങള്‍ക്കൊത്ത് തുള്ളാത്ത മുസ്‌ലിം രാഷ്ട്രങ്ങളെ തകര്‍ക്കാനായി അമേരിക്ക ആസൂത്രണം ചെയ്ത ഭീകരവിരുദ്ധ യുദ്ധത്തിന് നിര്‍ല്ലോഭമായ പിന്തുണ പ്രഖ്യാപിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.
വൈറ്റ് ഹൗസിന്റെ തന്ത്രപരമായ നീക്കങ്ങളാണ് സൈനിക മേഖലകളിലടക്കം ഇന്ത്യയെ യു എസിന്റെയും ഇസ്‌റാഈലിന്റെയും പങ്കാളിയാക്കിയത്. 2005 ജൂലൈയില്‍ മന്‍മോഹന്‍ സിഗും ജോര്‍ജ് ബുഷും ഒപ്പ് വെച്ച സിവില്‍ ആണവകരാര്‍ കേവലമൊരു ഇന്ധനകരാര്‍ മാത്രമായിരുന്നില്ല; ഇന്ത്യയെ അമേരിക്കന്‍ ക്യാമ്പിലേക്ക് കൊണ്ടുവരുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് അനുഗുണമായിരിക്കണമെന്ന് പ്രസ്തുത കരാറിന് അടിസ്ഥാനമായ ഹൈഡ് നിയമം വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരായി ഇന്ത്യ വോട്ട് ചെയ്തത് ഇതിനു തൊട്ടുപിന്നാലെയാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയെ അമേരിക്കക്ക് വിധേയപ്പെടുത്തുകയായിരുന്നു ഈ കരാറുകളുടെയെല്ലാം ആത്യന്തിക ലക്ഷ്യം.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവെച്ച കരാറില്‍ ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്ന പ്രഖ്യാപനമുണ്ട്. ഏതെല്ലാം മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളു. അമേരിക്കയുടെ ഭാഷയില്‍ അല്‍ഖാഇദയും ഇസിലും മാത്രമല്ല, ഫലസ്തീനില്‍ നിലനില്‍പിന് വേണ്ടി പോരുതുന്ന ഹമാസും ഭീകരവാദികളാണെന്നതിനാല്‍ ഇസ്‌റാഈലിന്റെ ഹമാസ്‌വിരുദ്ധ പോരാട്ടത്തിലും ഇന്ത്യ സഹകരിക്കേണ്ടി വരുമോ എന്നറിയില്ല. അടുത്തിടെ ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടിനും പൈശാചികതക്കുമെതിരെ പ്രതിഷേധിക്കാന്‍ തയാറാകാത്ത മോദി ഭരണകൂടം ആ സഹകരണത്തിന് സന്നദ്ധമായാലും അത്ഭുതവുമില്ല. മുസ്‌ലിം വിരുദ്ധതയില്‍ ജൂത, ക്രൈസ്തവ ശക്തികളുടെ മനസ്സാണല്ലോ ഹൈന്ദവ ഫാസിസത്തിനും. മോദി ഭരണത്തില്‍ ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം ശക്തിപ്പെടാനും അധീശത്വമുള്ള ഭര്‍ത്താവിന്റെ റോളില്‍ അമേരിക്ക കൂടുതല്‍ തിളങ്ങാനുമാണ് സാധ്യത.