Connect with us

International

സിറിയയില്‍ സ്‌ഫോടനം: കുട്ടികള്‍ ഉള്‍പ്പെടെ 18 മരണം

Published

|

Last Updated

ഡമസ്‌കസ്: സിറിയയിലെ ഹംസിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. രണ്ട് കാര്‍ ബോംബ് സ്‌ഫോടനങ്ങളാണ് നഗരത്തിലുണ്ടായത്. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹംസിനടുത്തുള്ള അക്രമെയിലുണ്ടായ രണ്ട് കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇനിയും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും സംഘം കൂട്ടിച്ചേര്‍ത്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അക്രമെയിലെ അല്‍ മഖ്‌സൂമി സ്‌കൂളിനും സൈം ആശുപത്രിക്കും സമീപത്താണ് രണ്ട് സ്‌ഫോടനങ്ങള്‍ അരങ്ങേറിയതെന്ന് സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖല സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ പിന്തുണയുള്ള ശിയാ സംഘടനയുടെ ശക്തികേന്ദ്രമാണ്. ഇതിനുമുമ്പും ഈ സ്ഥലം ലക്ഷ്യമാക്കി ആക്രമണം ഉണ്ടായിരുന്നു. ജൂണ്‍ 19ന് ഉണ്ടായ കാര്‍ ബോംബ് സ്‌ഫോനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹംസ് നഗരം ആദ്യം വിമതര്‍ കൈയ്യടക്കിയെങ്കിലും പിന്നീട് ശക്തമായ ബോംബാക്രമണത്തിലൂടെ ബശര്‍ അസദ് പിടിച്ചെടുക്കുകയായിരുന്നു.

Latest