Connect with us

Malappuram

പോരൂരില്‍ ലീഗ് അംഗത്തിനെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരും

Published

|

Last Updated

വണ്ടൂര്‍: യു ഡി എഫ് സംവിധാനം തകര്‍ന്ന പോരൂര്‍ പഞ്ചായത്തില്‍ മുസ്്‌ലിംലീഗ് അംഗത്തിനെതിരെ കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി.
ഭിന്നതയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച എന്‍ എം ശങ്കരന്‍ നമ്പൂതിരിയാണ് ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസത്തിന് കത്ത് നല്‍കിയത്. ഈ മാസം ഏഴിന് ഇവിടെ അവിശ്വാസ വോട്ടെടുപ്പ് നടന്നേക്കും. ഗ്രാമപഞ്ചായത്തില്‍ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം മുസ്്‌ലിംലീഗിന് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മുസ്്‌ലിംലീഗ് ഇവിടെ യു ഡി എഫില്‍ നിന്നും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് ഇരുപാര്‍ട്ടികളും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പാലിക്കണമെന്നായിരുന്നു മുസ്്‌ലിംലീഗിന്റെ ആവശ്യം. എന്നാല്‍ ഇത്തരമൊരു ധാരണ ഉണ്ടാക്കയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. മുസ്്‌ലിംലീഗ് അവിശ്വാസത്തിന് കത്ത് നല്‍കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭാരവാഹിയും പഞ്ചായത്ത് പ്രസിഡന്റുമായ എന്‍എം ശങ്കരന്‍ നമ്പൂതിരി രാജിവെച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന മുസ്്‌ലിംലീഗിലെ എം സീനത്താണ് താത്കാലികമായി പ്രസിഡന്റ് സ്ഥാനത്തുള്ളത്. എന്നാല്‍ മുസ്്‌ലിംലീഗിന് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസും അവിശ്വാസം കൊണ്ടുവരികയായിരുന്നു. വോട്ടെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിക്ക് സി പി എം വോട്ട് നല്‍കുമോയെന്നറിയാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം കൂടിയാണ് ഈ അവിശ്വാസ വോട്ടെടുപ്പ്.

Latest