Connect with us

Malappuram

ഓണ്‍ലൈന്‍ ആരോഗ്യ രേഖ പദ്ധതിയുമായി നിലമ്പൂര്‍ നഗരസഭ

Published

|

Last Updated

നിലമ്പൂര്‍: ഓരോ കുടുംബത്തിന്റേയും സമ്പൂര്‍ണ ആരോഗ്യ വിവരങ്ങളുള്‍പ്പെടുന്ന ഓണ്‍ലൈന്‍ ആരോഗ്യ രേഖ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭയാകാന്‍ നിലമ്പൂര്‍ തയ്യാറെടുക്കുന്നു. രോഗം നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സയിലൂടെ രോഗശാന്തി നല്‍കാനാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വ്യക്തിയുടെയും ആരോഗ്യ രേഖ അധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് പ്രത്യേക പാസ്‌വേര്‍ഡും നല്‍കും. പദ്ധതിയിലൂടെ ലോകത്തെവിടെ നിന്നും നിലമ്പൂരുകാരന് ഓണ്‍ലൈനിലൂടെ രോഗ വിവരങ്ങളും പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യരേഖ വഴി ഫലപ്രദമായ ചികിത്സ തേടാം. പുതിയ പരിശോധനാ ഫലങ്ങളും രോഗവിവരങ്ങളും ആരോഗ്യ രേഖയില്‍ അവര്‍ക്ക് തന്നെ കൂട്ടിച്ചേര്‍ക്കാനും കഴിയും പ്രവാസികള്‍ക്കും അന്യ സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്കും വരെ ഓണ്‍ലൈന്‍ ആരോഗ്യ രേഖയുടെ പ്രയോജനം ലഭിക്കും. നിലമ്പൂരില്‍ ക്യാന്‍സറും ഹൃദ്രോഗങ്ങളും മറ്റു ജീവിതശൈലീ രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യത്തിലാണ് നഗരസഭ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കാനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റേയും സഹകരണത്തോടെയാണ് നഗരസഭ മുഴുവന്‍ വീടുകളിലും സര്‍വ്വെ നടത്തി ഓണ്‍ലൈന്‍ ആരോഗ്യരേഖ തയ്യാറാക്കുന്നത്. ആശ വളണ്ടിയര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് സര്‍വെ നടത്തുക. നവമ്പര്‍ ഒന്നിനാരംഭിക്കുന്ന സര്‍വ്വെ ഒരുമാസത്തിനകം പൂര്‍ത്തിയാക്കും. പ്രമേഹം, പ്രഷര്‍, ഉയരം, തൂക്കം എന്നിവയെല്ലാം വീട്ടില്‍ വെച്ച് തന്നെ പരിശോധിക്കും. കൂടുതല്‍ പരിശോധനകള്‍ വേണമെങ്കില്‍ ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ വെച്ച് നടത്തും. കിടപ്പിലായ രോഗികള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പിയും കൗണ്‍സിലിംഗ് സേവനവും നിലമ്പൂരില്‍ തുടങ്ങിയിട്ടുണ്ട്.
ആരോഗ്യ രംഗത്തെ അപര്യപ്തതകള്‍ ഇല്ലാതാക്കാന്‍ ഒരുവര്‍ഷം മുമ്പ് മലബാര്‍ ഗ്രൂപ്പുമായി സഹകരിച്ചു തുടങ്ങിയ അയുഷ് പദ്ധതി ഒരു വര്‍ഷത്തേക്കും കൂടി നീട്ടിയിട്ടുമുണ്ട്. ഇതുവരെ നിലമ്പൂര്‍ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് മാത്രമേ മറ്റ് ആശുപത്രികളില്‍ ഇതിന്റെ ചികിത്സ നല്‍കിയിരുന്നുള്ളു. എന്നാല്‍ ഇനി മുതല്‍ പെരിന്തല്‍മണ്ണ മൗലാന, എം ഇ എസ് ആശുപത്രികളില്‍ നേരിട്ട് ആയുഷ് പദ്ധതിയിലുള്ള രോഗികള്‍ക്ക് ചികിത്സ തേടാം. ഇവര്‍ക്ക് 90,000 രൂപയുടെ സൗജന്യ ചികിത്സയാണ് പദ്ധതിയനുസരിച്ച് ലഭിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

Latest