Connect with us

Business

സിയാല്‍ ലാഭവിഹിതമായി 17.76 കോടി രൂപ സര്‍ക്കാറിന് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2013-14 സാമ്പത്തിക വര്‍ഷത്തിലെ ലാഭ വിഹിതം സംസ്ഥാന സര്‍ക്കാറിന് നല്‍കി. 17.76 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ മന്ത്രി കെ ബാബു, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 361.39 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 124.37 കോടി രൂപയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തേക്കാള്‍ 11.68 ശതമാനം അധികമാണിത്. വരുമാനത്തില്‍ 17.9 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഓഹരിയുടമകള്‍ക്ക് 18 ശതമാനം ലാഭവിഹിതം നല്‍കാന്‍ സിയാലിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന് 32.24 ശതമാനം ഓഹരിയാണുള്ളത്. തുടക്കം മുതല്‍ക്കെ സ്ഥിരതയാര്‍ന്ന വളര്‍ച്ച സിയാല്‍ പ്രകടിപ്പിക്കുന്നുണ്ട്. 2003- 04 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായി ലാഭവിഹിതം നല്‍കിവരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ ഓഹരിയുടമകള്‍ക്ക് നിക്ഷേപത്തുകയുടെ 132 ശതമാനം മടക്കിനല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

കമ്പനിയുടെ ആകെ വരുമാനത്തിന്റെ 44.8 ശതമാനം ഭാഗം വ്യോമ ഗതാഗതേതര മാര്‍ഗത്തിലൂടെയാണ് ലഭിച്ചത്. വൈവിധ്യവത്ക്കരണത്തില്‍ സിയാല്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയം കൂടിയാണത്. അടുത്ത പത്ത് വര്‍ഷം കൊണ്ട് 3,000 കോടി വിറ്റുവരവുള്ള സ്ഥാപനമായി സിയാലിനെ ഉയര്‍ത്താനുള്ള ബൃഹദ് മാനേജ്‌മെന്റ് പദ്ധതി കമ്പനി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് കൈകാര്യം ചെയ്യുന്ന ശേഷിയിലും സിയാല്‍ വലിയ വളര്‍ച്ച പ്രകടിപ്പിക്കുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 54 ലക്ഷത്തോളം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗിച്ചത്. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര മികവുള്ള സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുതിയ രാജ്യാന്താര ടെര്‍മിനല്‍ സിയാല്‍ പണികഴിപ്പിക്കുകയാണ്. 850 കോടിയോളം രൂപ ചെലവുവരുന്ന പുതിയ ടെര്‍മിനല്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അഡീഷണല്‍ ചീഫ് സെക്രട്ടറിയും സിയാല്‍ മാനേജിംഗ് ഡയറക്ടറുമായ വി ജെ കുര്യന്‍ ഐ എ എസ്, കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.

Latest