Connect with us

Gulf

ദുബൈ മെട്രോ: ചുവപ്പ് പാത വേള്‍ഡ് എക്‌സ്‌പോ വരെ ദീര്‍ഘിപ്പിക്കുമെന്ന് ആര്‍ടിഎ

Published

|

Last Updated

new

ദുബൈ: മെട്രോ ചുവപ്പ് പാത വേള്‍ഡ് എക്‌സ്‌പോ 2020 ന്റെ സ്ഥലം വരെ ദീര്‍ഘിപ്പിക്കുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി. ദുബൈ ഇന്റര്‍നാഷനല്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിനെ 2019 ല്‍ ദുബൈ മെട്രോയുമായി യോജിപ്പിക്കും. വേള്‍ഡ് എക്‌സ്‌പോക്ക് ഒരു വര്‍ഷം മുമ്പ് ചുവപ്പ് പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ആര്‍ ടി എ പദ്ധതിയിടുന്നത്.
ചുവപ്പ് പാത വികസനം പൂര്‍ത്തിയാവുന്നതോടെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടി പാതക്കുണ്ടാവും. ഇതോടെ മെട്രോ പാത ദുബൈ ലാന്റിന്റെ അതിരിലോളം എത്തും. ഈ മേഖലയിലെ താമസക്കാര്‍ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കുമെല്ലാം ഇത് ഉപകാരപ്പെടും. ജബല്‍ അലി ഫ്രീസോണിനെ മുറിച്ചു കടന്നുള്ള പാതയാണ് ഈ മേഖലയിലേക്ക് പരിഗണിക്കുന്നവയില്‍ ഒന്ന്.
ദുബൈ മറീനയില്‍ നിന്നും അല്‍ മക്തൂം വിമാനത്താവള മേഖലയിലേക്ക് മെട്രോ എത്തിക്കുന്നത് ഉള്‍പ്പെടെ നാലു വഴികളാണ് പുതിയ മെട്രോ പാതക്കായി പരിഗണിക്കുന്നത്. ഇതില്‍ മൂന്നും ജബല്‍ അലി ഫ്രീസോണിന്റെ വിവിധ ഭാഗങ്ങളിലൂടെയാണ്. മറീനയിലൂടെ കടന്നു പോകുന്ന പാതയാണ് പരിഗണിക്കുന്നതെങ്കില്‍ ജുമൈറ പാര്‍ക്കിന് സമീപത്തു കൂടി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമാന്തരമായാവും നിര്‍മിക്കുക. അടുത്ത വര്‍ഷമായിരിക്കും ഏത് വഴിയിലൂടെ മെട്രോ ചുവപ്പ് പാത അല്‍ മക്തൂം വിമാനത്താവളത്തിലേക്കും സമീപത്തെ എക്‌സ്‌പോ 2020 സ്ഥലത്തേക്കും ദീര്‍ഘിപ്പിക്കാമെന്ന് അന്തിമമായി തീരുമാനിക്കുക. വേള്‍ഡ് എക്‌സ്‌പോ 2020 എന്ന മഹാമേളയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ആര്‍ ടി എ മെട്രോ ദീര്‍ഘിപ്പിക്കാന്‍ പദ്ധതിയിടുന്നത്.
2.5 കോടി സന്ദര്‍ശകരാവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സ്‌പോക്കായി നഗരത്തില്‍ എത്തുക. ആറു മാസമാണ് വേള്‍ഡ് എക്‌സപോയുടെ കാലാവധി. മെട്രോ ദീര്‍ഘിപ്പിച്ചാല്‍ നഗരവാസികളില്‍ പുതിയൊരു വിഭാഗത്തിന് കൂടി നേട്ടം ലഭിക്കും.
വേള്‍ഡ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട് പശ്ചാത്തല വികസനത്തിനായി 3,000 കോടി ദിര്‍ഹമാണ് ദുബൈ ചെലവഴിക്കേണ്ടി വരിക. എക്‌സ്ബിഷന്‍ യാഡിനും സമീപപ്രദേശങ്ങളുടെ സജ്ജീകരണങ്ങള്‍ക്കുമെല്ലാമായാണ് ഇത്രയും തുക വിനിയോഗിക്കേണ്ടി വരിക.
ഇതോടൊപ്പം നഗരത്തിലെ റോഡുകള്‍ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്. ഇതിനായും പണം ചെലവഴിക്കേണ്ടി വരും. പുതിയ റോഡുകളും എക്‌സ്‌പോയെ വരവേല്‍ക്കാന്‍ ആവശ്യമായി വരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടിരിക്കുന്നത്. ഈ വഴികളില്‍ കൂടുതല്‍ ബസുകളും ടാക്‌സികളും സര്‍വീസിനായി വേണ്ടി വരും. റോഡിനൊപ്പം എക്‌സ്‌പോയിലേക്ക് എത്തുന്ന കാല്‍നടക്കാര്‍ക്കും മതിയായ സൗകര്യം ഒരുക്കേണ്ടി വരും.
ഇതിനായി പ്രത്യേക പാതകള്‍ ആവശ്യമാവും. 2018 ആവുമ്പോഴേക്കും ഇത്തിഹാദ് റെയിലും യാഥാര്‍ഥ്യമാവും. റെയില്‍പാത വരുന്നതോടെ ഗതാഗത രംഗത്ത് രാജ്യത്തിന് വന്‍ പുരോഗതിയാവും ഉണ്ടാവുകയെന്നും ആര്‍ ടി എ ചെയര്‍മാന്‍ വ്യക്തമാക്കി.