Connect with us

Kerala

ഭൂമിയുടെ ന്യായ വിലവര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 50 ശതമാനം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ തീരുമാനിച്ച രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് നികുതിയുടെ വര്‍ധനയും കുറക്കേണ്ടെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ ഗവര്‍ണറുടെ അനുമതിക്ക് അയക്കും. രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് നികുതി കൂട്ടിയത് കുറക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നികുതി വര്‍ധന തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതികള്‍ കൂട്ടിയേ മതിയാകൂ എന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതോടെ ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്റ്റാമ്പ് നികുതി വര്‍ധിക്കും. 1000 രൂപ എന്ന സീലിംഗ് നീക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഭാഗം , റിലീസ് എന്നിവക്ക് ഒരു ശതമാനവും ദാനം, സെറ്റില്‍മെന്റ് എന്നിവക്ക് രണ്ട് ശതമാനവും ആയിരിക്കും ഇനി മുതല്‍ സ്റ്റാമ്പ് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍ ഫീസ് ഭൂമി വിലയുടെ ഒരു ശതമാനമായിരിക്കും. 25,000 രൂപയെന്ന് സീലിംഗ് ഇതോടെ ഇല്ലാതെയാകും.
ഭൂമിയുടെ ന്യായവില 50 ശതമാനം കൂടുന്നതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനം ഗണ്യമായി കൂടും. സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ന്യായവില 2010 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നതാണെങ്കിലും 2006ല്‍ കണക്കാക്കിയ വിലയാണിത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ നടത്തിയ വിലയിരുത്തലുകളിലും എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളിലും കമ്പോള വിലയിലും വളരെ താഴ്ത്തിയാണ് ന്യായവില നിശ്ചയിച്ചിരിക്കുന്നതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
ഭൂമിയുടെ കമ്പോളവില വളരെയധികം ഉയര്‍ന്നെങ്കിലും ഭൂമിയുടെ കൈമാറ്റത്തിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനത്തില്‍ ഭീമമായ നഷ്ടം സംഭവിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മുമ്പ് നിലവിലുണ്ടായിരുന്ന ഏഴ് ശതമാനം, എട്ട് ശതമാനം, ഒമ്പത് ശതമാനം എന്നീ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ ആദ്യം അഞ്ച് ശതമാനം, ആറ് ശതമാനം, ഏഴ് ശതമാനം നിരക്കിലാക്കി കുറക്കുകയും പിന്നീടത് ആറ് ശതമാനം ആക്കി ഏകീകരിക്കുകയും ചെയ്തു. ഇതുമൂലം സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തിലും കുറവുണ്ടായി.
ഇപ്പോള്‍ തന്നെ ആളുകള്‍ വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നത് ന്യായവിലയുടെ 30 ശതമാനം വരെയുള്ള അധിക തുക ആധാരത്തില്‍ കാണിച്ചാണ്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിക്കുന്നത്. അതേസമയം, നിലവിലുള്ള ന്യായവില സംബന്ധിച്ച് ധാരാളം പരാതികള്‍ ഉണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയപാതയുടെ സമീപത്തുള്ള വലിയ പ്ലോട്ടുകളില്‍ റോഡ് ഫ്രണ്ടേജ് ഉള്ള സ്ഥലത്തിനും അതിന് ഏറ്റവും പിറകില്‍ റോഡ് ഫ്രണ്ടേജ് ഇല്ലാത്ത സ്ഥലത്തിനും ഒരേ വിലയാണു നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ രണ്ടു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
സമീപത്തുള്ളതും സമാനമായതുമായ അഞ്ച് പ്ലോട്ടുകളുടെ വിലകളുടെ ശരാശരിയെടുത്ത് വില നിശ്ചയിക്കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കും. ഇത്തരം അപേക്ഷകളില്‍ 60 ദിവസംകൊണ്ട് തീരുമാനമെടുക്കണം. 2010 ല്‍ ന്യായവില നിര്‍ണയിച്ചപ്പോള്‍ ഒരു ലക്ഷത്തോളം പരാതികള്‍ ലഭിച്ചിരുന്നു. ഇവയില്‍ 98,000 എണ്ണത്തില്‍ തീര്‍പ്പായി. ബാക്കിയുള്ളവയില്‍ അടിയന്തരമായി തീര്‍പ്പുണ്ടാകണം. ഈ സാഹചര്യത്തില്‍ കലക്ടര്‍മാര്‍ സ്‌പെഷ്യല്‍ ന്യായവില അദാലത്തുകള്‍ നടത്തും. ന്യായവില സംബന്ധിച്ച പരാതികളില്‍ തീരുമാനം വൈകുന്നത് മൂലം പലപ്പോഴും രജിസ്‌ട്രേഷന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കും. 50 ശതമാനം നിരക്കു വര്‍ധനയുടെ മൂന്നിലൊന്ന് കിഴിച്ച് രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. മൂന്നില്‍ രണ്ടിന് ആനുപാതികമായ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും രജിസ്‌ട്രേഷന്‍ സമയത്ത് അടച്ചാല്‍ മതി.