Connect with us

Kerala

അഞ്ചിടത്തെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യങ്ങളാണെന്ന് സി പി എമ്മിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രാദേശിക തലത്തില്‍ വിഭാഗീയതയും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന് ഇന്നലെ സംസ്ഥാന സമിതി യോഗത്തില്‍ വെച്ച റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര സീറ്റുകളിലെ തോല്‍വിയാണ് സംഘടനാ തലത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് പാര്‍ട്ടിയെ ചിന്തിപ്പിക്കുന്നത്. ഈ അഞ്ച് സീറ്റിലെ തോല്‍വിയുടെയും മുഖ്യകാരണം സംഘടനാ ദൗര്‍ബല്യമാണ്.

തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാളിച്ചകളുണ്ടായി. തിരുവനന്തപുരത്ത് മത്സരിച്ചത് സി പി ഐയാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ പാര്‍ട്ടിയുമായി ആലോചന നടത്തിയിരുന്നു. ബെന്നറ്റിനെ സി പി എമ്മിന്റെ താത്പര്യം കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥിയാക്കിയതും. എന്നാല്‍, പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍ നീങ്ങിയത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം ബെന്നറ്റ് എബ്രഹാമുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ തിരിച്ചടിയായി.
ഇക്കാര്യത്തില്‍ കുറച്ചു കൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു. രാഷ്ട്രീയ മത്സരം എന്ന നിലയില്‍ നിന്ന് മാറുന്ന സാഹചര്യവുമുണ്ടായി. സ്ഥാനാര്‍ഥിക്കെതിരെ ഉയര്‍ന്ന പ്രചാരണങ്ങള്‍ സംഘടനാരംഗത്തെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതാക്കിയെന്നും അന്വേഷണ കമ്മീഷന്‍ വിലയിരുത്തി. കൊല്ലത്ത് മത്സരിച്ചത് പോളിറ്റ് ബ്യൂറൊ അംഗം തന്നെയായതിനാല്‍ വിജയിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതിന് അനുസൃതമായ പ്രവര്‍ത്തനം പ്രചാരണ രംഗത്തുണ്ടായില്ല. വിഭാഗീയമായ നീക്കങ്ങളും താഴെത്തട്ടില്‍ പ്രതിഫലിച്ചു. ആര്‍ എസ് പിയുടെ മുന്നണി മാറ്റത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ആര്‍ എസ് പിയെ പിണക്കേണ്ടിയിരുന്നില്ലെന്ന പ്രചാരണം അണികളില്‍ സൃഷ്ടിക്കപ്പെടുന്നതില്‍ മറുവിഭാഗം വിജയിച്ചു. കൊല്ലത്ത് പാര്‍ട്ടി സംവിധാനം ദുര്‍ബലമാണ്. തിരഞ്ഞെടുപ്പ് കമ്മറ്റികള്‍ കാര്യക്ഷമമായിരുന്നില്ല. ആര്‍ എസ് പിയുടേത് വഞ്ചനയായിരുന്നു. കൊല്ലത്തെ സംഘടന കൂട്ടായി മുന്നോട്ട് കൊണ്ടുപോകണം.
ആലപ്പുഴയില്‍ നിര്‍ത്തിയ സി ബി ചന്ദ്രബാബുവിനെ വോട്ടര്‍മാര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ ഒരു വിഭാഗം വിട്ടുനിന്നുവെന്ന നിരീക്ഷണം റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട്, വടകര സീറ്റുകളിലെ പരാജയം സംഘടനാ ദൗര്‍ബല്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ്. എ വിജയരാഘവനെ കോഴിക്കോട്ടും എ എന്‍ ശംസീറിനെ വടകരയിലും സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ തന്നെ ജില്ലാഘടകത്തില്‍ നിന്ന് എതിര്‍പ്പുണ്ടായെന്നും ഇത് തിരഞ്ഞെടുപ്പ് രംഗത്തും പ്രതിഫലിച്ചെന്നും അന്വേഷണ കമ്മീഷന്‍ വിലയിരുത്തി. പ്രധാന പ്രാദേശിക നേതാക്കളില്‍ പലരും തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നില്‍ക്കുകയോ നിര്‍ജ്ജീവമാകുകയോ ചെയ്തു. ഇത് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.