Connect with us

Palakkad

സ്വര്‍ണാഭരണ മോഷണം: അന്വേഷണം മന്ദഗതിയില്‍

Published

|

Last Updated

പട്ടാമ്പി : കൊപ്പം ആമയൂരിലെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. മോഷണം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുകയാണ്.
മോഷണം നടന്ന വീട്ടുകാരുടെ മൊഴിയനുസരിച്ച്് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. തലയില്‍ മുണ്ടിട്ട ഒരാള്‍ ഓടുന്നത് കണ്ടെന്ന വീട്ടുകാരു—ടെ മൊഴിയനുസരിച്ച് രേഖാ ചിത്രം തയ്യാറാക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഇരുനില വീടിന്റ മുകളിലെ നിലയിലേക്ക് കോണി കയറി എത്തി മോഷണം നടത്താന്‍ നേരത്തെ വീടുമായി പരിചയമുള്ളവരാകാമെന്ന സംശയവും പോലീസിനുണ്ട്. എന്നാല്‍ കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ആമയൂര്‍ കല്ലേക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റ വീട്ടില്‍ നിന്നും 29 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത് ഓഗസ്റ്റ് രണ്ടിന് പുലര്‍ച്ചെയായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാരുടെ ദേഹത്തുള്ള ആഭരണങ്ങളുമാണ് മോഷണം പോയത്.
കുഞ്ഞുമുഹമ്മദിന്റ മകന്‍ മൊയ്തീനും ഭാര്യ ഹസീനയും മക്കളും ഉമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങില്‍ കോണി ചാരിവെച്ച നിലയിലായിരുന്നു. അതിലൂടെയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്നാണ് നിഗമനം. ഷൊര്‍ണൂര്‍ ഡി വൈ എസ്പി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പട്ടാമ്പി സിഐ ജോണ്‍സന് ആണ് അന്വേഷണ ചുമതല.

Latest