Connect with us

Gulf

ചൂടിനു ശമനം; ആശ്വാസം

Published

|

Last Updated

ഷാര്‍ജ: കടുത്ത ചൂടിനു ശമനം വന്നതോടെ ജനം ആശ്വാസത്തില്‍. കഴിഞ്ഞ ദിവസം തൊട്ടാണ് കൊടും ചൂടിനു കുറവ് വന്നു തുടങ്ങിയത്. ഉച്ച നേരങ്ങളില്‍ ചൂടുണ്ടെങ്കിലും പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കുറവാണ്. കാലാവസ്ഥയില്‍ പൊടുന്നനെയുണ്ടായ വ്യതിയാനം കൊടും ചൂട് മൂലം തളര്‍ന്നിരുന്ന ജനത്തിനു ആശ്വാസം പകര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ തണുത്തകാറ്റ് വീശിയിരുന്നു. ഇതിനു പുറമെ പൊടിക്കാറ്റും അനുഭവപ്പെട്ടു. ചൂടിനോടൊപ്പമുണ്ടായ പൊടിക്കാറ്റ് പ്രയാസം സൃഷ്ടിച്ചു. കാലാവസ്ഥ മാറ്റത്തിന്റെ സൂചനയായിരുന്നു ഈ പൊടിക്കാറ്റ്. കാറ്റ് ശമിച്ചതോടെയാണ് ചൂടിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങിയത്.
അതി കഠിനമായ ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടിരുന്നത്. ചൂടിന്റെ ശക്തി മൂലം ജനങ്ങള്‍ക്ക് വെളിയിലിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. പുറം ജോലികളില്‍ ഏര്‍പ്പെട്ടവരാണ് ഏറെ പ്രയാസം അനുഭവിച്ചത്. പ്രത്യേകിച്ച് നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍. വെളിയില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരും നന്നേ വിഷമിച്ചു. ഭക്ഷണശാലകളിലെ അടുക്കള ജോലിക്കാരുടെയും ഡെലിവറി ബോയ്കളുടെയും മറ്റും സ്ഥിതി ദയനീയമായിരുന്നു. ഒരു നിമിഷം പോലും ജോലിസ്ഥലത്ത് കഴിയാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. പുറത്തിറങ്ങി ഒരടി നടക്കുമ്പോഴേക്കും വിയര്‍ത്തു കുളിക്കുമായിരുന്നു.
താപം 50 ഡിഗ്രിയും കടന്നിരുന്നു ഇത്തവണ. കൊടും ചൂടിനിടെയായിരുന്നു പരിശുദ്ധ റമസാന്‍ കടന്നുപോയത്. ചൂടിന്റെ കാഠിന്യം സഹിക്കാന്‍ പറ്റാതെ പലരും തളര്‍ന്നു. അതേ സമയം, ശീതീകരിച്ച മുറികളില്‍ ജോലി ചെയ്തവര്‍ ആ ചൂടിന്റെ ആഘാതം ഏറ്റിരുന്നില്ല. പുറത്തിറങ്ങുമ്പോള്‍ മാത്രമാണവര്‍ക്കു കുറച്ചെങ്കിലും അനുഭവിക്കാനായത്. ചൂട് പരിഗണിച്ച് തൊഴിലാളികള്‍ക്ക് അധികൃതര്‍ ഉച്ച വിശ്രമം അനുവദിച്ചിരുന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരുന്നു കാലാവധി. ഇതു തൊഴിലാളികള്‍ക്കു ഏറെ പ്രയോജനപ്പെട്ടു. പ്രത്യേകിച്ച് നിര്‍മാണത്തൊഴിലാളികള്‍ക്ക്. വിശ്രമ കാലാവധി കഴിഞ്ഞിട്ടും ചൂടിന് ശക്തി കുറഞ്ഞിരുന്നില്ല. ചില ദിവസങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇതാകട്ടെ തൊഴിലാളികളുള്‍പ്പെടെയുള്ളവരെ ഏറെ വിഷമിപ്പിച്ചു. പലരും ജോലിക്കുപോകാന്‍ തന്നെ വൈമനസ്യം കാട്ടി. ചൂടു നിലനില്‍ക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ നിനക്കാതെയാണ് കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടത്. ചൂടിന് ശക്തി കുറഞ്ഞതോടെ ജനങ്ങളില്‍ ആശ്വാസവും ഉടലെടുത്തു.
സാധാരണഗതിയില്‍ സെപ്തംബര്‍ പകുതി ആകുമ്പോഴേക്കും ചൂട് കുറയാറുണ്ടായിരുന്നുവെന്നാണ് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മാസം കഴിയാറായിട്ടും കുറയുന്ന ലക്ഷണമൊന്നും പ്രകടമായിരുന്നില്ല.
അതേ സമയം, കാലാവസ്ഥ പ്രവചനം ശൈത്യം ആസന്നമാണെന്നായിരുന്നു. ഇതു ശരിവെക്കുന്നതാണ് ചൂടിന്റെ കുറവ്. ചൂട് നിമിത്തം പുലര്‍വേളകളില്‍പോലും ഒരടി നടക്കാന്‍ സാധിച്ചിരുന്നില്ല. അന്തരീക്ഷ ഈര്‍പ്പമായിരുന്നു അസഹനീയമായിരുന്നത്. അതു കൊണ്ടുതന്നെ ജോലി സ്ഥലങ്ങളിലെത്താന്‍ പലരും വാഹനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ചൂടു കുറഞ്ഞതോടെ ഇത്തരക്കാര്‍ കാല്‍നടയാത്രയും ആരംഭിച്ചിട്ടുണ്ട്.