Connect with us

Ongoing News

ടിന്റു, അഭിമാനം

Published

|

Last Updated

ഇഞ്ചോണ്‍: സീസണിലെ ഏറ്റവും മികച്ച സമയത്തില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം. 800 മീറ്ററില്‍ ഇന്ത്യയുടെ വെള്ളിപ്പറവയായ ടിന്റു ലൂക്ക ഒരിക്കല്‍കൂടി മലയാളത്തിന്റെ അഭിമാന നക്ഷത്രമായി മാറിയ ദിവസം. അവസാന അമ്പത് മീറ്ററില്‍ ലീഡ് നഷ്ടമാകാതെ നോക്കിയിരുന്നെങ്കില്‍ ടിന്റുവിന് സുവര്‍ണചരിതമെഴുതാമായിരുന്നു. മലയാളിയായ കെ എം ബീനമോള്‍ക്ക് ശേഷം 800 മീറ്ററില്‍ ഏഷ്യാഡ് സ്വര്‍ണമണിയുന്ന താരമെന്ന ഖ്യാതി ടിന്റുവിന്റെ മുഖത്ത് പൊന്‍ചിരി സമ്മാനിക്കുമായിരുന്നു. 2002 ബുസാന്‍ ഗെയിംസിലായിരുന്നു ബീനമോളുടെ നേട്ടം.
സീസണിലെ ഏറ്റവും മികച്ച സമയമായ 1:59.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് വെള്ളി നേടിയത്. നാലു വര്‍ഷം മുന്‍പ് ഗ്വാംഗ്ഷുവില്‍ വെങ്കലമാണ് ടിന്റുവിന് ലഭിച്ചത്. ടിന്റുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. അവസാന 50 മീറ്റര്‍ വരെ ലീഡ് ചെയ്തശേഷമാണ് ടിന്റുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. അവസാന നിമിഷത്തെ കുതിപ്പില്‍ ടിന്റുവിനെ മറികടന്ന് പുതിയ ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിച്ച കസാഖ്‌സ്താന്റെ മാര്‍ഗരിറ്റ മുകഷേവക്കാണ് സ്വര്‍ണം. 1:59.02 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ മുകഷേവ 1994ല്‍ ചൈനയുടെ യുന്‍ഷിയ കുറിച്ച 1:59.85 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് തിരുത്തിയത്. 1:59.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷാവോ ജിംഗ് വെങ്കലം നേടി. കരിയറിലെ ഏറ്റവും മികച്ച സമയത്തില്‍ ഓടിയ ഇന്ത്യയുടെ സുഷമ ദേവിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മികച്ച തുടക്കമായിരുന്നു ടിന്റുവിന്റെത്. ആദ്യത്തെ ടേണ്‍ മുതല്‍ തന്നെ ലീഡ് കൈവശപ്പെടുത്തിയാണ് പി ടി ഉഷയുടെ ശിഷ്യ കുതിച്ചത്. മുകഷേവയില്‍ നിന്നും ഷാവോയില്‍ നിന്നും കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും വിട്ടുകൊടുത്തില്ല. കസാഖിസ്ഥാന്‍ താരം ഇത് മുതലെടുത്തത് അവസാന ഘട്ടത്തിലാണ്. ടിന്റുവിന് പിറകില്‍ തന്റെ ഊര്‍ജം ഒളിപ്പിച്ചു വെച്ച മകഷേവ അവസാന 50 മീറ്ററില്‍ സ്പ്രിന്റ് വേഗം കൈവരിച്ചപ്പോള്‍ പോന്നത് ഗെയിംസ് റെക്കോര്‍ഡ് ! “ടിന്റുവാകട്ടെ അതുവരെ കാത്ത ഊര്‍ജം അവസാന ഘട്ടത്തില്‍ കൈവിട്ടു. തളര്‍ന്നവശയായതു കൊണ്ട് തന്നെ മകഷേവയുടെ ഓവര്‍ടേക്കിംഗ് ടിന്റുവില്‍ പുതിയൊരു പോരാട്ടത്തിനുള്ള മനസ്സ് നല്‍കിയില്ല. എങ്കിലും ഷാവോയ്ക്ക് മുന്നില്‍ ഫിനിഷ് ചെയ്യാനായത് ടിന്റുവിന്റെ മിടുക്ക് തന്നെ. ഈ സീസണില്‍ ഇതാദ്യമായാണ് ടിന്റു രണ്ടു മിനിറ്റിനുള്ളില്‍ ഫിനിഷ് ചെയ്യുന്നത്. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കുറിച്ച 2:03.35 സെക്കന്‍ഡായിരുന്നു ഈ സീണിലെ ഏറ്റവും മകച്ച സമയം.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളിതാരം സജീഷ് ജോസഫിന് ഏഴാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 1:49.59 സെക്കന്‍ഡിലാണ് സജീഷിന്റെ ഫിനിഷ്.
400 മീറ്റര്‍ ഹര്‍ഡില്‍സിലെ അശ്വിനി അകുഞ്ജിയുടെ പ്രകടനം. 57.52 സെക്കന്‍ഡിലാണ് അശ്വിനി നാലാമതായി ഫിനിഷ് ചെയ്തത്. 57.67 സെക്കന്‍ഡില്‍ ഓടിയ അശ്വിനിയുടെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 57.43 സെക്കന്‍ഡാണ്. തന്റെ ഏറ്റവും മികച്ച സമയമായ 56.15 സെക്കന്‍ഡ് ആവര്‍ത്തിച്ചിരുന്നെങ്കില്‍ അശ്വിനിക്ക് ഇവിടെ വെള്ളി അണിയാമായിരുന്നു. 56.15 സെക്കന്‍ഡില്‍ ഓടിയാണ് അശ്വിനി ഗ്വാങ്ഷുവില്‍ സ്വര്‍ണം നേടിയത്. 55.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മുജിദാത് അഡെകോയക്കാണ് സ്വര്‍ണം.
പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് മെഡലില്ല.

 

Latest